മെസ്സിയും ബാഴ്സയും ഒരു വഞ്ചിപ്പാടകലെയാണ് സോളമ !!
ഞായറാഴ്ച ലെവന്റെയെ തോൽപിച്ചു ലാ ലീഗ കിരീടം നേടിയ ബാഴ്സലോണ കാൽപന്ത് കളിയുടെ ലോകത്ത് ആധിപത്യം തുടരുന്നു. കഴിഞ്ഞ 11 വർഷത്തിൽ 8 തവണയാണ് അവർ ലീഗ് ചാമ്പ്യന്മാർ ആയത്. ബാക്കി മൂന്നു വർഷവും രണ്ടാം സ്ഥാനത്തു എത്താൻ സാധിച്ചു എന്നുള്ള വസ്തുത അവരുടെ സ്ഥിരതയെ വിളിച്ചോതുന്നു.
ലയണൽ മെസ്സിയുടെ ഉയർച്ചയും ഈ നേട്ടങ്ങളും വേറിട്ട് നിറുത്താൻ സാധിക്കുന്ന ഒന്നല്ല. 1990ൽ യോഹാൻ ക്രൈഫ് തുടങ്ങി വെച്ച വിപ്ലവം മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചത് മെസ്സിയാണെന്ന് നിശ്ചയമായും വിലയിരുത്താൻ സാധിക്കും. 31 വയസ് പൂർത്തീകരിച്ച താരം കിതക്കുന്ന ലക്ഷണമൊന്നും പക്ഷെ കാണിക്കുന്നില്ല. ഈ സീസണിൽ ബാഴ്സക്കായി അദ്ദേഹം 45 കളികളിൽ നിന്നായി 46 ഗോളുകളാണ് അടിച്ചിരിക്കുന്നത്. 22 അസിസ്റ്റും അദ്ദേഹം നടത്തിയിട്ടുണ്ട് എന്നുള്ള വസ്തുത അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം എന്താണന്നു നമ്മെ മനസിലാക്കുന്നു. ഗോൾഡൻ ബൂട്ടിനായി അദ്ദേഹത്തോട് മത്സരിക്കുന്ന എംബപ്പേ 36 ഗോളുകൾ മാത്രമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗിലും മെച്ചപ്പെട്ട പ്രകടനമാണ് ബാർസ ഈ കാലയളവിൽ നടത്തിയിരിക്കുന്നത്. മെസ്സിയുടെ യുഗത്തിൽ മാത്രം അവർ 4 തവണ യൂറോപ്യൻ ചാമ്പ്യന്മാർ ആയിട്ടുണ്ട്. എന്നിരുന്നാലും ബദ്ധവൈരികളായ റയൽ മാഡ്രിഡ് ആണ് ചാമ്പ്യൻസ് ലീഗിൽ അവരെക്കാൾ നല്ല പ്രകടനം ഈ കാലയളവിൽ കാഴ്ചവെച്ചത്. ഈ ബുധനാഴ്ച ലിവർപൂളിന് മറികടക്കാനായാൽ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗും നു ക്യാമ്പിലേക്ക് പോരും എന്ന് അനുമാനിക്കാം. മെസ്സി എന്ന ഇതിഹാസം ഉള്ള ബാഴ്സക്ക് തന്നെയാണ് ഇതിൽ മുൻതൂക്കവും. ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യന്മാരായാൽ മെസ്സിയും ബാഴ്സയും ആർക്കും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ എത്തും എന്ന് തീർച്ച.
എന്തിരുന്നാലും മെസ്സി ഉള്ള ബാഴ്സയോട് മല്ലടിക്കുന്ന യൂറോപ്പിലെ വൻകിടക്കാർക് അവരോടൊപ്പം എത്തിപ്പെടാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ഗാർഡിയോളയും ക്ളോപ്പും വന്നതിനു ശേഷം ഇംഗ്ലീഷ് ടീമുകൾ ആ വിടവ് കുറച്ചിട്ടുണ്ടെങ്കിലും മെസ്സിയോ റൊണാൾഡോയോ പോലെയുള്ള കളിക്കാരുടെ അഭാവം അവരെയും ഒരല്പം പിന്നിലാക്കുന്നു. ഏതായാലും സിദാൻ നയിക്കുന്ന റയൽ മാഡ്രിഡ് അടുത്ത സീസണിൽ എങ്ങനെ ബാഴ്സയുടെ കരുത്തിനെ മറികടക്കും എന്നുള്ളത് ഏവരും ഉറ്റുനോക്കും എന്ന് തീർച്ച.