Editorial Foot Ball Top News

റോബനും റിബറിയും പടിയിറങ്ങുമ്പോൾ

May 11, 2019

author:

റോബനും റിബറിയും പടിയിറങ്ങുമ്പോൾ

2009 ഏപ്രിൽ നാല് ബയേൺ മ്യൂണിക് ആരാധകർ മറക്കാനാഗ്രഹിക്കുന്ന ദിനമാണ്. വോക്‌സ്വാഗൺ അറീനയിൽ വോൾഫ്ബർഗ് എഫ്സിക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തെറിയപ്പെടുമ്പോൾ ബയേൺ അടിയറ വെച്ചത് മത്സരം മാത്രമായിരുന്നില്ല 2008-2009 സീസണിലെ ബുണ്ടസ് ലീഗ കിരീടം കൂടിയായിരുന്നു.

ആ തോൽവി നൽകിയ ആഘാതം ബവേറിയൻ നിരയിൽ സമൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ജർമൻ ഇതിഹാസതാരം ക്ലിൻസ്മാനു ക്ലബ്ബിന്റെ പരിശീലക കുപ്പായം ഉപേക്ഷിക്കേണ്ടി വന്നു. പകരമെത്തിയ ഡച്ചുകാരൻ ലൂയിസ് വാൻ ഗാൽ ആദ്യമായി നോക്കിയതു തന്റെ ടീമിന്റെ വിങ്ങുകളിലേക്കായിരുന്നു. ഇടതു വിങ്ങിൽ മനോഹരമായ നീക്കങ്ങൾ മെനയുന്ന “ഫ്രാങ്ക് റിബറി”ക്കൊപ്പം വലതുവിങ്ങിലും മികച്ചൊരു താരത്തെ കൊണ്ടുവരാൻ വാൻ ഗാൽ തീരുമാനിച്ചു. ആ തീരുമാനത്തോടൊപ്പം അദ്ദേഹം കൂട്ടിവായിച്ച നാമം മറ്റൊരു ഡച്ചുകാരന്റേതായിരുന്നു. “ആര്യൻ റോബൻ” എന്ന തളരാത്ത പോരാളി ബവേറിയൻ നിരയിലെത്താൻ അധികം താമസമുണ്ടായിരുന്നില്ല.

യാദൃച്ഛികമെന്നു പറയട്ടെ, കഴിഞ്ഞ സീസണിൽ തങ്ങളെ തകർത്ത വോൾഫ്ബർഗിനെതിരെ തന്നെയായിരുന്നു റിബറിയോടൊപ്പം റോബന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റം. ആദ്യ പകുതിയിൽ മരിയോ ഗോമസിന്റെ ഗോളിനു ലീഡെടുത്ത ബയേണിന് വേണ്ടി കളിയുടെ അറുപത്തിയെട്ടാം മിനുട്ടിൽ റോബൻ തന്റെ ആദ്യഗോൾ നേടി. റിബറിയുടെ മനോഹമായ പാസ്സ് സ്വീകരിച്ച റോബൻ ഒരു ഇടംകാലൻ ഷോട്ടിലൂടെ വല കുലുക്കിയപ്പോൾ അലയൻസ് അരീനയിലുയർന്ന ആരവങ്ങൾ വരാനിരിക്കുന്ന സുവർണ കാലത്തിൻറെ കാഹളമായിരുന്നു.

റോബൻ റിബറി കൂട്ടുകെട്ടിന്റെ മാന്ത്രികത വീണ്ടും ദർശിക്കാനുള്ള ബയേൺ ആരാധകരുടെ കാത്തിരിപ്പിന് വെറും മിനിറ്റുകളുടെ ദൈർഖ്യമേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ എൺപതാം മിനുട്ടിൽ വീണ്ടും ആ കാലുകൾ അവരെ വിസ്മയിപ്പിച്ചു. റിബെറിയുടെ പാസിൽ വീണ്ടും റോബൻ വോൾഫ്ബർഗ് വല കുലുക്കിയതോടെ അവർ തങ്ങളുടെ പ്രിയപ്പെട്ട വിങ്ങർമാരെ തങ്ങളുടെ മനസ്സിൽ കുടിയിരുത്തി. ബവേറിയൻ ആരാധകരുടെ ആർപ്പുവിളികളിൽ അവർ ആ നാമവും ഉൾപ്പെടുത്തി “Robbery”, the deadliest duo in german club football !!.

