Cricket Epic matches and incidents Stories Top News

ക്രിസ് കെയിൻസ് ഇന്ത്യയെ തോൽപിച്ച ദിവസം !!

August 27, 2019

ക്രിസ് കെയിൻസ് ഇന്ത്യയെ തോൽപിച്ച ദിവസം !!

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ കിവിസിനെ നേരിടുന്ന ആ രാത്രി ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു കളി കണ്ടിരുന്നത്. ടോസ് നേടിയ ഫ്ലെമിംഗ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ, ഗാംഗുലിയും സച്ചിനും നൽകിയ ആ തുടക്കം ഒരു നിമിഷം ഫ്ലെമിങ്ങിന്റെ മനസ്സിൽ പോലും തന്റെ തീരുമാനം തെറ്റിയോ എന്നൊരു ചോദ്യം ഉന്നയിച്ചു കാണും. അതെ, പതിമൂന് ഓവർ ബാക്കി നിൽക്കവേ 200/1 എന്ന ശക്തമായ നിലയിൽ ആയിരുന്നു ഇന്ത്യ. പക്ഷെ പിന്നീട് ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് മറന്നപ്പോൾ ഇന്ത്യ 264 എന്ന സ്‌കോറിൽ ഒതുങ്ങി. ദാദ പൊരുതി നേടിയ ശതകമായിരുന്നു ആ ബാറ്റിംഗ് ചാർട്ടിലെ ഹൈലൈറ്റ്. കളിയെ കുറിച്ച് ആധികാരികമായി പഠിക്കുന്നെ ഉണ്ടായിരുന്നു അന്ന്. എന്നും ഈ കളി ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഏട്ടന്മാരുടെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. ഫൈനലിൽ ഇത്‌ മതി നമ്മൾ ജയിക്കും, ചെയ്‌സിങ്ങിൽ അവർ സമ്മർദ്ദത്തിലാവും,ഇതുവരെ അവർ അങ്ങനെ വലിയ കിരീടങ്ങൾ ഒന്നും സ്വന്തമാക്കിയ ചരിത്രമില്ല….

അത് മനസ്സിൽ ഒരുപാട് സന്തോഷമുണ്ടാക്കി. സച്ചിനെ പോലെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ദാദ ആ കിരീടം ഉയർത്തുന്നത് സ്വപ്നം കണ്ടു. സ്കൂൾ കാലമായതിനാൽ അച്ഛനെ ബോധിപ്പിക്കാൻ കുറച്ച് നേരം റൂമിൽ പോയി ബുക്കൊന്ന് മറച്ചു, പക്ഷെ മനസ്സിൽ പ്രാർത്ഥന ആയിരുന്നു. ടീവീ വന്നു നോക്കുമ്പോൾ കിവികളുടെ ഒരു രണ്ട് വിക്കെറ്റ് എങ്കിലും പോയി കാണാൻ, വാതിൽ തട്ടി അമ്മ പറഞ്ഞു ഇങ്ങോട്ട് പോര്, മനസ്സ് മുഴുവൻ കളിയും വെച്ച് നീ ഇന്ന് ഒന്നും പഠിക്കില്ല എന്നറിയാം. അത് കേൾക്കേണ്ട താമസം, ബുക്കും പൂട്ടി അച്ഛനെ ഒന്ന് ഒറ്റകണ്ണോടെ നോക്കി, ടിവിയുടെ മുന്നിൽ ഇരുന്നു. മനസ്സിൽ പ്രാർത്ഥിച്ചതു തന്നെ സംഭവിച്ചു സ്പെയർമാനും, ഫ്ലെമിങും ഔട്ട് ആയിരിക്കുന്നു, ദൈവത്തോട് നന്ദി പറഞ്ഞു, കളിയിൽ മുഴുകി ആസ്റ്റിലും റോജർ ടോസും, മാക്മില്ലനും കൂടാരം കയറിയപ്പോൾ അവർ ആകെ നേടിയത് 130ഓളം റൺസ്, ഉറപ്പിച്ചു ഇന്ത്യയുടെ ജയം.

പക്ഷെ പിന്നെ ക്രീസിലേക്ക് വന്ന ആജാന ബാഹു ക്രിസ് കെയിൻസും, ക്രിസ് ഹാരിസും അവരെ മുന്നോട്ട് നയിച്ചപ്പോൾ പതിയെ പ്രതീക്ഷ കുറഞ്ഞു. തന്റെ കാൽമുട്ടിലെ പരിക്ക് കാരണം ഫൈനലിൽ അദ്ദേഹം ഇറങ്ങുമോ എന്നൊരു ആശങ്ക പോലും അതിനു മുൻപ് ന്യൂസിലാന്റ് ക്യാമ്പിൽ ഉണ്ടായിരുന്നു. പക്ഷെ ആ കാൽമുട്ടും വച്ചു അദ്ദേഹം പൊരുതുന്ന കാഴ്ചയായിരുന്നു പിന്നെ ക്രിക്കറ്റ്‌ ലോകം കണ്ടത്. സച്ചിനെ സ്ട്രെറ്റിൽ സിക്സർ തൂക്കി അദ്ദേഹം ഫിഫ്റ്റി പൂർത്തിയാക്കി. ആ ടൂർണമെന്റിലെ തന്നെ മികച്ചൊരു സെഞ്ചുറിയോടെ കിവികളെ വിജയിപ്പിച്ചത് ഹൃദയം തകർന്നായിരുന്നു കണ്ടത്. വായുവിൽ കയ്യുയർത്തി ഫ്ലെമിംഗ് എന്ന നായകനും, എല്ലാ വേദനയും മറന്ന് പറോറയെ കെട്ടിപിടിച്ചു വിജയം ആഘോഷിച്ച കെയിൻസിന്റെ മുഖം ഇന്നും ഈ മനസ്സിൽ മായാതെ നിൽക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *