Foot Ball Top News

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ – ലൂക്ക് ഷോയുടെ ഓൺ ഗോൾ ഒന്നാം പാദത്തിന് ഒരു തീരുമാനം ഉണ്ടാക്കി.

April 11, 2019

author:

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ – ലൂക്ക് ഷോയുടെ ഓൺ ഗോൾ ഒന്നാം പാദത്തിന് ഒരു തീരുമാനം ഉണ്ടാക്കി.

 

 

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്കുള്ള ബാർസയുടെ പ്രയാണത്തിന് ഒരു ചെറിയ കടമ്പ കടന്നു കിട്ടി.  ആധികാരികം അല്ലെങ്കിലും  ഒരു ഗോൾ ബലത്തിൽ ബാർസലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി.  പന്ത്രണ്ടാം മിനിറ്റിൽ ലൂയി സുവാരസിന്റെ ഹെഡർ അബദ്ധത്തിൽ ലൂക്ക് ഷോയുടെ ദേഹത്തു തട്ടി ഗോൾ ആവുകയായിരുന്നു.  വിജയത്തോടെ ഒന്നേ പൂജ്യത്തിന്റെ അഡ്വാൻറ്റേജുമായി ക്യാമ്പി നൗലേക്ക് പോകുന്ന ബാർസലോണ അടുത്ത ബുധനാഴ്ച യുണൈറ്റഡിനെ വരവേൽക്കുന്നതാണ്.

 

ബാർസലോണയുടെ കഴിവിന്റെ നിഴൽ മാത്രമായിരുന്നു ഇന്നലെ കണ്ടത്.  മെസ്സി ഏറെക്കുറെ മൗനിയായിരുന്നു. കൂടുതലും ഡിഫൻസിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന  മധ്യനിരക്കാരെ ആണ് ബാഴ്സയിൽ കാണാൻ കഴിഞ്ഞത്.  അതിനാൽതന്നെ ബോൾ പൊസിഷനിലെ ആധികാരികത  ടോട്ടൽ ഷോട്ടുകളിലോ ഷോട്ട് ഓൺ ടാർഗറ്റിലോ കാണാൻ കഴിയുന്നില്ല.  നേരെമറിച്ച് സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം ആക്രമണത്തിൽ മഞ്ചസ്റ്റർ പുറത്തെടുത്തെങ്കിലും ഗോൾ ആക്കുന്നതിൽ അവർ നന്നെ പരാജയപ്പെട്ടു.

 

രണ്ടാമതൊരു ഗോളിന് ഒരേയൊരു അവസരമുണ്ടായത് മുപ്പത്തിയാറാം മിനിറ്റിൽ ഫിലിപ്പ് കുട്ടിഞ്ഞോയിലൂടെ ആയിരുന്നു.  പക്ഷേ തൻറെ ഇടം കാലുകൊണ്ട് ഡി ഗെ അത് ഫലപ്രദമായി തടുത്തു വിട്ടു.  പിന്നെ ഒരിക്കലും യുണൈറ്റഡ് പോസ്റ്റിൽ ഡി ഗെയോ ബാർസ പോസ്റ്റിൽ ടെർ സ്റ്റെഗനോ പരീക്ഷിക്കപ്പെട്ടില്ല. നാൽപതാം മിനിറ്റിൽ റാഷ്ഫോർഡിന്റെ എണ്ണം പറഞ്ഞ ഒരു ക്രോസിന് ഡാലോട്ടിന് കൃത്യമായി തലവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ യുണൈറ്റഡിന് അർഹിച്ച ഒരു സമനില എങ്കിലും കിട്ടുമായിരുന്നു.

 

ആദ്യപകുതിയിൽ ബാർസയുടെ ആക്രമണത്തോടെ ആണ് കളി തുടങ്ങിയത്. എന്നാൽ ഗോൾ വഴങ്ങിയ യുണൈറ്റഡ് കൂടുതൽ ആക്രമണോത്സുകതയോടെ കളിച്ചു. രണ്ടാം പകുതിയില് മൊത്തം കണക്കെടുക്കുമ്പോൾ യുണൈറ്റഡ് മികച്ചുനിന്നു, നീക്കങ്ങൾ പൂർണ്ണതയിലെത്തിക്കാൻ ആയില്ല അവർക്ക് എന്നുമാത്രം.

