Cricket IPL Top News

ഡൽഹി ബൗളിങ്ങിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന് ഹൈദരാബാദ്; ഡൽഹിക്ക് അപ്രതീക്ഷിത വിജയം

April 15, 2019

author:

ഡൽഹി ബൗളിങ്ങിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന് ഹൈദരാബാദ്; ഡൽഹിക്ക് അപ്രതീക്ഷിത വിജയം

ഡൽഹി ക്യാപിറ്റൽസിന്റെ മൂന്നു ഫാസ്റ്റ് ബൗളർമാർ അവരുടെ ഐപിഎല്ലിലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ ഹൈദരാബാദിന് വേറെ മാർഗ്ഗമില്ലാതായി. താരതമ്യേന ചെറിയ സ്കോർ എന്ന് വിശേഷിപ്പിക്കാവുന്ന 155 റൺസിനെ ഡൽഹി നല്ല രീതിയിൽ പ്രതിരോധിച്ചപ്പോൾ പേരുകേട്ട ഹൈദരാബാദ് ബാറ്റിംഗ് നിരക്ക് 116 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി കോളിൻ മൺറോയുടേയും നായകൻ ശ്രെയസ് അയ്യരുടെയും ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 155 എന്ന ഭേദപ്പെട്ട സ്കോർ നേടി. ഈ സീസണിൽ ആദ്യമായി അവസരം കിട്ടിയ ഖലീൽ അഹമ്മദ് മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഡൽഹി ഓപ്പണർമാർക്ക് പിടിച്ചു നിൽക്കാനായില്ല. ഖലീലിന്റെ ആദ്യ രണ്ടു ഓവറുകളിലും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയ അദ്ദേഹം ഡൽഹിയെ പരുങ്ങലിൽ ആക്കി. അവിടെ നിന്നാണ് ശ്രെയസ് അയ്യരും കോളിൻ മൺറോയും ചേർന്നുള്ള കൂട്ടുകെട്ട് ഡൽഹിയെ രക്ഷിച്ചെടുത്തത്‌. ഖലീൽ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അനായാസം ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഹൈദരാബാദിൽ നിന്നും ജയം പിടിച്ചെടുക്കുകയായിരുന്നു ഡൽഹി. ആദ്യ വിക്കറ്റിൽ തന്നെ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഹൈദരാബാദ് ശക്തമായ നിലയിലായിരുന്നു. അതിനു ശേഷമാണ് ഹൈദരാബാദ് ചീട്ടുകൊട്ടാരം പോലെ തകർന്നത്. ഓപ്പണർമാരായ ഡേവിഡ് വാർണറും( 47 പന്തിൽ 51 ) ജോൺ ബെയർസ്റ്റോയും( 31 പന്തിൽ 41 ) അല്ലാതെ മറ്റാർക്കും രണ്ടക്കം കടക്കാൻ ആയില്ല എന്നത് ഹൈദരാബാദിന്റെ തകർച്ചയുടെ ആഴം കൂട്ടുന്നു. 4 വിക്കറ്റ് നേടിയ കാഗിസോ റബാഡയും 3 വിക്കറ്റ് വീതം വീഴ്ത്തിയ മോറിസും കീമോ പോളും ചേർന്ന് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി.

Leave a comment

Your email address will not be published. Required fields are marked *