Cricket Top News

യുവി…!

June 10, 2019

author:

യുവി…!

ക്രിക്കറ്റ് മൈതാനിയിലെ പോരാളികള്‍ക്കൊരു പര്യായം…!

ലോകം വാഴ്ത്തിയ ക്രിക്കറ്റ് ദൈവത്തിനു കിട്ടക്കനിയായ ലോകകപ്പ് നേടിയെടുക്കാന്‍ തന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയ കാന്‍സര്‍ എന്ന രോഗത്തെ ലോകത്തിനു മുന്നില്‍ മറച്ചുപിടിച്ച്, താന്‍ ആരാധിക്കുന്ന തന്‍റെ പ്രിയപ്പെട്ട സച്ചിന്‍ പാജിക്കു വേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്ന് വാക്കിന് പകരം പ്രവൃത്തിയിലൂടെ തെളിയിച്ച് പ്രതിഭ..2011ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഇന്ത്യ കൈപ്പിടിയിലാക്കുമ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ആയ യുവി ആ ലോകകപ്പില്‍ പലപ്പോഴും ശ്വസമടക്കിപ്പിടിച്ച് നിന്ന ഇന്ത്യന്‍ ആരാധകരെ ആവേശത്തിരയിലെത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കതിരെ ധോണി ഔട്ടായപ്പോള്‍ ആശങ്കയിലായ ടീമിനെ ഫിനിഷീംഗ് പോയന്‍റിലെത്തിച്ചതും, സെമിയില്‍ 261 റണ്‍സ് എന്ന ശരാശരി വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്താന്‍റെ പാളം തെറ്റിച്ച ബൗളിംഗ് സ്പെല്ലും ഒക്കെ സഹകളിക്കാര്‍ പോലും കാണാതെ ചോരതുപ്പിയും അസഹ്യമായ വേദന കടിച്ചമര്‍ത്തിയുമായിരുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം പിന്നീട് അറിഞ്ഞത്..!

കോഴ വിവാദത്തില്‍ അസ്ഹറിനെയും അജയ് ജഡേജയെയും നഷ്ടമായിതോടെ കെട്ടുറപ്പില്ലാതെ പോയ ഇന്ത്യന്‍ മധ്യനിരക്കു കിട്ടിയ പുതുജീവന്‍ ആയിരുന്നു 2000-ല്‍ ടീമിലെത്തിയ യുവരാജ് സിംഗ് എന്ന 19കാരന്‍. പക്വതയും ആക്രമണവും ഒത്തുചേര്‍ന്ന യുവി പിന്നീട് ഒരു ദശാബ്ദത്തോളം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു. ദാദയ്ക്കു ശേഷം സിക്സ് ഹിറ്റിംഗിലൂടെ കാണികളെ കൈയിലെടുത്ത മധ്യനിരയിലെ ഈ ഇംകൈയ്യന്‍ 2007ലെ ആദ്യ t20 വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഓവറില്‍ 6 സിക്സ് നേടി ലോകത്തെ വിസ്മയിപ്പിച്ചു.

കാന്‍സറും ചികിത്സയും 2011നു ശേഷം ഫിറ്റ്നസ്സിനെയും പെര്‍ഫോമന്‍സിനെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ ടീമിലും യുവി പലപ്പോഴും പടിക്കുപുറത്തായി. സഹീര്‍,യുവി,ഗംഭീര്‍, സെവാഗ്,ഹര്‍ഭജന്‍ എന്നിവരില്ലാതെ ഇറങ്ങിയ ഇന്ത്യ 2013ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയതോടെ ടീമിലേക്കുള്ള ഈ 5 പേരുടയും മടങ്ങിവരവ് സാധ്യതകള്‍ ദുഷ്കരമാക്കി. 2017ലെ മടങ്ങിവരവില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും പുതിയ ഫിറ്റ്നസ്സ് അളവുകോലായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി.

ടോപ് ഓര്‍ഡറില്‍ രോഹിത്-ധവാന്‍-കൊഹ്ലി, തകര്‍ത്തടിക്കാന്‍ ധോണി-പാണ്ഡ്യ, ഫാസ്റ്റ്ബൗളിംഗില്‍ ഭുവി-ബൂംറ-ഷമി, സ്പിന്‍ വല നെയ്യാന്‍ ജഡു-കുല്‍ദീപ്-ചഹല്‍ എന്നിവര്‍ അണിനിരക്കുമ്പോളും നമ്പര്‍ 4 എന്ന സ്പോട്ടിനു ഇപ്പോളും കണക്കുകള്‍ വച്ചോ പ്രതിഭ വച്ചോ ഒരു യഥാര്‍ത്ഥ അവകാശി ആര് എന്ന് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ക്കോ ഫാന്‍സിനോ ഏകകണ്ഠമായി ചൂണ്ടിക്കാണിക്കാന്‍ യുവി ഇല്ലാത്ത 2013ലെ ICC ടൂര്‍ണമെന്‍റ് കഴിഞ്ഞ് 6 കൊല്ലങ്ങള്‍ക്കിപ്പുറവും കഴിയുന്നില്ല എന്നതില്‍ നിന്നും മനസ്സിലാക്കാം ഇന്ത്യന്‍ ക്രിക്കറ്റിനു എന്തായിരുന്നു യുവി എന്ന്.!

ടീമിനെ ജീവനേക്കാള്‍ സ്നേഹിച്ച യുവിക്ക് ലോകകപ്പിനു ശേഷം BCCI ഒരുവിടവാങ്ങല്‍ മല്‍സരം നല്‍കുമെന്നു വെറുതെയെങ്കിലും ആഗ്രഹിക്കുന്നു..

Love you YUVI…!

Leave a comment