Cricket Editorial Stories Top News

വൈകിയെത്തിയ നീതി…തികച്ചും വേദനാജനകം…

October 1, 2019

വൈകിയെത്തിയ നീതി…തികച്ചും വേദനാജനകം…

മുകളിലെ വാചകങ്ങൾ എന്തോ വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു, ഒരുപക്ഷെ എന്നും അയാളെ വിശ്വസിച്ചതുകൊണ്ടാവും അതല്ലെങ്കിൽ ആ റിസ്റ്റിൽ നിന്ന് ഉൽഭവിക്കുന്ന മനോഹരമായ ഔട്ട്‌ സ്വിങ്ങറുകൾ ഒരുപാട് ആരാധിച്ചതുകൊണ്ടോ, എന്തോ വിശ്വാസമാണ് ഇഷ്ടമാണ് ആ മനുഷ്യനെ, കയ്യിൽ നിന്നു വിട്ടുപോയെന്ന് ടീം വിധിയെഴുതിയ പല കളികളിലും അയാൾ തന്റെ ആവേശം കുറയാതെ സൂക്ഷിച്ചിരുന്നു, തന്റെ നീളമേറിയ ആ റൺ അപ്പും, ആ എനർജിയും തോറ്റെന്നുറപ്പിച്ച കളിയിലും നൂറു ശതമാനം ആത്മാർത്ഥതയോടെ ഉപയോഗിച്ച ആ മുഖം, എന്നും കളിക്കളത്തിൽ ജയിക്കാനാഗ്രഹിച്ച ആ മനസ്സ്, പണത്തിനു മുന്നിൽ വീണുപ്പോവുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.. എന്നെപ്പോലുള്ള ഒരുപാട് പേർ ഇഷ്ടപെടുമ്പോഴും അയാളെ ഇഷ്ടപെടാത്ത ഒരുപാട് പേരുണ്ടെന്ന സത്യവും എനിക്കറിയാം, അവർക്കും നിരത്തിവെച്ചു വാദിക്കാൻ അവരുടേതായ കാരണങ്ങളും കാണും…

അയാൾ ഒരിക്കലും ലോകത്തിലെ ഏറ്റവും മികച്ചൊരു ബൗളർ ആയിരുന്നില്ല പക്ഷേ ഒരു മലയാളി എന്ന നിലയിൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്നെ പോലുള്ള കുറെ ആളുകളുടെ അഭിമാനമായിരുന്നു ശ്രീശാന്ത്. അതെ ഇന്ത്യ ജന്മം കൊടുത്ത മികച്ചൊരു ഫാസ്റ്റ് ബൗളറായിരുന്നു ശ്രീശാന്ത് എന്ന കാര്യത്തിൽ ഒരു തർക്കവുമുണ്ടാവാൻ സാധ്യതയില്ല, അതുകൊണ്ടാക്കെയാവാം ഈ തലമുറയിലെ മികച്ച ഫാസ്റ്റ് ബൗളറെന്ന് ലോകം വിധിയെഴുതിയ സാക്ഷാൽ ഡെയിൽ സ്റ്റെയ്ൻ വരെ ശ്രീയുടെ സീം പൊസിഷനെ കുറിച്ച് ഒരുപാട് ഒരിക്കൽ വാചാലനായത്….

2006 ൽ വെസ്റ്റ് ഇൻഡീസിലും സൗത്ത് ആഫ്രിക്കയിലും ഇന്ത്യ ജയിച്ച ടെസ്റ്റുകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതായിരുന്നു. പക്ഷെ നമ്മുടെ മീഡിയ അദ്ദേഹത്തിന്റെ കഴിവിനേക്കാൾ മുകളിൽ അദ്ദേഹത്തിന്റെ “antics “ആയിരുന്നു ഉയർത്തിക്കാട്ടാൻ ശ്രമിച്ചിരുന്നത് അങ്ങനെ അദ്ദേഹത്തിന് കളിക്കളത്തിലെ ബാഡ് ബോയ് എന്ന ഒരു വിശേഷണവും വീണു കിട്ടി.

ഒരു ഐപിഎൽ മത്സരത്തിന്റെ അവസാനം ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചപ്പോഴും സിംഗിന്റെ ആ പ്രവർത്തിയെ ഒരുപാട് പേർ ഹീറോ പരിവേഷം നൽകി ആഘോഷമാക്കിയപ്പോൾ വിക്‌ടിം ആയ ശ്രീശാന്തിനെ എല്ലാവരും ഒരു കോമാളിയായി ചിത്രീകരിച്ചു, അദ്ദേഹമൊരു മികച്ച സ്വഭാവത്തിനു ഉടമയാണെന്ന് ഞാനും വാദിക്കുന്നില്ല പക്ഷേ എല്ലാവർക്കും അവരുടേതായ കുറ്റങ്ങളും കുറവുകളും, ഉണ്ടായേക്കാം… അദ്ദേഹത്തിന്റെ ഈ അവസ്ഥക്ക് ഒരർത്ഥത്തിൽ നമ്മളെല്ലാവരും കാരണക്കാരല്ലേ……