 

ബാർസ റൈറ്റ് ബാക്ക് നെൽസൺ സെമെഡോ നല്ല പരിഗണന അർഹിക്കുന്നു. വേഗത്തിൽ മുന്നിൽ കയറി പോകാനും അതേവേഗത്തിൽ തിരിച്ചിറങ്ങി പ്രതിരോധിക്കാനും സെമെഡോ വ്യക്തമായ പാടവം കാഴ്ചവച്ചു. ഭാവിയിൽ ഇടത് ജോർഡി ആൽബക്ക് ചേർന്ന കൂട്ടായിരിക്കും വലതു നെൽസൺ സെമെഡോ.  സെർജിയോ ബുസ്കറ്റ്സ് എങ്ങനെ ഗ്രൗണ്ടിൽ നിലനിന്നു എന്ന് മനസ്സിലാകുന്നില്ല. രണ്ടാമത് ഒരു മഞ്ഞ കാർഡിനുള്ള അവസരം നാലോ അഞ്ചോ വട്ടം ബുസ്കറ്റ്സ് ഉണ്ടാക്കി. എന്നിട്ടും ആശാൻ കളത്തിൽ നിന്നത് റഫറിയുടെ മഹാമനസ്കത. ഇത്ര ഹൈവോൾട്ടേജ് മത്സരത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ട എന്ന് റഫറി വിചാരിച്ചുകാണും.

 

സ്കോട്ട് മെക്ടോമിനിക്ക് യുണൈറ്റഡിൽ നല്ലൊരു ഭാവിയുണ്ട്. ഇന്നലെ വളരെ നല്ലൊരു പ്രകടനമാണ് കാഴ്ച വച്ചത്. ഗ്രൗണ്ടിൽ എല്ലായിടത്തും അസാമാന്യമായ സങ്കടത്തോടെ മെക്ടോമിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രകീർത്തിക്കപ്പെടുന്ന പോലെ അടുത്ത് ഗ്യാരി നെവിലോ മൈക്കിള്‍ കാരിക്കോ ആകാൻ അദ്ദേഹത്തിന് സാധിക്കട്ടെ. അത്ര ശക്തമായ ഒരു ടീമിനോട് ആണ് എതിരിട്ടത് എങ്കിലും മഞ്ചസ്റ്റർ യുണൈറ്റഡ് അപ്രസക്തമായിരുന്നു എന്ന് പറയാന്‍ വയ്യാ. ബാഴ്സയെ ഒന്നു വെറുപ്പിച്ച് തന്നെയാണ് അവർ കീഴടങ്ങിയത്. പ്രത്യേകിച്ച് രണ്ടാംപകുതിയിൽ.  ഓല ഗുണ്ണാർ സോൾസ്ജർ നന്നായി കളി വിശകലനം ചെയ്തിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ. ഫിനിഷിങിലെ പോരായ്മ യുണൈറ്റഡ് വിലങ്ങുതടി ആയിരുന്നില്ല എങ്കിൽ ചിത്രം മറ്റൊന്നായേനെ.

 

“പർവ്വതങ്ങൾ കീഴടക്കാൻ ഉള്ളതാണ്”, പി എസ് ജി യുടെ കൈയിൽനിന്ന് ഒന്നാംപാദ തോൽവി വാങ്ങിയശേഷം സോൾസ്ജർ പറഞ്ഞതാണ്. അദ്ദേഹത്തിൻറെ കുട്ടികൾ രണ്ടാംപാദത്തിൽ പി എസ് ജി എന്ന പർവ്വതം കീഴടക്കുക തന്നെ ചെയ്തു. എന്നാൽ ബാർസ എന്ന മഹാമേരുവിനെ കീഴ്പ്പെടുത്താൻ രണ്ടാംപാദത്തിൽ ക്യാമ്പ് നൗവിൽ ചുവന്ന ചെകുത്താന്മാർ നല്ല വിയർപ്പൊഴുക്കേണ്ടിവരും.

 

Leave a comment

Your email address will not be published. Required fields are marked *