Cricket legends Top News

ഓർമ്മയിലെ മുഖങ്ങൾ – ഹെൻറി ഒലോങ്ക

August 27, 2019

ഓർമ്മയിലെ മുഖങ്ങൾ – ഹെൻറി ഒലോങ്ക

കളി കാണാൻ തുടങ്ങിയ നാളുകളിൽ സിംബാബ്‌വെ ദുർബലരല്ലായിരുന്നു. അവരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും നയിക്കാൻ ഒരുപാട് മികവുറ്റവർ ഉണ്ടായിരുന്നു, ലോക ജേതാക്കളോ, തോല്പിക്കാൻ കഴിയാത്തവരോ അല്ലായിരുന്നുവെങ്കിലും അവർ പൊരുതാറുണ്ടായിരുന്നു, വലിയ ടീമുകൾക്ക് പലപ്പോഴായി അവർ ചെറിയ വേദനകൾ നൽകിയിരുന്നു, കാലത്തിനു മായ്ക്കാൻ കഴിയാത്ത ചില വേദനകൾ, അത്തരത്തിൽ ഒന്നായിരുന്നു 1999 വേൾഡ് കപ്പിൽ, ഒലോങ്ക എന്ന ഫാസ്റ്റ് ബൗളറുടെ മികവിൽ അവർ ഇന്ത്യക്ക് സമ്മാനിച്ചിരുന്നത്. ഒരിക്കലും മറക്കാൻ സാധികാത്ത ഒരു മുറിവായി അത് ഇന്നും ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെയും മനസ്സിൽ ഇങ്ങനെ നീറി നീറി കിടക്കുന്നുമുണ്ട്.

തന്റെ സ്കൂൾ കാലഘട്ടത്തിൽ ഒലോങ്ക മികച്ചൊരു അത്‌ലറ്റ് ആയിരുന്നു, നൂറു മീറ്റർ ഓട്ടം 10.5 സെക്കൻഡ്‌സിൽ പൂർത്തിയാക്കിയ ഒരു അനുഗ്രഹീത അറ്റ്ലറ്റ്, ക്രിക്കറ്റിനെ സ്‌നേഹിക്കുമ്പോഴും ആ മനസ്സ് റഗ്ബിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, കളിക്കളത്തിന് പുറത്ത് അയാൾ നല്ലൊരു അഭിനയേതാവും, പാട്ടുകാരനുമായിരുന്നു ചുരുക്കത്തിൽ ഒരു സകലകലാ വല്ലഭൻ.

സിംബാബ്വേക്ക് വേണ്ടി കളത്തിലിറങ്ങിയ ആദ്യ കറുത്ത വർഗക്കാരനായ ക്രിക്കറ്റ്‌ താരമായിരുന്നു ഹെൻറി ഒലോങ്ക, തന്റെ പതിനേഴാം വയസ്സിൽ, അരങ്ങേറിയ ആദ്യ ഫസ്റ്റ് ക്ലാസ്സ്‌ മാച്ചിൽ തന്നെ അഞ്ചു വിക്കറ്റ് നേടിക്കൊണ്ട് അദ്ദേഹം തന്റെ കഴിവ് സിംബാബ്വേൻ ജനതക്ക് ബോധ്യപെടുത്തികൊടുക്കുകയും ചെയ്തിരുന്നു.

വൈകാതെ തന്നെ 1995ൽ സിംബാബ്‌വെയുടെ ദേശീയ ടീമിലേക്കും ആ മനുഷ്യൻ തിരഞ്ഞെടുക്കപ്പെട്ടു, ആ നാളുകളിൽ ക്രിക്കറ്റ്‌ ലോകത്തെ വേഗതയേറിയ ഫാസ്റ്റ് ബോളർമാരിൽ ഒരാളായിരുന്നു അയാൾ, പക്ഷെ ബോളിനു മുകളിലുള്ള അയാളുടെ നിയന്ത്രണം പലപ്പോഴും കുറവായിരുന്നു അതിനാൽ ഒരുപാട് എക്സ്ട്രാസ് വൈഡുകളുടെയും, നോ ബോളിന്റെയും രൂപത്തിൽ അദ്ദേഹം എതിർ ടീമിന് സമ്മാനിക്കുകയും ചെയ്തിരുന്നു.

തന്റെ ഇന്റർനാഷണൽ കരിയറിലെ ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ ആക്ഷനിലെ അപാകതകൾ പരിഹരിച്ചത് ഡെന്നിസ് ലില്ലി ആയിരുന്നു, അതിനുശേഷം 1995-2003 വരെയുള്ള കാലഘട്ടത്തിൽ ആ ടീമിന്റെ ഫാസ്റ്റ് ബൗളിങ്ങിലെ കുന്തമുനയായി ഒലോങ്ക വളരുകയും ചെയ്തു, ഇന്ത്യയെ 1998ൽ ടെസ്റ്റ്‌ മാച്ചിൽ പരാജയപെടുത്തിയപ്പോഴും ഒലോങ്ക ആയിരുന്നു മാൻ ഓഫ് ദി മാച്ച്, പാകിസ്താനെതിരെ പെഷവാറിൽ അവർ സ്വന്തമാക്കിയ ആദ്യ ഓവർസീസ് ടെസ്റ്റ്‌ വിജയത്തിലും ആ മനുഷ്യൻ തിളങ്ങി നിന്നിരുന്നു.

ഒരു ബൗളർ എന്ന നിലയിൽ ഒലോങ്കയും, ക്രിക്കറ്റ്‌ രാജ്യമെന്ന നിലയിൽ സിംബാബ്‌വെയും വളരുന്ന സാഹചര്യത്തിലായിരുന്നു 2003 വേൾഡ് കപ്പ് വിരുന്നെത്തിയത്, അവിടെ വച്ചായിരുന്നു ഒലോങ്കക്കും സിംബാബ്വേക്കും പലതും നഷ്ടമായത്. സൗത്ത് ആഫ്രിക്ക ആയിരുന്നു 2003 വേൾഡ് കപ്പിന് ആഥിദേയത്വം വഴിച്ചിരുന്നത്, അവർ ഗ്രൂപ്പിലെ ആറു മാച്ചുകൾ സിംബാബ്‌വെ എന്ന രാജ്യത്തിനും രണ്ടു മാച്ചുകൾ കെനിയക്കും നൽകി.സുരക്ഷ കാരണങ്ങളാൽ ഹരാരെയിൽ കളിക്കാൻ ഇംഗ്ലണ്ടും കെനിയയിലേക്കു സഞ്ചരിക്കാൻ ന്യൂസിലാൻഡും വിസമ്മതിച്ചിരുന്നു.

ജനാതിപത്യം മരിച്ചു കൊണ്ടിരിക്കുന്ന സിംബാബ്‌വെയിൽ, അവരുടെ ഭരണാധികാരിയായ മുഗാബെയുടെ ഭരണത്തിൽ പ്രതിഷേധിച്ചു ടൂർണമെന്റിന്റെ രണ്ടാം ദിനം തന്നെ കയ്യിൽ കറുത്ത ബാൻഡ് കെട്ടി, ആന്റി ഫ്ലവറും, ഒലോങ്കയും നമീബിയക്കെതിരെയുള്ള മത്സരത്തിൽ കളത്തിൽ ഇറങ്ങുകയും ചെയ്തു. ആന്റി ഫ്ലവറും, ഒലോങ്കയും വെളുത്ത വർഗ്ഗക്കാരുടെയും, കറുത്ത വർഗ്ഗക്കാരുടെയും, പ്രതിഷേധമായിരുന്നു അവരിലൂടെ അറിയിച്ചിരുന്നത്.ആ പ്രതിഷേധത്തിന് ലോക വ്യാപകമായി മികച്ച പ്രതികരണവും ലഭിച്ചു, മീഡിയയും മാധ്യമങ്ങളും അത് ഏറ്റെടുക്കുകയും ചെയ്തു, പക്ഷെ സിംബാബ്‌വെ എന്ന ആ രാജ്യത്ത് അതൊരു രാഷ്ട്രീയ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു.

നിരന്തരമായി വന്ന വധ ഭീഷണികളെ തുടർന്ന് അയാൾ ടൂർണമെന്റിലെ അവസാന മത്സരത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് രക്ഷപെടുകയും ചെയ്തു. രണ്ടായിരത്തി മൂന്നിൽ ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞദ്ദേഹം ഒരുപാട് വർഷമെടുത്തിരുന്നു തന്റെ സെക്കന്റ്‌ ഇന്നിംഗ്സ് തുടങ്ങുവാൻ, ചെറുപ്പം മുതലേ ഗാനാലാപനത്തിൽ മിടുക്കനായിരുന്ന അയാൾ 2006ഇൽ aurelia എന്നൊരു സംഗീത ആൽബവും പുറത്തിറക്കിയിരുന്നു.

ഇംഗ്ലണ്ടിലെ 12 വർഷത്തിന് ശേഷമുള്ള ജീവിതത്തിന് ശേഷം ഇന്നദ്ദേഹം ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡിൽ കുടുംബവുമായി താമസിക്കുന്നു, ചെറുപ്പം മുതൽ ക്രിക്കറ്റിനോടൊപ്പം നെഞ്ചിലേറ്റിയ സംഗീതവുമായി അയാൾ ജീവിക്കുന്നു….

Leave a comment

Your email address will not be published. Required fields are marked *