റോബൻ ബയേണിലേക്കു വരുന്നതിനു രണ്ടു വർഷം മുന്നേ ഫ്രാങ്ക് റിബറിയെന്ന ഫ്രഞ്ചുകാരൻ ചുവപ്പു പടയ്ക്കുവേണ്ടി ബൂട്ടുകെട്ടിത്തുടങ്ങിയിരുന്നു. തന്റെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടി ബയേൺ കരിയറിനു തുടക്കമിട്ട റിബറി വളരെ പെട്ടന്നാണ് ടീമിന്റെ അവിഭാജ്യ ഘടകമായത്. നാല്പത്തിയാറു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളുകളും പതിനേഴു അസിസ്റ്റുകളുമായി അരങ്ങേറ്റ സീസണിൽ തന്നെ ബയേണിന്റെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റിബറിയായിരുന്നു.

ഒരേ പൊസിഷനിൽ കളിക്കുന്ന രണ്ടു കളിക്കാർ തമ്മിൽ ഒരു പോസിറ്റീവ് രസതന്ത്രം ഉടലെടുക്കുക ഫുട്ബോളിൽ അത്ര സാധാരണമല്ല. പക്ഷേ ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ഈ മുൻധാരണകളെ തിരുത്തിയെഴുതി. ഇരുവിങ്ങുകളിലുമായി അവർ എതിർ ഗോൾമുഖങ്ങളിൽ നാശം വിതച്ചു. ഏതു അസാധാരണ ആംഗിളിൽ നിന്നും ഗോൾ നേടാനുള്ള റോബന്റെ കഴിവിനെ റിബറി മനോഹരമായി ഉപയോഗിച്ചുവെന്നു പറഞ്ഞാൽ യാതൊരു അതിശയോക്തിയും ഉണ്ടാകില്ല. കളിക്കളത്തിൽ നിൽകുമ്പോൾ റോബനും അതിൽ വിശ്വാസമുണ്ടായിരുന്നു. ഏതു നിമിഷവും തന്നെത്തേടി വരുന്ന റിബറിയുടെ പാസ്സുകളെ റോബൻ പ്രതീക്ഷിച്ചിരുന്നു. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ.

നൂറ്റിപതിമൂന്നു മത്സരങ്ങളിൽ ബയേണിനായി റോബനും റിബറിയും ഒന്നിച്ചു കളത്തിലിറങ്ങി. അതിൽ എണ്പത്തിയേഴു തവണയും ജയം ബവേറിയൻ പടയ്‌ക്കൊപ്പം നിന്നു. കളത്തിൽ ഇത്രയധികം ഒത്തിണക്കം പ്രകടിപ്പിച്ച മറ്റൊരു ആക്രമണദ്വയം ഉണ്ടാകുമോയെന്നു തന്നെ സംശയമുളവാക്കുന്നതായിരുന്നു. ഇരുവരുടെയും പ്രകടനങ്ങൾ. ഇടക്കാലത്തു റിബറിയെ ഗ്രസിച്ച കാലിലെ പരിക്ക് വില്ലനായിരുന്നില്ലയെങ്കിൽ ഒരുപക്ഷെ ഈ കണക്കുകൾ അവിശ്വസനീയമായ തലങ്ങളിലേക്ക് സഞ്ചരിച്ചേനെ. ഒരു വ്യാഴവട്ടക്കാലം നീണ്ട ബയേൺ കരിയറിൽ നൂറ്റിയിരുപ്തിലേറെ അസിസ്റ്റുകളാണ് റിബറി നൽകിയത്. ഇതിൽ ഭൂരിഭാഗവും ചെന്നെത്തിയത് റോബന്റെ കാലുകൾ തേടിയായിരുന്നു.

