2003 ലെ നൊമ്പരം ആവർത്തിക്കുമ്പോൾ !!
ഇന്ത്യൻ ടീമിന്റെ ഏതൊരു പരാജയവും വിഷമം തെന്നെയാണ്, ഒരുപാട് ആഗ്രഹിച്ച ഈ വേൾഡ് കപ്പിൽ നിന്നുള്ള ഈ പുറത്താകൽ ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല, പക്ഷെ യാഥാർഥ്യം മനസിലാക്കിയേ മതിയാവൂ, ഇനി ഈ വേൾഡ് കപ്പിൽ അവരില്ല, ആ ത്രിവർണ പതാകയും, ഹൃദയത്തിൽ ആ പതിനൊന്നു പേരുകൾ പ്രതിഷ്ഠിച്ച ആ ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള തള്ളി കയറ്റവും ഇനി ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളിലെ കവാടങ്ങളിൽ നിന്ന് അപ്രത്യക്ഷ്യമാവും.
ഹൃദയം തകർത്ത ഒരുപാട് തോൽവികൾ ഇതിനു മുൻപും വീക്ഷിച്ചിരുന്നു ഒരുപക്ഷെ 2003 വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യ തകർന്നപ്പോൾ ഇതിനേക്കാൾ ഉച്ചത്തിൽ പൊട്ടി കരഞ്ഞിരുന്നു,അന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും വേൾഡ് കപ്പ് ഫൈനലിൽ എത്തിയപ്പോൾ ആഗ്രഹിച്ചിരുന്നു ഒരുപാട് ആ വേൾഡ് കപ്പ്, അന്ന് നമ്മളെക്കാൾ ശക്തരോടായിരുന്നു നമ്മൾ പോരാടിയിരുന്നത്, എന്നിട്ടും ആ തോൽവി ഒരുപാട് വിഷമിപ്പിച്ചിരുന്നു,
2007ൽ ആരും ഓർക്കാൻ ആഗ്രഹിക്കാത്ത ആ വേൾഡ് കപ്പിലെ ലങ്കക്കെതിരായ നിർണായക മത്സരത്തിലെ തോൽവിക്ക് ശേഷം ഡ്രസിങ് റൂമിൽ കരഞ്ഞു കലങ്ങിയ ആ ഇതിഹാസങ്ങളുടെ മുഖങ്ങളും ഒരുപാട് ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞിരുന്നു.
ഇന്നിതാ 2011ലെ വേൾഡ് കപ്പ് വിജയത്തിനു ശേഷം തുടരെ തുടരെ വീണ്ടും സെമിഫൈനൽ എന്ന കടമ്പ കടക്കാൻ നമ്മൾ പാടുപെടുന്നു, ഈ വേൾഡ് കപ്പ് നമ്മൾ ഒരുപാട് ആഗ്രഹിച്ചിരുന്നു, അതല്ലെങ്കിൽ ഈ ടീം അത് നേടാൻ പ്രാപ്തരായിരുന്നു, ഫേവറിറ്റ്സ്ന്റെ ശരീര ഭാഷയോടെ തന്നെ നമ്മൾ പൊരുതി, പക്ഷെ ഒരു നാല്പത്തി അഞ്ചു മിനുട്ടിലെ ചെറിയ തെറ്റുകൾക്ക് പരിഹാരമായി നൽകേണ്ടി വന്നത് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നു, പ്രതീക്ഷകൾ ആയിരുന്നു.
ഒരു ടീം ആയി നമ്മൾ വിജയിച്ചു ഒരു ടീം ആയി തന്നെ നമ്മൾ തോറ്റു, അതെ അതിനേക്കാൾ ഉപരി ഓരോ കളിക്കാരനെയും പോസ്റ്റ്മാർട്ടം ചെയ്യാൻ ഈ നിമിഷം ഉപയോഗിക്കാതിരിക്കുക, നമ്മുടെ ദിവസമല്ലായിരുന്നു അതെ, അല്ലെങ്കിൽ ആ വിക്കറ്റുകൾക്കിടയിൽ ചീറ്റ പുലിയെ പോലെ കുതിക്കുന്ന ആ ഇതിഹാസം ഗുപ്ടിലിന്റെ ഒരു അവിശ്വസനീയമായ ബ്രില്ലിയൻസിൽ റൺ ഔട്ട് ആവില്ലായിരുന്നു, രോഹിത് നിങ്ങളും ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ വേൾഡ് കപ്പ് ഡ്രസിങ് റൂമിൽ ഇത്രയും എക്സ്പ്രെസ്സിവ് ആയി നിങ്ങളെ ഇതിനു മുൻപ് കണ്ട ചരിത്രമില്ല ജഡേജ എന്ന ആ പോരാളിയെ അദ്ദേഹത്തിന്റെ അർദ്ധ സെഞ്ചുറിക്ക് ശേഷം നിങ്ങൾ പ്രചോദിപ്പിച്ച ആ രീതി, അതെ അതിൽ ഉണ്ടായിരുന്നു എല്ലാം,
കോഹ്ലി നിങ്ങൾ നന്നായി നയിച്ചു ഈ ടീമിനെ, നിങ്ങളിലെ ആ പോരാളി ഈ തോൽവി ഉൾകൊള്ളാൻ കുറച്ചു സമയം എടുക്കുമായിരിക്കാം പക്ഷെ ഒരു നായകൻ എന്ന നിലയിൽ തലയുയർത്തി മടങ്ങാം നിങ്ങൾക്കും. ജഡേജ ഈ പ്രകടനം ഈ ഇടനെഞ്ചിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും വരാനിരിക്കുന്ന പുതിയ തലമറയോട് ഞങ്ങൾക്ക് പറയേണ്ടതുണ്ട് നിങ്ങളിലെ ആ പോരാളിയുടെ പോരാട്ട വീര്യത്തിന്റെ കഥകൾ.
ബുംറ നിങ്ങളെ എങ്ങെനെ വിശേഷിപ്പിക്കും,വാക്കുകളില്ല, എന്നും ഞങ്ങളുടെ ഈ ജനതയുടെ വിശ്വാസമായി നില കൊള്ളാൻ നിങ്ങൾക്ക് സാധിക്കട്ടെ .ഏതു തോൽവിയിലും കൂടെ തന്നെ കാണും ഞങ്ങൾ നിങ്ങൾ പതിനൊന്ന് പേരോടൊപ്പം , ഇതിലും വലിയ തോൽവികളിൽ ഹൃദയം തകർന്നപ്പോഴും ഒരുമിച്ചു കൂടെ നിന്ന ചരിത്രം മാത്രമേ ഞങ്ങൾക്കുള്ളൂ.അടുത്ത നാല് വർഷത്തേക്കുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു.