കോപ്പ നിറയുമ്പോള്‍
ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ചഷകത്തിൽ മധു നിറഞ്ഞു കഴിഞ്ഞു. ഉന്മത്തരായ ഫുട്ബോൾ ആരാധകരുടെ ബുദ്ധിയിൽ ഉന്മാദം നിറക്കാൻ ഒരു വാരാന്ത്യം വന്നിരിക്കുകയാണ്. കോപ്പയിൽ മുത്തമിടാൻ അർഹതയുള്ള എട്ട് ടീമുകൾ ക്വാർട്ടറിലേക്ക് എത്തിയിരിക്കുന്നു., ചിലർ കുതിച്ചും ചിലർ കിതച്ചും. ബ്രസീലും കൊളംബിയയും ഉറൂഗ്വെയും കിരീടാവകാശി കളിൽ മുന്നിട്ടു നിൽക്കുമ്പോൾ, ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ചിലിയും മിശിഹായിൽ വിശ്വാസമർപ്പിച്ച് അർജൻറീനയും പിന്നാലെയുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ബാക്കി ഫുട്ബോൾ ശക്തികളായ പരാഗ്വേ പെറു വെനിസ്വേല എന്നിവർ കൂടിയാകുമ്പോൾ കോപ്പയിൽ ഇനി ചെറിയ കളികൾ ഇല്ല. ക്വാർട്ടർ ഫൈനൽ ലൈനപ്പ് തയ്യാറായി കഴിഞ്ഞപ്പോൾ കോപ്പയുടെ പോക്ക് ഇനിയെങ്ങോട്ട് എന്ന് നമുക്ക് നോക്കാം.
i)QF-1 : ബ്രസീൽ vs പരാഗ്വേ

വെള്ളിയാഴ്ച(28.06.2019) രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം. ലോകറാങ്കിംഗിൽ മൂന്നാമതുള്ള ബ്രസീലിന് മുന്നിൽ മുപ്പത്തിയാറാം റാങ്കുക്കാരായ പരാഗ്വേ ഒരു ഇരയെ അല്ലാ. എന്നാൽ അർജൻറീനയെ തോൽവിയുടെ വക്ക് വരെ തള്ളിയിട്ടാണ് പരാഗ്വേ ക്വാർട്ടറിൽ കടന്നിരിക്കുന്നത്. ഓസ്കാർ കാർഡോസ ഡാലിസ് ഗോണ്‍സാലസ് എന്നിവർ ബ്രസിലിന് വെല്ലുവിളി ഉയര്ത്തുമായിരിക്കാം. മിഗ്വേൽ അൽമിറോൺ എന്ന ന്യൂ കാസ്റ്റിൽ മിഡ്ഫീൽഡർ ആണ് പരാഗ്വേയുടെ പ്ലേമേക്കിങ് തലചോറ്. പക്ഷേ കളി സാക്ഷാല്‍ ബ്രസീലിനോടാണ്. പരാഗ്വേയെ പോലെ എണ്ണി പറഞ്ഞ് എടുക്കാന്‍ രണ്ട് മൂന്ന് പ്ലേയർസോ പ്ലേമേക്കർസോ അല്ല അവര്‍ക്കുള്ളത്. ക്ലബുകൾക്ക് വേണ്ടി പരാജയപ്പെടുമ്പോഴും ആ മഞ്ഞ നിറത്തിൽ കളത്തിലിറങ്ങിമ്പോൾ സൂര്യത്തേജസോടെ കളിക്കുന്നവരാണ് കുഞ്ഞ് കനാറികൾ. ഏറ്റവും നല്ല ഉദാഹരണം ഈ കോപ്പക്ക് മുമ്പ് കേട്ട് കേള്‍വി പോലുമില്ലാത്ത എവർട്ടൻ എന്ന ഇരുപത്തിമൂന്ന്ക്കാരൻ തന്നെ. ബ്രസീലിലെ ഗ്രമിയോ എന്ന ആരാലും അറിയപ്പെടാതെ കിടക്കുന്ന ക്ലബിൽ കളിക്കുന്ന എവർട്ടൻ വെറും രണ്ടു മത്സരം കൊണ്ട് ലോകോത്തര ക്ലബ്ബുകളുടെ റഡറിൽ അകപ്പെട്ടിരിക്കുന്നു. വെനിസ്വേലക്ക് എതിരെ ഉള്ള ഗോൾരഹിത സമനില മാറ്റി നിര്‍ത്തിയാല്‍ രണ്ട് മത്സരത്തില്‍ നിന്ന് 8 ഗോളുകളാണ് ബ്രസീൽ അടിച്ചു കൂട്ടിയത്. എവർട്ടനു പുറമെ ഫിലിപ്പ് കുട്ടീഞ്ഞോ, വില്ലിയാൻ, ഡാനി ആൽവസ്, കാസമീറോ, റോബർട്ടോ ഫെർമീനോ എന്നീ വ്യത്യസ്ത സ്കോറർമാർ. പ്രതിരോധനിര ആകട്ടെ, ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ബ്രസീലിന് പുറത്ത് പോകാൻ വല്യ സാധ്യത ഇല്ല.