ബയേൺ മ്യൂണിക് ക്ലബ്ബിന്റെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന പേരുകളാണ് റോബനും റിബറിയും. ഇക്കാലയളവിൽ ജർമൻ ചെമ്പട സ്വന്തമാക്കിയ ഏഴു ബുണ്ടസ് ലീഗ, നാലു DFB Pokal, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഇവരുടെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നു.

2012 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ആയിരിക്കാം ഒരു ദശാബ്ദക്കാലത്തെ തന്റെ ബയേൺ കരിയറിൽ ആര്യൻ റോബൻ ഏറ്റവുമധികം മറക്കാനാഗ്രഹിക്കുന്ന മത്സരം. കളിയിലുടനീളം വ്യക്തമായ മേധാവിത്വം പുലർത്തിയിട്ടും ചെൽസിക്കെതിരെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ബയേണിനു പരാജയം സമ്മതിക്കേണ്ടിവന്നു. നിശ്ചിത സമയത്തു ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയ റോബന്റെ പിഴവായിരുന്നു ബയേണിനെ തോൽവിയിലേക്ക് നയിച്ചത്. പക്ഷേ തൊട്ടടുത്ത വർഷം ബദ്ധവൈരികളായ ബൊറൂസ്സിയയെ 2-1 നു കീഴടക്കി യൂറോപ്പിന്റെ കിരീടം ബവേറിയൻസ് സ്വന്തമാക്കിയപ്പോൾ നിർണായകമായ രണ്ടാം ഗോളുമായി റോബൻ തന്റെ പിഴവിന് പരിഹാരം ചെയ്തു. കളിക്കളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനു അതിനവസരം നൽകിയത് തളികയിലെന്നവണ്ണം വച്ചു നീട്ടിയ റിബറിയുടെ പാസ്സായിരുന്നു. അതേ സീസണിലെ ബാലൺ ഡി ഓർ പുരസ്‌കാര മത്സരത്തിൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും പിന്നിൽ ഫ്രാങ്ക് റിബറി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ തൊട്ടടുത്ത വർഷം അതേ സ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പങ്കാളിയായിരുന്നു. 2013ൽ ബയേൺ നേടിയ യൂറോപ്യൻ ട്രെബിളിൽ അവഗണിക്കാനാകാത്ത സ്ഥാനം ഈ ഡച്ച് -ഫ്രഞ്ച് കൂട്ടുകെട്ടിന് അവകാശപ്പെടാനുണ്ട്.

ഏതൊരു സുന്ദര ദിനത്തിനും അതിനേക്കാൾ മനോഹരമായൊരു സായാഹ്നം സ്വന്തമായുണ്ടാകും. ബയേൺ ആരാധകർക്ക് ഏറ്റവും സുന്ദരമായ ഒരു ദശാബ്ദം സമ്മാനിച്ച ശേഷം ആ ഏഴാം നമ്പറും പത്താം നമ്പറും കുപ്പായങ്ങൾ അവർ താഴെ വയ്ക്കുമ്പോൾ അവർക്കായി ആർത്തു വിളിച്ച അലയൻസ് അറീന ചിന്തിക്കുന്നുണ്ടാകും “മടങ്ങി വരുമോ ഇരുവരും ചേർന്ന് ഇവിടത്തെ ഓരോ പുൽക്കൊടിയെയും രോമാഞ്ചമണിയിച്ച ആ സുദിനങ്ങൾ? ”

ലീഗിലെ അവസാന മത്സരത്തിനു ശേഷം തങ്ങളോടു വിടപറയുന്ന ആ കൊള്ളക്കാരെ നോക്കി ബവേറിയൻ ആരാധകർക്കൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളും ഇപ്രകാരം മൊഴിയും,

“പ്രിയപ്പെട്ട റോബറി, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളും കവർന്നെടുത്തിരുന്നു”..

Leave a comment

Your email address will not be published. Required fields are marked *