Foot Ball Top News

ഇത്രയും ക്രൂരമായ തോൽവി ആരും അർഹിക്കുന്നില്ല – സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

April 18, 2019

ഇത്രയും ക്രൂരമായ തോൽവി ആരും അർഹിക്കുന്നില്ല – സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

നാടകീയവും ആവേശകരുമായ മത്സരത്തിന് യാന്ത്രികമായ അന്ത്യം. വി.എ.ർ വീണ്ടും താരമായ മത്സരത്തിൽ, ഒരു ഗോൾ മഴയ്ക്ക് ശേഷം, ടോട്ടൻഹാം സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും പുറത്തു വന്ന ഈ മത്സരം, ചരിത്രത്തിൽ ഒരു ഇതിഹാസ സ്ഥാനം കൈവരിക്കും എന്നുള്ളത് തീർച്ച.

ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ലീഡ് നേടിയ മുൻതൂക്കത്തിൽ ആണ് ടോട്ടൻഹാം കളി തുടങ്ങിയത്. എന്നാൽ വെറും 4 മിനുട്ടിനുള്ളിൽ ആ ലീഡ് റഹീം സ്റ്റെർലിങ് ഇല്ലാതാക്കി. വലതു വിങ്ങിൽ നിന്ന് അകത്തേക്ക് കട്ട് ചെയ്തു സെക്കൻഡ് പോസ്റ്റിലേക്ക് അയാൾ തൊടുത്ത ഷോട്ട് എല്ലാവരെയും കാഴ്ചക്കാരാക്കി വലചലിപ്പിച്ചു. എന്നാൽ 7 ആം മിനുട്ടിൽ വലചലിപ്പിച്ചു എവേയ് ഗോളിന്റെ മുൻതൂക്കം ടോട്ടൻഹാം നേടി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ കൊറിയൻ താരം സോങ് ആണ് ഇത്തവണയും അവരെ രക്ഷിച്ചത്. 10 മിനുട്ടിൽ സോങ് ടോട്ടൻഹാമിനെ മുന്നിൽ എത്തിക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ ഒരു മിനുട്ട് പോലും തികയുന്നതിനു മുമ്പ് ബെർണാഡോ സിൽവ സിറ്റിയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. 21 ആം മിനുട്ടിൽ ഡി ബ്രൂയാന കൊടുത്ത ക്രോസ്സ് സ്റ്റെർലിങ് ഗോൾ ആക്കിയപ്പോൾ 5 ഗോളുകൾ മത്സരത്തിൽ പിറന്നു കഴിഞ്ഞിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു ലീഡ് ചെയ്‌തെങ്കിലും രണ്ടു എവേയ് ഗോളിന്റെ പിൻബലത്തിൽ ടോട്ടൻഹാമിനായിരുന്നു മുൻതൂക്കം.

ഗോൾ മഴ ഒരുക്കിയ സ്വപ്നലോകത്തു നിന്ന് ഇരു ടീമുകളും രണ്ടാം പകുതിയിൽ ഉണർന്നിരുന്നു. ഇരു ടീമുകൾക്കും ഗോൾ വഴങ്ങിക്കൂടാ എന്ന അവസ്ഥയാണ് ഒരു പരിധി വരെ ഇതിന്റെ കാരണം. എന്നാൽ 59 ആം മിനുട്ടിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഗോളിലൂടെ അഗ്ഗുവേരോ സിറ്റിയെ മുന്നിൽ എത്തിച്ചു. ആർത്തിരമ്പിയ സിറ്റി ആരാധകർക്ക് മുമ്പിൽ കളിക്കാൻ ടോട്ടൻഹാം പിന്നീട് നന്നായി ബുദ്ധിമുട്ടി. എന്നാൽ കളിക്ക് വിപരീതമായി 78 ആം മിനുട്ടിൽ സ്പാനിഷ് സ്‌ട്രൈക്കർ ഫെർണാഡോ ലോറെൻറെ ടോട്ടൻഹാമിനെ കളിയിൽ തിരിച്ചു കൊണ്ടുവന്നു. ഒരു കോർണർ കിക്കിൽ ഹെഡ്ഡ്റിലൂടെ ഗോൾ നേടിയാണ് അയാൾ സിറ്റിയെ പ്രതിരോധത്തിൽ ആക്കിയത്. സ്കോർ നില 4-4. എവേയ് ഗോളിന്റെ മുൻതൂക്കം വീണ്ടും ടോട്ടൻഹാം തിരിച്ചു പിടിച്ചു.

ഇഞ്ചുറി ടൈമിൽ ആയിരുന്നു വി.എ.ർ. നാടകീയത ഒരുക്കിയത്. ടോട്ടൻഹാം കളിക്കാരനായ എറിക്സൺ കൊടുത്ത ബാക് പാസ് ബെർണാഡോ സിൽവയുടെ കാലിൽ തട്ടി അഗ്ഗുവേരോയുടെ കാലിലേക്ക്. രണ്ടു ഡിഫെൻഡേഴ്സിനെ നിഷ്പ്രഭമാക്കി അയാൾ കൊടുത്ത പാസ് സ്റ്റെർലിങ് ഗോൾ ആക്കുന്നു. സിറ്റി ഒരു മായാലോകത്തേക്കു പ്രവേശിച്ച നിമിഷമായിരുന്നു അത്. കാണികളും കളിക്കാരും ഗാർഡിയോളയും കണ്ണിൽ കണ്ടവരെയെല്ലാം കെട്ടിപിടിച്ചു വിജയം ആഘോഷിച്ചു. 30 സെക്കൻഡ്‌സ് നീണ്ട് നിന്ന് ആഘോഷം പക്ഷെ പെട്ടന്നു നിശബ്ദതയിലേക്കു മാറി. റഫറി അഗ്ഗുവേരോ ഓഫ് സൈഡ് ആണോ എന്ന് നോക്കാൻ വി.എ.ർ. ൻറെ സഹായം തേടി. വീഡിയോ അസിസ്റ്റന്റ് റഫറി ഗോൾ അനുവദിക്കാൻ വിസമ്മതിച്ചു. അങ്ങനെ ടോട്ടൻഹാം തങ്ങളുടെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു. സിറ്റിയുമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം ഗാർഡിയോളക്ക് വിധി വീണ്ടും നിരസിച്ചു.

Leave a comment