ii)QF-1 : വെനിസ്വേല vs അർജൻറീന

ഒരു അർജൻറീന ആരാധകൻ എന്ന നിലയിൽ എന്റെ ഫെവറെറ്റ് മത്സരം ഇത് തന്നെ. എന്നാൽ യാഥാര്‍ത്ഥ്യ ബോധമുള്ള ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ അർജൻറീന ഈ മത്സരം കടക്കും എന്ന ഉറപ്പില്ല. ഏപ്രിൽ 2017 ൽ ലോകറാങ്കിംഗിൽ ഒന്നാമതായിരിന്ന അർജൻറീന രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പതിനൊന്നാം സ്ഥാനത്താണ്. മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള വെനിസ്വേല അവർക്ക് ഒരു എതിരാളിയാണോ എന്ന് തോന്നി പോകും. എന്നാൽ ഈ കോപ്പ അമേരിക്കയിലെ മികച്ച ഒരു ഡിഫൻസീവ് ടീമാണ് വെനിസ്വേല. അവരുടെ സ്ട്രാറ്റജി അവർ സമർത്ഥമായി ബ്രസീലിനും പെറുവിനും എതിരെ പരീക്ഷിച്ചതാണ്. ദുർബലരായ ബൊളീവിയക്ക് എതിരെ മാത്രമാണ് അവർ അറ്റാക്കിങ് മോഡിൽ പോയത്. അതിൽ മൂന്ന് ഗോൾ അടിക്കുകയും ചെയ്തു. ആ മത്സരത്തിൽ ഇരട്ടഗോൾ നേടിയ ഡാർവിൻ മാച്ചീസ് തന്നെയാകും അർജന്റീനക്ക് എതിരെ അവരുടെ ഗോൾ നേടാനുള്ള ആയുധം. എന്നാൽ അർജൻറീന നിലാവത്ത് അഴിച്ചിട്ട കോഴിയെ പോലെയാണ് ഗ്രൗണ്ടിൽ നടക്കുന്നത്. ആരൊക്കെയോ പന്ത് കൊണ്ട് പോകുന്ന, ആരൊക്കെയോ ഗോൾ അടിക്കാൻ നോക്കുന്നൂ. ഖത്തറിനെതിരെ മാത്രമാണ് അവർ അവരുടെ പ്രതാപത്തിൽ കളിച്ചൊള്ളൂ. അതിലും ഗോൾ നേടാനുള്ള ഒരുപാട് അവസരങ്ങൾ തുലച്ചു. മിശിഹ അവതരിക്കാതെ ഈ കോപ്പയിൽ അർജൻറീനക്ക് ഇനി ഭാവിയില്ല.ഇന്ത്യൻ സമയം ശനിയാഴ്ച(29.06.2019) പുലര്‍ച്ചെ 12മണിക്കാണ് ഈ മത്സരം.
iii)QF-1 : കൊളംബിയ vs ചിലി

ഫുട്ബോൾ സ്നേഹി വെനിസ്വേല vs അർജൻറീന മത്സരം നഷ്ടപ്പെടുത്തിയാലും കൊളംബിയ vs ചിലി മത്സരം നഷ്ടപ്പെടുത്താൻ കഴിയില്ല. ശനിയാഴ്ച(29.06.2019) തന്നെ വെളുപ്പിന് 4:30 ക്കാണ് ഈ അതിഗംഭീര മത്സരം. കോപ്പയിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ ഒരു ഗോൾ പോലും വഴങ്ങാതെ ആണ് ലോകറാങ്കിംഗിൽഅ പതിമൂന്നാം റാങ്കുക്കാരായ കൊളംബിയുടെ വരവ്. പതിനാറാം റാങ്കുക്കാരായ ചിലി ആകട്ടെ കഴിഞ്ഞ രണ്ടു പ്രാവശ്യത്തെ ചാമ്പ്യൻമാരാണ്, ഹാട്രിക് ആണ് അവരുടെ ലക്ഷ്യം. ജയിംസ് റോഡ്രിഗസിന് പോലും ഫസ്റ്റ് ഇലവനിൽ സ്ഥാനമില്ല എന്ന് പറയുമ്പോൾ നമ്മുക്ക് മനസ്സിലാകും കൊളംബിയൻ സ്ക്വാഡ് എത്ര ആഴമുള്ളതാണ് എന്ന്. റഡിമൽ ഫാൽക്കോയും യുവാൻ ക്വഡ്റാഡോയും അവരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഡുവാൻ സപ്പട്ട എന്ന സബ്സ്റ്റിറ്റ്യൂട്ട് സ്ട്രൈക്കർ ഇതിനോടകം രണ്ട് ഗോൾ നേടി കഴിഞ്ഞു. റോജർ മാർട്ടിനസ് ഗുസ്താവോ ക്വെല്ലറും അവരുടെ റോൾ ഭംഗിയായി നിർവഹിക്കുന്നൂ. മറുവശത്ത് ചിലി പഴയ പടക്കുതിരകളായ എഡ്വേര്‍ഡോ വർഗസിന്റെയും അലക്സിസ് സാഞ്ചസിന്റെയും പുറത്തേറി കുതിക്കുകയാണ്. ഈ ടൂർണ്ണമെൻറിൽ ഏറ്റവും കൂടുതൽ(3) അസിസ്റ്റുകൾ നടത്തിയ ബയർ ലെവർക്കൂസൻ മിഡ്ഫീൽഡർ ചാൾസ് അരന്‍ഗ്വിസ് ആണ് ചിലിയുടെ തേരാളി. ഏറ്റവും നന്നായി ഗ്രൂപ്പ് ഘട്ടം കടന്ന രണ്ട് ടീമെന്ന നിലയിൽ ഈ മത്സരമാണ് കോപ്പ ക്വാർട്ടറിൽ എല്ലാരുടെയും പ്രിയപ്പെട്ട മത്സരം.
