Cricket cricket worldcup Editorial

യുസ്വേന്ദ്ര ചഹാൽ; മധ്യ ഓവറുകളിലെ ഇന്ത്യൻ സ്പീഡ് ബ്രേക്കർ

June 6, 2019

author:

യുസ്വേന്ദ്ര ചഹാൽ; മധ്യ ഓവറുകളിലെ ഇന്ത്യൻ സ്പീഡ് ബ്രേക്കർ

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോടു തോറ്റു നാട്ടിലേക്കു മടങ്ങിയ ഇന്ത്യൻ ടീമിനു മുന്നിൽ ചില ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. അവയിൽ പ്രധാനം അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള എതിരാളിയുടെ വീര്യം കെടുത്തുന്ന തരത്തിൽ നിർണായക വിക്കറ്റുകൾ മധ്യ ഓവറുകളിൽ വീഴ്ത്താൻ കഴിവുള്ള സ്പിൻ ബൗളർമാർ ഇല്ലായെന്നതായിരുന്നു. അശ്വിൻ – ജഡേജ സഖ്യത്തിന് ഇതിനു കഴിയാതെ പോയതായിരുന്നു ഇന്ത്യയുടെ ഫൈനൽ തോൽവിക്ക് പ്രധാന കാരണമായി ഉയർന്നു വന്നത്.

നാട്ടിലെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആദ്യമായി ഏറ്റെടുത്ത ദൗത്യവും അതുതന്നെയായിരുന്നു. അങ്ങിനെയാണ് പരിചയസമ്പന്നരായ അശ്വിൻ – ജഡേജയ്ക്കു പകരം കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹാൽ എന്നിവർ ടീമിൽ ഇടം പിടിച്ചത്. മികച്ച ചൈനമാൻ എന്ന രീതിയിൽ പേരെടുത്ത കുൽദീപിന്റെ വരവിനേക്കാൾ വിമർശകരുടെ നെറ്റി ചുളിപ്പിച്ചത് ചഹാലിന്റെ സെലെക്ഷൻ ആയിരുന്നു. ലൈൻ ഒന്നു തെറ്റിയാൽ നന്നായി അടിവാങ്ങാൻ സാധ്യതയുള്ള ചഹാലിനെപ്പോലൊരു ബൗളർ ടീമിനു ഭാരമാകുമെന്നവർ വിധിയെഴുതി. RCB ക്വാട്ട എന്നുപോലും അവർ ചഹാലിനെ മുദ്രകുത്തി.

പക്ഷേ ആ ഹരിയാനക്കാരൻ അത്തരം വിമർശനങ്ങൾക്കു ചെവികൊടുത്തിരുന്നില്ല. നിരന്തരം മികച്ച പ്രകടനങ്ങളുമായി അയാൾ ടീമിന്റെ വിജയങ്ങളിൽ പങ്കാളിയായി. ഇംഗ്ലണ്ടിനെതിരെ ഒരു T20 ഇന്നിങ്സിൽ ആറു വിക്കറ്റുകൾ വീഴ്ത്തിയത്, മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ അഞ്ചു വിക്കെറ്റ് പ്രകടനം മുതലായവയുടെ പിൻബലത്തിൽ അയാൾ ഇന്ത്യൻ ടീമിൽ തന്റെ സാന്നിധ്യമുറപ്പിച്ചു. ഒരു മികച്ച ചെസ്സ്‌ കളിക്കാരനാണ് ചഹാൽ, തന്നെ ആക്രമിക്കാനൊരുങ്ങുന്ന എതിരാളിയെ പ്രലോഭിപ്പിച്ചു കുഴിയിൽ വീഴ്ത്താനുള്ള കഴിവ് അയാൾ സ്വായത്തമാക്കിയത് ആ ചതുരംഗപ്പലകയിൽ നിന്നാകാം. ലോകകപ്പ് ടീമിൽ അയാളെ ഉൾപെടുത്തുമ്പോൾ സെലെക്ടർമാർ കണക്കിലെടുത്തത് കുൽദീപ് യാദവിനൊപ്പം ചഹാൽ ചേരുമ്പോൾ കൈവരുന്ന സമ്പൂർണതയായിരിക്കാം, മധ്യ ഓവറുകളിൽ ഇരുവരും ചേർന്നു എതിരാളിയുടെ മേൽ നേടുന്ന ആധിപത്യമായിരിക്കാം.

ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ഒരു പക്ഷേ കോഹ്ലിയും ശാസ്ത്രിയും ഒരുപാടു ചിന്തിച്ചിരിക്കാം, പല ഘട്ടങ്ങളിലും രവീന്ദ്ര ജഡേജ എന്ന പേര് അവർക്കു മുന്നിൽ ഉയർന്നു വന്നിരിക്കാം. ഫീൽഡിങ്, ബാറ്റിങ് എന്നിവയിൽ ജഡേജ ചഹാലിനേക്കാൾ കാതങ്ങൾ മുന്നിലാണെന്നുള്ള യാഥാർഥ്യമായിരിക്കാം അവരെ സ്വാധീനിച്ചത്. എങ്കിലും അവർ ചഹാലിൽ വിശ്വസിച്ചു. ആദ്യമത്സരത്തിൽ മനോഹരമായൊരു പ്രകടനവുമായി അയാൾ ആ വിശ്വാസം കാത്തുസൂക്ഷിച്ചു. ഇനിയും അയാൾക്ക് അതിനു സാധിച്ചാൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളിൽ ചഹാൽ ഒരു സുപ്രധാന കണ്ണിയാകുമെന്നതിൽ സംശയമില്ല.

Leave a comment

Your email address will not be published. Required fields are marked *