Cricket cricket worldcup Top News

ലോകകപ്പ് 2019, രണ്ടാം ജയവുമായി ഓസീസ്

June 6, 2019

author:

ലോകകപ്പ് 2019, രണ്ടാം ജയവുമായി ഓസീസ്

2019 ലോകകപ്പിൽ ആവേശകരമായ തിരിച്ചുവരവു കണ്ട മത്സരത്തിൽ വിൻഡീസിനെ 15 റണ്ണുകൾക്കു തോൽപ്പിച്ച ഓസ്ട്രേലിയ ടൂർണമെന്റിലെ രണ്ടാം ജയം നേടി. ടെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൌളിംഗ് തെരഞ്ഞെടുത്ത വിൻഡീസ് ബൗളർമാർ തുടക്കത്തിലേ ഓസ്ട്രേലിയയെ വരിഞ്ഞുകെട്ടിയപ്പോൾ സ്റ്റീവ് സ്മിത്ത് ഒഴികെയുള്ള മുൻനിര ബാറ്സ്മാന്മാർക് പിടിച്ചുനിൽക്കാനായില്ല. ഒരു ഘട്ടത്തിൽ ആറു വിക്കറ്റുകൾക്ക് 147 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയ്ക്ക് എട്ടാമനായിറങ്ങിയ നാഥൻ കൗൾട്ടർ നൈലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് രക്ഷയായത്. വെറും അറുപതു പന്തുകൾ നേരിട്ട് എട്ടു ഫോറുകളും നാലു സിക്സറുകളുമടക്കം 92 റണ്ണുകൾ നേടിയ കൗൾട്ടർ നൈലിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ 49 ഓവറിൽ 288 റണ്ണുകൾക്ക് എല്ലാവരും പുറത്തായി. സ്റ്റീവ് സ്മിത്ത് 73 റണ്ണുകൾ നേടി. വിൻഡീസിനുവേണ്ടി കാർലോസ് ബ്രാത്വൈറ്റ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്ഡീസിനും ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി. പക്ഷേ മധ്യനിരയിൽ മികച്ച ബാറ്റിങ് കാഴ്ചവച്ച ഷൈ ഹോപ്‌, നിക്കോളാസ് പൂരൻ എന്നിവർ വിൻഡീസ് സാധ്യതകളെ മുന്നോട്ടു നയിച്ചു. ഹോപ്പ് 68, പൂരൻ 40 വീതം റണ്ണുകളെടുത്തു പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ചു നായകൻ ജേസൺ ഹോൾഡർ വിൻഡീസ് സ്കോറിനെ ലക്ഷ്യത്തോടടുപ്പിച്ചു. അർദ്ധ സെഞ്ചുറി നേടിയ ഹോൾഡറും പുറത്തായതോടെ വിൻഡീസ് പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. 50 ഓവറുകളിൽ ഒൻപതു വിക്കറ്റിന് 273 റണ്ണുകളിൽ വിൻഡീസ് സ്കോർ അവസാനിച്ചു. പത്തോവറിൽ 46 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക് ആണ് വിൻഡീസിനെ തകർത്തത്.

Leave a comment