Cricket cricket worldcup Top News

ലോകകപ്പ് 2019, വാർണറിന്റെ മികവിൽ ഓസീസിനു ജയം

June 20, 2019

author:

ലോകകപ്പ് 2019, വാർണറിന്റെ മികവിൽ ഓസീസിനു ജയം

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ബംഗ്ലാദേശിനെ 48 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്നു നൽകിയത്. സ്കോർ 121ൽ നിൽക്കേ 53 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചിനെ നഷ്ടമായെങ്കിലും വാർണറും ഉസ്മാൻ ഖവാജയും ചേർന്നു ഓസീസ് സ്കോർ മികച്ച നിലയിലെത്തിച്ചു. തന്റെ പതിനാറാം സെഞ്ചുറി പൂർത്തിയാക്കിയ വാർണർ സ്കോറിങ്ങിനു വേഗത കൂട്ടിയതോടെ ഓസീസ് സ്കോർ വേഗത്തിൽ കുതിച്ചു. 147 പന്തിൽ നിന്നും 166 റൺസ് നേടിയ വാർണർ പുറത്തായശേഷം ക്രീയയിലെത്തിയ ഗ്ലെൻ മാക്സ്വെലിന്റെ മികച്ച ബാറ്റിങ്ങും ഓസീസിനെ സഹായിച്ചു. മാക്സ്വെൽ വെറും 10 പന്തുകളിൽ നിന്നും 32 റണ്ണുകൾ അടിച്ചുകൂട്ടിയപ്പോൾ ഉസ്മാൻ ഖവാജ 89 റണ്ണുകൾ നേടി പുറത്തായി. ബംഗ്ലാദേശിനു വേണ്ടി സൗമ്യ സർക്കാർ മൂന്നു വിക്കെറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു ഓപ്പണർ സൗമ്യ സർക്കാരിനെ റണൗട്ടിന്റെ രൂപത്തിൽ നഷ്ടമായി. പകരമിറങ്ങിയ ഷാകിബ് അൽ ഹസൻ മികച്ച രീതിയിൽ ബാറ്റു വീശിയെങ്കിലും 41 റണ്ണെടുത്തു പുറത്തായി. 62 റണ്ണെടുത്ത ഓപ്പണർ തമിം ഇക്ബാലിനെയും ലിറ്റൻ ദാസിനെയും വേഗത്തിൽ നഷ്ടമായെങ്കിലും മുഷ്ഫിക്‌രും മുഹമ്മദുള്ളയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ബംഗ്ലാ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. 50 പന്തിൽ നിന്നും 69 റൺസെടുത്ത മുഹമ്മദുള്ള പുറത്തായതോടെ ബംഗ്ലാ ചേസിനു വേഗത കുറയുകയായിരുന്നു. സെഞ്ചുറി നേടിയ (102*)മുഷ്‌ഫിഖുർ പുറത്താകാതെ നിന്നെങ്കിലും നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 333 റണ്ണുകളിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു. ഓസ്ട്രേലിയക്കു വേണ്ടി മിച്ചൽ സ്റ്റാർക്, കൗൾട്ടർ നൈൽ, സ്റ്റോയ്‌നിസ് എന്നിവർ രണ്ടു വിക്കെറ്റ് വീതം വീഴ്ത്തി. ഡേവിഡ് വാർണർ ആണ് കളിയിലെ കേമൻ.

Leave a comment