2006ൽ ഇന്ത്യ ആദ്യമായി സൗത്താഫ്രിക്കയിൽ ഒരു ടെസ്റ്റ് വിജയിച്ചപ്പോൾ ശ്രീശാന്ത് ആയിരുന്നു അവിടെ കളിയിലെ താരമായിരുന്നത് ,ആ സീരീസിൽ ഡർബനിൽ കാലിസിനെ പുറത്താക്കിയ ആ മാജിക്കൽ ബോൾ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഒരാരാധകൻ എങ്ങനെ മറക്കും. അതുപോലെ എത്രയെത്ര പ്രകടനങ്ങൾ 2007ലെ ആദ്യ ട്വന്റി20 വേൾഡ് കപ്പ് സെമിഫൈനലിൽ അദ്ദേഹത്തിന്റെ ആ തീ പാറിയ സ്പെൽ നമ്മൾക്ക് മറക്കാൻ സാധിക്കുമോ, ഹെയ്ഡന്റെയും, ഗില്ലിയുടെയും സ്റ്റമ്പുകൾ പറന്ന ആ കാഴ്ച്ച 12 വർഷങ്ങൾ കഴിയുമ്പോഴും നമ്മളെ ഇപ്പോഴും കോരി തരിപ്പിക്കുന്നത് അയാൾ ഒരു മലയാളി ആയതുകൊണ്ട് മാത്രമല്ല, കുഞ്ഞു നാളുകളിൽ വിദേശ ബൗളർമാർ ഇന്ത്യൻ ബാറ്സ്മാന്മാരുടെ സ്റ്റമ്പുകൾ പിഴുതെറിയുമ്പോൾ നമ്മളും അഗ്ഗ്രഹിച്ചിരുന്നു ഇങ്ങെനെയൊരു നിമിഷം… അയാൾ രണ്ടു വേൾഡ് കപ്പ് ഇന്ത്യയ്ക്ക് നേടിത്തന്ന ടീമിലെ അംഗം ആണെന്ന കാര്യം പോലും നമ്മൾ പലപ്പോഴും മറന്നുപോകുന്നു അതെ നമ്മൾ ആരാധകർ അങ്ങനെയാണ് ചില കാര്യങ്ങൾ പെട്ടെന്നു മറക്കും.

ശ്രീശാന്ത് ഐപിൽ ൽ മാച്ച് ഫിക്സിങ് നടത്തി എന്ന വാർത്ത ഞെട്ടലോടെ കേട്ട ആ നിമിഷം ഇന്നും ഓർക്കുന്നു,….. “എന്തായിരുന്നു അവന്റെ അഹങ്കാരം കളിക്കളത്തിൽ, അവൻ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും, അതെ അപ്പോഴേക്കും അയാളെ ഒരുപാട് പേർ കുറ്റക്കാരനാക്കി കഴിഞ്ഞിരുന്നു… ഇന്നിപ്പോൾ കാലം എല്ലാം തെളിയിച്ചിരിക്കുന്നു, അയാളെ കോടതിയും ക്രിക്കറ്റ്‌ ബോർഡും കുറ്റവിമുക്തനാക്കിയിരുന്നു, പക്ഷെ ഇനി ആ പഴയ ശ്രീയുടെ ചുറുചുറുക്കും, ആവേശം തുളുമ്പിയ ആ ശരീരവും കളിക്കളത്തിൽ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാകും എന്നറിയാം, എന്നാലും ആഗ്രഹിക്കുന്നു ഒരിക്കൽ, ഒരേ ഒരു തവണ കൂടി, ആ മനോഹര ആക്ഷനിൽ, സ്റ്റെയ്നിനെ പോലും അത്ഭുതപ്പെടുത്തിയ സീം പൊസിഷനിൽ പിച്ചിൽ ചുംബിക്കുന്ന ആ ഔട്ട്‌ സ്വിങ്ങറുകൾ വീക്ഷിക്കാൻ…. അതെ വിധി അയാളെ ആ ഇരുമ്പഴിക്കുളിൽ ഒതുക്കിയപ്പോൾ അയാളെ പോലെ നമ്മൾക്കും നഷ്ടപ്പെട്ടു പലതും,അല്ലെങ്കിൽ ഇന്നാ മുഖം ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരുടെ ആ നിരയിൽ നിവർന്നു നിന്നേന്നെ….

അയാളെ കുറ്റപ്പെടുത്തുന്നവർക്ക് ഇനിയും അത് തുടരാം, പക്ഷെ ആ മുഖം കേരളത്തിലെ ഓരോ വളർന്നു തരുന്ന യുവതാരങ്ങൾക്കും ഒരു പ്രചോദനം തന്നെയാണ്. കഴിവ് ഉണ്ടെങ്കിൽ കഠിനാധ്വാനം ചെയ്താൽ ഇന്ത്യൻ ടീമിൽ ഏവർക്കും എത്തിച്ചേരാം എന്ന് അയാൾ ഒരിക്കൽ കേരളത്തിലെ ജനതക്ക് കാണിച്ചു കൊടുത്തിരുന്നു.

ഒരുപാട് ഇഷ്ടമാണ് ശ്രീശാന്ത് നിങ്ങളെ….

HE DIDNT RESERVE TO BE HAILED,BUT THEN HE DIDNT DESERVE TO BE RIDICULED EITHER’……….

എഴുതിയത്
Pranav Thekkedath

Leave a comment

Your email address will not be published. Required fields are marked *