Cricket legends Stories Top News

ഓർമ്മയിലെ മുഖങ്ങൾ – മാർക്ക്‌ വോ

September 2, 2019

ഓർമ്മയിലെ മുഖങ്ങൾ – മാർക്ക്‌ വോ

സ്റ്റീവോ ജനിച്ചതിന് നാലു മിനിറ്റ് ശേഷമായിരുന്നു ലോകക്രിക്കറ്റിലെ സ്റ്റൈലിഷ് ബാറ്റ്സ്മാൻമാരിൽ ഒരാളായ മാർക്ക് വോയുടെ ജനനം. ഗിഫ്റ്റഡ്, നാച്ചുറൽ, എലഗന്റ്, എന്നീ വാക്കുകൾ പോരാതെ വരും മാർക്ക് വോയെ പ്രശംസിക്കാൻ. തന്റെ കാൽവിരലിൽ ഊന്നിയുള്ള ഷോട്സ്, അല്ലെങ്കിൽ ഒരു സ്റ്റൈലിഷ് സ്ക്വയർ കട്ട്, എന്നിങ്ങെനെയുള്ള നയനമനോഹരമായ ഷോട്ടുകളിലൂടെ അദ്ദേഹം ബാറ്റിംഗിനെ അതുവരെ ആർക്കും പരിചയമില്ലാത്ത ഒരു ലോകത്തേക്ക് എത്തിച്ചിരുന്നു.

“EFFORTLESS” എന്ന വാക്കാണ് മാർക്ക് വോയെ വിവരിക്കാൻ ഏറ്റവും അനുയോജ്യം, അദ്ദേഹത്തിന്റെ ആ കാലങ്ങളിലെ സ്ട്രോക്ക് പ്ലേയും , ഫീൽഡിൽ എടുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളും അത് വ്യക്തമാക്കുന്നതായിരുന്നു. 1980കളിൽ തന്റെ സഹോദരനായ സ്റ്റീവോയുടെ നിഴലിലായിരുന്നു മാർക്ക് വോ. പക്ഷേ 1988ൽ മാർക്ക് ടെയിലറിന് പകരം എസ്സക്സിലെത്തി നടത്തിയ മികച്ച പ്രകടനങ്ങളാണ് മാർക്ക് വോയെ ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നത് .

അധികം വൈകാതെ ഇന്റർനാഷണൽ ക്രിക്കറ്റിൽ മാർക്ക് വോ അരങ്ങേറ്റം കുറിച്ചു. ഒരു മികച്ച ബാറ്റ്സ്മാൻ മാത്രമായിരുന്നില്ല മാർക്ക് വോ, ഒരു പാർട്ണർഷിപ്പ് ബ്രേക്കർ ബൗളർ കൂടിയായിരുന്നു അയാൾ. പിടി തരാതെ എതിർ ടീം ബാറ്റസ്മാൻമാർ മുന്നേറുന്ന പല സമയങ്ങളിലും മാർക്ക്‌ വോയുടെ കൈകൾ നായകന്റെ രക്ഷക്കെത്തിയിരുന്നു. 1988ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ആ നാളുകളിൽ അയാൾ അലസമായി വിക്കറ്റുകൾ കളഞ്ഞു കുളിച്ചപ്പോൾ, വിമര്ശനവും ആവോളം അയാളെ തേടി എത്തുകയുണ്ടായി. പക്ഷെ അദ്ദേഹത്തിലെ കഴിവുകളെ സെലെക്ടർസ് വിശ്വസിച്ചപ്പോൾ മോശം ഫോമിലായിരുന്ന തന്റെ ജ്യേഷ്ഠന് പകരമായി അയാൾ തന്റെ ടെസ്റ്റ്‌ അരങ്ങേറ്റവും നടത്തുകയുണ്ടായി. ഏവരും ഉറ്റുനോക്കുന്ന ആ ആഷസ് സീരിയസിൽ അഡ്‌ലൈഡിലെ തന്റെ അരങ്ങേറ്റം ശതകമാക്കി മാറ്റി തന്റെ സ്ഥാനം ആ ടീമിൽ ഉറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

1994 മുതൽ മാർക്ക്‌വോ ഒരുപാട് ഉയരങ്ങളിലേക്ക് വളരുന്നതായിരുന്നു ക്രിക്കറ്റ്‌ ലോകം കണ്ടത്, രണ്ടു ഫോര്മാറ്റുകളിലും റൺസുകൾ വാരിക്കൂട്ടി ആ കാലത്തെ മികച്ച ബാറ്സ്മാന്മാരുടെ ലിസ്റ്റിൽ അയാളും അറിയപ്പെടാൻ തുടങ്ങി.
ജൂനിയർ എന്ന് വിളിപ്പേരുള്ള മാർക്ക്‌ വോയുടെ ഏകദിന കരിയറിലെ ചില മികച്ച ബാറ്റിംഗ് പെർഫോമൻസുകൾക്ക് സാക്ഷ്യംവഹിച്ചത് 1996ലെ വേൾഡ് കപ്പായിരുന്നു, ഫൈനലിൽ മരതക ദ്വീപുകാർക്ക്‌ മുന്നിൽ വീണുപോയെങ്കിലും ആ ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറികളും, തന്റെ സഹോദരനുമായി 207 റൺസിന്റെ ഒരു മികച്ച കൂട്ടുകെട്ടും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി.

1999ൽ തന്റെ സഹോദരന്റെ നായക മികവിൽ ആ വിശ്വ കപ്പ് കങ്കാരുക്കൾ സ്വന്തമാക്കിയപ്പോൾ അവിടെയും അയാൾ തിളങ്ങി നിന്നിരുന്നു. തോല്പിയ്ക്കാൻ കഴിയാത്തവർ എന്ന ലേബലിലേക്ക് ഓസ്‌ട്രേലിയ നടന്നു നീങ്ങിയതിന് പിന്നിൽ അയാളും ഒരു കാരണക്കാരനായി മാറി.

ഒരു മികച്ച കരിയർ നിർമ്മിക്കാൻ സാധിച്ചിരുന്നെങ്കിലും അത് തന്റെ ആഗ്രഹപ്രകാരം അവസാനിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. 2001-2002 സീസണിൽ അയാൾ രണ്ടു ഫോര്മാറ്റിലും പിറകിലോട്ട് സഞ്ചരിച്ചപ്പോൾ, അടുത്ത വർഷത്തേക്കുള്ള വേൾഡ് കപ്പിന് വേണ്ടി ടീമിനെ സജ്ജമാക്കാൻ സെലെക്ടർസ് തീരുമാനിച്ച ആ സാഹചര്യത്തിൽ അദ്ദേഹത്തിന് തന്റെ ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. തുടർന്ന് ജൂനിയർ ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിട പറയുകയും ചെയ്തു.

ഒരുകാലത്തു ക്രിക്കറ്റിലെ മനോഹര ദൃശ്യങ്ങളിൽ ഒന്നായിരുന്നു മാർക്ക്‌ വോ. ഓരോ ഷോട്ടുകളിലും അയാൾ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. തന്റെ കരിയറിൽ 2 ഫോർമാറ്റുകളിൽ നേടിയ പതിനാറായിരം റൺസും 289 ക്യാച്ചുകളും അദ്ദേഹത്തിന്റെ കഴിവ് വെച്ച് നോക്കുമ്പോൾ വളരെ ചെറുതായിരുന്നു.

“Most elegant and graceful cricketer of the modern era” അതെ ബ്രാഡ്മാൻ മാർക്ക് വോയെക്കുറിച്ച് പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം!!!!!

Leave a comment

Your email address will not be published. Required fields are marked *