ലോകകപ്പ് 2019, സെമിഫൈനൽ ഉറപ്പിച്ചു കങ്കാരുപ്പട
2019 ലോകകപ്പിൽ ലോർഡ്സിൽ ഇന്നു നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ 64 റൺസിനു പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടമുറപ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കു ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. സെഞ്ചുറി പിന്നിട്ട ഓപ്പണിങ് പാർട്ണർഷിപ്പിനു ശേഷം ഡേവിഡ് വാർണർ (53) പുറത്തായെങ്കിലും ഉസ്മാൻ ഖ്വാജയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ മറ്റൊരു അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഫിഞ്ച് ഓസീസ് ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. ഒരു ഘട്ടത്തിൽ ഓസീസ് സ്കോർ മുന്നൂറു കടക്കുമെന്ന് തോന്നിച്ചെങ്കിലും സെഞ്ചുറി നേടിയ ഫിഞ്ച് പുറത്തായ ശേഷം സ്കോറിങ്ങിന്റെ വേഗത കുറയുകയായിരുന്നു. മധ്യനിര ബാറ്സ്മാന്മാരിൽ നിന്നും കാര്യമായ സംഭാവന ഉണ്ടാകാതിരുന്നതോടെ നിശ്ചിത 50 ഓവറിൽ ഏഴു വിക്കെറ്റ് നഷ്ടത്തിൽ 285 റൺസിൽ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. നൂറു റൺ നേടി പുറത്തായ ആരോൺ ഫിഞ്ച് ആണ് ഓസീസ് നിരയിൽ ടോപ് സ്കോറർ. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സ് നാലു വിക്കറ്റുകൾ വീഴ്ത്തി.
ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയിൽ വളരെ അത്യാവശ്യമായ ജയത്തിനു വേണ്ടി ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തിലേ പിഴച്ചു. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ ജെയിംസ് വിൻസിനെ നഷ്ടമായതോടെ പരുങ്ങലിലായ ഇംഗ്ലണ്ടിനു സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് (8), നായകൻ ഓയിൻ മോർഗൻ (4) എന്നിവരേയും വേഗത്തിൽ നഷ്ടമായി. ഇരുപത്താറു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനു സ്കോർ 53 ൽ നിൽക്കേ നാലാം വിക്കറ്റും നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറുമായും (25) ആറാം വിക്കറ്റിൽ ക്രിസ് വോക്സുമായും (26) ചേർന്നു നേടിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളിലൂടെ ബെൻ സ്റ്റോക്സ് ഇംഗ്ലീഷ് ചേസിനെ മുന്നോട്ടു നയിച്ചെങ്കിലും 89 റൺസെടുത്ത സ്റ്റോക്സിനെ ക്ളീൻ ബൗൾഡാക്കി മിച്ചൽ സ്റ്റാർക് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ഇംഗ്ലീഷ് വാലറ്റത്തു ആദിൽ റഷീദ് ചെറിയ ചെറുത്തുനിൽപ്പു നടത്തിയെങ്കിലും 44.4 ഓവറിൽ 221 റൺസിന് അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. പത്തോവറിൽ 44 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ബെഹെൻഡറോഫ് ആണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തത്. മിച്ചൽ സ്റ്റാർക് നാലു വിക്കറ്റുകൾ വീഴ്ത്തി. ആരോൺ ഫിഞ്ച് ആണ് കളിയിലെ കേമൻ.