iv)QF-1 : ഉറൂഗ്വെ vs പെറൂ

ഈ മത്സരത്തിൽ അത്ഭുതങ്ങൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. എട്ടാമതായി ലോകറാങ്കിംഗിൽ ഉള്ള ഉറൂഗ്വെ അവർക്ക് ചേര്‍ന്ന് വിതം തന്നെയാണ് കളിക്കുന്നത്. തോൽവി അറിയാതെ ഗ്രൂപ്പ് ഘട്ടം അവർ കടന്നു കഴിഞ്ഞു, ഏഴ് ഗോളുകൾ അടിച്ചുകൊണ്ട്. എഡിസൻ കവാനീ ലൂയിസ് സുവാരസ് എന്നിവർ പഴകും തോറും വീര്യം കൂട്ടിക്കോണ്ടിരിക്കുന്നൂ. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ കോമ്പിനേഷൻ ആണ് ഉറൂഗ്വെയുടെത്, ഡീഗോ ഗോഡിനും ഹോസെ ഗിമിനെസ്സും (അത്ലറ്റികോ മാഡ്രിഡ്), മാർട്ടിൻ കസെറെസ് (യുവാന്റസ്), ഡീഗോ ലാക്സൾട്ട് (A C മിലാൻ ) എന്നിവരാണ് അവർ. ബ്രസീലിനെതിരെ അഞ്ച് ഗോൾ വഴങ്ങിയ പെറുവിന് ഉറുഗ്വേയുടെ കൊല്ലുന്ന ഒഫൻസും തള്ളുന്ന ഡിഫൻസും പ്രതിരോധിക്കാൻ ശേഷി ഉണ്ടാകാൻ വഴിയില്ല. ബൊളീവിയയ്ക്ക് എതിരെ കാണിച്ച പോരാട്ട വീര്യം ഇനി അവരെ തുണയ്ക്കാൻ ഇടയില്ല.
കോപ്പ അമേരിക്കക്ക് ഒരാഴ്ചത്തെ ആയുസ്സ് കൂടിയെ ബാക്കിയുള്ളൂ. ക്വാർട്ടറിൽ പോരാട്ടങ്ങൾ തീ പാറിക്കും എന്നുറപ്പ്. ലാറ്റിൻ അമേരിക്കൻ കേളി ശൈലി എന്തെന്ന് വ്യക്തമാക്കുന്ന ലോകത്തെ ഏക ടൂർണ്ണമെൻറ് എന്ന നിലയിൽ, ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകൾ നേർക്കുനേർ വരുന്ന ടൂർണ്ണമെൻറ് എന്ന നിലയിൽ കോപ്പ എന്നും ഫുട്ബോൾ ആരാധകന്റെ കൗതുകമാണ്. തണുത്തു കിടക്കുന്ന യൂറോപ്പിയൻ ട്രാൻസ്ഫർ വിപണിക്ക് സംഭാവന ചെയ്യാൻ ഒരു പിടി ചേകവൻമാരെ ഇപ്പോഴെ കോപ്പ അമേരിക്ക മുന്നിൽ നിർത്തുന്നുണ്ട്. സൂപ്പർസ്റ്റാറുകളാൽ സംപുഷ്ടമായീ ടീമുകൾ കളത്തിലിറങ്ങുന്നൂ. മെസ്സി തന്റെ പ്രതിഭയുടെ ഏഴയലത്തല്ല. ആടി നിൽക്കുന്ന ആറാം ബാലൺ ഡി ഓർ എന്ന സ്വപ്നം കൈപ്പിടിയിലാക്കാൻ മെസ്സിക്ക് ഈ കോപ്പ അർജൻറീനയ്ക്കായി ജയിച്ചെ തീരു. കഴിഞ്ഞ അഞ്ചു കോപ്പ അമേരിക്ക ടൂർണ്ണമെൻറിൽ നാലിലും ഫൈനലിൽ എത്തി തോൽക്കാൻ ആയിരുന്നു ആൽബിസെലെസ്റ്റുകളുടെ വിധി.