Cricket legends Top News

ബാബാ സിദ്ധ്യേ – പുനർജനി തേടുന്ന ഒരു പിടി പ്രകടനങ്ങൾ

July 25, 2019

author:

ബാബാ സിദ്ധ്യേ – പുനർജനി തേടുന്ന ഒരു പിടി പ്രകടനങ്ങൾ

ലോകവും കാലവും സഹോദരങ്ങളാണ് !!.

അക്ഷരങ്ങൾ കൊണ്ടു മാത്രമല്ല, അവയെ ബന്ധിപ്പിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. കാലത്തിനനുസരിച്ചാണ് ലോകത്തിന്റെ മാറ്റം, അല്ലെങ്കിൽ ഒരു മൂത്ത സഹോദരനെപ്പോലെ തന്നോടൊപ്പം സഞ്ചരിക്കാൻ, തന്നെ അനുസരിച്ചു മാത്രം മുന്നേറാൻ കാലം ലോകത്തെ പ്രേരിപ്പിക്കുന്നതെന്തിനാണ്?.

കായികരംഗവും ഇതിൽ നിന്നു വ്യത്യസ്തമല്ല, കാലത്തിനൊപ്പം ദ്രുതഗതിയിൽ തന്നെയായിരുന്നു അതിന്റെയും സഞ്ചാരം, പ്രത്യേകിച്ചു ക്രിക്കറ്റ്‌ !!. 1983ലെ ആയിരങ്ങൾ പ്രതിഫലം കിട്ടിയ ലോകജേതാക്കളുടെ കഥകൾ നമുക്കിന്ന അദ്‌ഭുതമാണ്, അതുപോലെ കോടികൾ കിലുങ്ങുന്ന, ദിനം പ്രതി പുതിയ ഐതിഹാസിക പ്രകടനങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്തും നമുക്ക് അവിശ്വസനീയതയോടെ മാത്രം കേൾക്കാൻ സാധിക്കുന്ന ചില കഥകളുണ്ട്. അത്തരമൊരു കഥയാണ് “യശ്വന്ത് പ്രഭാകർ” എന്ന ബാബാ സിദ്ധ്യേയുടേത്.

ക്രിക്കറ്റിൽ ഒരു മികച്ച ബാറ്റിങ് കൂട്ടുകെട്ട് പടുത്തുയർത്താൻ അത്യാവശ്യം വേണ്ടത് പരസ്പരമുള്ള ആശയവിനിമയമാണ്. പക്ഷേ 1956-57 രഞ്ജി ട്രോഫി മത്സരത്തിൽ ബറോഡക്കെതിരെ മഹാരാഷ്ട്രയ്ക്കു വേണ്ടി നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 238 റണ്ണുകൾ നേടിയ ബാപ്പു നടകർണിക്കും ബാബാ സിദ്ധ്യേയ്ക്കുമിടയിൽ ആശയവിനിമയം വെറും ആംഗ്യങ്ങളിൽ ഒതുങ്ങി നിന്നു. കാരണമെന്തെന്നാൽ ബാബാ സിദ്ധ്യേ ജന്മനാ ബധിരനും മൂകനുമാണെന്നതായിരുന്നു !!.

കൊങ്കൺ പ്രദേശത്തെ കോൻഷി എന്ന ഗ്രാമത്തിൽ നിന്നും ഇറാനിലേക്കു കുടിയേറിയ ഒരു കർഷക ദമ്പതികളുടെ മകനായി 1930ലാണ് സിദ്ധ്യേ ജനിച്ചത്. ജന്മനാ ബധിരനും മൂകനുമായ മകനെ കായികരംഗത്തു നിന്നും മാറ്റി നിർത്താൻ പിതാവ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. 1952ൽ മഹാരാഷ്ട്രയ്ക്കു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്ന ആദ്യത്തെ ബധിരനും മൂകനുമായ കളിക്കാരനായി സിദ്ധ്യേ മാറി. പിന്നീട് ബോംബെയ്ക്കും റെയിൽവേസിനും വേണ്ടി പാഡ് കെട്ടിയ സിദ്ധ്യേ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റ്‌ ഇൻഡീസ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ട്.

