Badminton Editorial legends Stories Top News

മാനസി ജോഷി; മനക്കരുത്തു കൊണ്ടു ലോകം ജയിച്ചവൾ

August 28, 2019

author:

മാനസി ജോഷി; മനക്കരുത്തു കൊണ്ടു ലോകം ജയിച്ചവൾ

കായികതാരങ്ങളുടെ ജീവിതകഥകൾ എന്നും യുവതലമുറയ്ക്കു പ്രചോദനമായിരുന്നു. വെല്ലുവിളികളെ സധൈര്യം നേരിട്ടു വിജയങ്ങൾ വെട്ടിപ്പിടിച്ച മഹാന്മാരായ കളിക്കാരോട് ആർക്കാണ് ആരാധന തോന്നാത്തത്. വിധി സമ്മാനിച്ച പരാധീനതകൾ മറികടന്നു കായികരംഗത്തു സ്വന്തം കൈമുദ്ര പതിപ്പിച്ച ഒരുപിടി താരങ്ങളുടെ കഥകൾകും നമ്മെ ആവേശഭരിതരാക്കാൻ കഴിയും. സ്വന്തം വൈകല്യങ്ങളെ കഠിനാധ്വാനം കൊണ്ടു കീഴടക്കുന്ന പാരാ അത്ലറ്റുകൾ എന്നറിയപ്പെടുന്ന അവരുടെ കഥകൾ പലതും അവിശ്വസനീയമായി തോന്നാം. അങ്ങനെയൊരു കഥയാണ് “മാനസി ജോഷി” എന്ന ബാഡ്മിന്റൺ താരത്തിന്റേത്.

മാനസിയെക്കാൾ വിജയങ്ങൾ നേടിയ പാരാ അത്ലറ്റുകൾ ഇന്ത്യയിൽനിന്നുമുണ്ടായിട്ടുണ്ട്. എന്നാൽ അവരിൽ കൂടുതൽ പേർക്കും ചെറുപ്പകാലത്തു തന്നെ സ്വന്തം വൈകല്യങ്ങൾ തിരിച്ചറിയാനും അവയെ മറികടക്കാനുള്ള പരിശീലനം നേടാനും കഴിഞ്ഞിരുന്നു. 2011ൽ ഒരു വാഹനാപകടത്തിൽ പെട്ടു തന്റെ ഇടതുകാൽ നഷ്ടമാകുമ്പോൾ മാനസിക്കു ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഏതാണ്ട് എല്ലാ പ്രതീക്ഷകളും അസ്തമിച്ചിടത്തു നിന്നുമാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ ഉയിർത്തെഴുന്നേറ്റത്.

1990ൽ മുംബൈ നഗരത്തിലാണ് മാനസി ജനിച്ചത്. ബാബ അറ്റോമിക് റിസർച്ച് ഇന്സ്ടിട്യൂട്ടിലെ എൻജിനീയറായ പിതാവ് ഗിരീഷ് ചന്ദ്ര ജോഷിയുടെ പാത പിന്തുടർന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ മാനസി തന്റെ ആറാം വയസ്സ് മുതൽ ബാഡ്മിന്റൺ പരിശീലിച്ചിരുന്നു. 2011 ഡിസംബർ രണ്ടാം തീയതി atos India എന്ന സോഫ്റ്റ്‌വെയർ കമ്പനിയിലെ തന്റെ ജോലിക്കുശേഷം മടങ്ങിവരുമ്പോൾ മാനസി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരു ട്രക്ക് ഇടിക്കുകയും തുടർന്നു നടത്തിയ ശസ്ത്രക്രിയയിൽ അവളുടെ ഇടതുകാൽ മുറിച്ചുമാറ്റുകയും ചെയ്തു.

നാൽപ്പത്തിയഞ്ച് ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം വീണ്ടുംക്രെച്ചസിന്റെ സഹായത്തോടെ പിച്ച വച്ചു നടന്ന മാനസി വിധിയോട് തോറ്റു പിന്മാറാൻ തയാറായിരുന്നില്ല. കൃത്രിമകാലിന്റെ സഹായത്തോടെ നടക്കാൻ പരിശീലിച്ച അവൾ വീണ്ടും ബാഡ്മിന്റൺ റാക്കറ്റ് കൈയിലെടുത്തു.

ആക്‌സിഡന്റിനു മുൻപ് ജില്ലാതല മത്സരങ്ങളിൽ മാത്രം പങ്കെടുത്തിരുന്ന മാനസി ബാഡ്മിന്റൺ കൂടുതൽ ഗൗരവമായി കാണാൻ തുടങ്ങി. ജോലിക്കൊപ്പം കഠിനമായ പരിശീലനം തുടർന്ന മാനസി രണ്ടു വർഷത്തിനുള്ളിൽ തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയയായി. 2014ൽ നടന്ന ഏഷ്യൻഗെയിംസിനുള്ള
പരിശീലനക്യാമ്പിൽ മഹാരാഷ്ട്രയെ പ്രധിനിധീകരിച്ചത് മാനസിയായിരുന്നു. 2014ൽ നടന്ന തന്റെ ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ തന്നെ വെള്ളിമെഡൽ നേടാനും മാനസിക്കു കഴിഞ്ഞു. അന്നു ഫൈനലിൽ മാനസി തോറ്റത് ദേശീയ ചാമ്പ്യനും അർജുന അവാർഡ് ജേതാവുമായ പാരുൾ പാർമറിനോടായിരുന്നു. ഈ പ്രകടനം മൂലം 2015ൽ സ്പെയിനിൽ നടന്ന അഞ്ചാമത് ഇന്റർനാഷണൽ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലേക്ക് മാനസി തിരഞ്ഞെടുക്കപ്പെട്ടു. മെഡലുകളൊന്നും തന്നെ നേടാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് മാനസിക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ഈ വർഷം സ്പെയിനിൽ വെച്ചു തന്നെ നടന്ന ഏഴാമത് ഇന്റർനാഷണൽ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നു വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി മാനസി തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു. കൂടാതെ ലോക പാരാ ബാഡ്മിന്റൺ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം കൈവരിക്കാനും മാനസിക്കു കഴിഞ്ഞു.ഇന്നലെ ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതോടെ മാനസി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി തലയുയർത്തി നിൽക്കുകയാണ്. ഇനിയും ഒരുപാടു നേട്ടങ്ങൾ അവളെ കാത്തിരിക്കുന്നു.

ദൃഡനിശ്ചയത്തിലൂടെയും കഠിനപരിശീലനത്തിലൂടെയാണ് തന്റെ കുറവുകളെ മാനസി മറികടന്നത്. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന വൈകല്യത്തെ പരാജയപ്പെടുത്തി വിജയങ്ങൾ കൊയ്യുന്ന മാനസിയുടെ ജീവിതകഥ നമ്മോടു പറയുന്നത് വലിയൊരു പാഠമാണ്. തോൽവികൾ ഒന്നിന്റെയും അവസാനമല്ല, വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടി മാത്രമാണ്.
“Winners never quit and quitters never win”.

Leave a comment