മികച്ചൊരു മധ്യ നിര ബാറ്സ്മാനായിരുന്ന സിദ്ധ്യേ വേഗത്തിൽ റൺ നേടുന്നതിൽ മിടുക്കനായിരുന്നു. 51 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും രണ്ടായിരത്തോളം റണ്ണുകൾ നേടിയ സിദ്ധ്യേയുടെ ഉയർന്ന സ്കോർ ബറോഡയ്ക്കെതിരെ നേടിയ 135 ആണ്. ഒരു സ്ലോഗ്ഗിങ് ബാറ്റ്സ്മാൻ ആയിരുന്ന അദ്ദേഹം ഒരു നല്ല പാർട് ടൈം ബൗളർ കൂടിയായിരുന്നു. വെസ്റ്റ്‌ ഇൻഡീസിനെതിരെ ഒരു മത്സരത്തിൽ നൂറിനു മുകളിൽ ശരാശരിയിൽ ബാറ്റ് ചെയ്ത് സിദ്ധ്യേ ഒടുവിൽ 49 റൺസ് നേടി പരിക്കേറ്റു പിന്മാറുകയായിരുന്നു. ബോംബെയിലെ പ്രസിദ്ധമായ കൻഗാ ലീഗിൽ 1972 ൽ അദ്ദേഹം നേടിയ വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ് ഇരുപതു വർഷത്തോളം തകരാതെ നിലനിന്നു. ഒരു മത്സരത്തിൽ ബോംബെ ജിംഖാന ഗ്രൗണ്ടിൽ വച്ചു സിദ്ധ്യേ അടിച്ച സിക്സർ അറബിക്കടലിലാണ് പതിച്ചത് !!. മികച്ചൊരു ക്ലോസ് ഇൻ ഫീൽഡർ കൂടിയായിരുന്ന സാദ്ധ്യേ ഫീൽഡിലെ ചീറ്റപ്പുലി എന്നായിരുന്നു അറിയപ്പെട്ടിരുന്നത് !!. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് മികച്ച പരിശീലകനായും പേരെടുത്തു. 1983 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമംഗമായ ബൽവീന്ദർ സിംഗ് സന്ധു അടക്കം നിരവധി മികച്ച കളിക്കാരെ സൃഷ്‌ടിച്ച സിദ്ധ്യേ ബോംബെ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകനായും സേവനമനുഷ്ഠിച്ചു. വികലാംഗർക്കായുള്ള മഹാരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷൻ ടീമിനെ അഞ്ചു വർഷം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സിദ്ധ്യേ പരിശീലിപ്പിച്ചത് !!.

തന്റെ പരിമിതികൾക്കിടയിലും ജീവിതം മുഴുവൻ ക്രിക്കറ്റിനായി ഉഴിഞ്ഞു വച്ച അദ്ദേഹത്തിനു പക്ഷേ അവഗണനകൾ മാത്രമാണ് തിരികെ ലഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ബധിരനും മൂകനുമായ ഒരേയൊരു കളിക്കാരൻ എന്ന ലിംക റെക്കോർഡിന് ഉടമയാണെങ്കിലും ബിസിസിഐ അദ്ദേഹത്തിന് യാതൊരു വിധ സഹായവും നൽകിയിട്ടില്ല. 75 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കണമെന്ന സാങ്കേതികകാരണം മുൻനിർത്തി അദ്ദേഹത്തെ ഒറ്റത്തവണ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കി. 2002ൽ സിദ്ധ്യേ അന്തരിച്ചതോടെ അദ്ദേഹത്തിനു ലഭിച്ചിരുന്ന നാമമാത്രമായ പ്രതിമാസ പെൻഷൻ തുക അദ്ദേഹത്തിന്റെ വിധവയ്ക്ക് നൽകുവാനും അധികാരികൾ വിസമ്മതിച്ചു. 2005ൽ സിദ്ധ്യേയുടെ ജീവിതകഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ട “ഇക്ബാൽ” എന്ന ചിത്രം വൻ പ്രദർശനവിജയം നേടിയെങ്കിലും അദ്ദേഹത്തിന്റെ പേര് അതിൽ പരാമ്ർശിക്കപ്പെട്ടതു പോലുമില്ല. അദ്ദേഹത്തിനു നേരിടേണ്ടി വന്ന അവഗണനകൾക്കെതിരെ മകൻ പ്രവീൺ സിദ്ധ്യേ നടത്തിവരുന്ന നിയമ പോരാട്ടങ്ങൾ ഇന്നും തുടരുന്നു.

കാലം മുന്നോട്ടു പോവുകയാണ്, അതിനൊപ്പം ലോകവും !!. ഇന്നു നാം കാണുന്ന പലർക്കും ഭാവിയിൽ സിദ്ധ്യേയുടെ അനുഭവമുണ്ടാകാം. അപ്രകാരം അവഗണിക്കപ്പെട്ട പേരുകളിൽ എക്കാലവും പ്രഥമ സ്ഥാനീയനായി സിദ്ധ്യേയുണ്ടാകും. പക്ഷേ ഈ കഥ കേൾക്കുന്നവർ ഒരു നിമിഷം സംശയിച്ചു പോയേക്കാം.

“സത്യത്തിൽ ആരുടെ കാതുകൾക്കാണ് ബധിരത ബാധിച്ചിരിക്കുന്നത്?.
ആരുടെ കണ്ണുകളാണ് അന്ധമായിരിക്കുന്നത്?.

Leave a comment

Your email address will not be published. Required fields are marked *