എല്ലാ പ്രതിസന്ധികളെയും മറികടന്ന് സിറ്റിക്ക് മേൽ ടോട്ടൻഹാമിന് വിജയം
കളിയുടെ ഗതിക്കു വിപരീതമായി, എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് തങ്ങളുടെ മനോഹരമായ പുതിയ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ടോട്ടൻഹാമിന് അഭിമാന വിജയം. ഒരു പെനാൽറ്റി വഴങ്ങിയിട്ടും, തങ്ങളുടെ സ്റ്റാർ സ്ട്രൈക്കർ ആയ ഹാരി കെയ്ൻ പരിക്കേറ്റു പുറത്തായിട്ടും സിറ്റിയെ തോൽപിക്കാൻ അവർക്കു സാധിച്ചത്, വിജയത്തിന്റെ മാറ്റ് കൂട്ടുന്ന വസ്തുത തന്നെയാണ്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സിറ്റിയെ മാനേജ് ചെയ്യുമ്പോൾ ഗാർഡിയോളയെ പിൻതുടരുന്ന നിർഭാഗ്യം ഇത്തവണയും ആവർത്തിക്കുമോ എന്ന് ഇനി കാത്തിരുന്ന് കാണാം. ഏതായാലും രണ്ടാം പദ്ധ മത്സരത്തിന് എത്തിഹാദ് സ്റ്റേഡിയത്തിൽ പോകുമ്പോൾ ടോട്ടൻഹാമിന് ആൽമവിശ്വാസത്തോടു കൂടി തന്നെ പോകാൻ ഈ വിജയം അവരെ സഹായിക്കും.
15ആം മിനുട്ടിൽ ആയിരുന്നു സിറ്റിക്ക് റഫറി പെനാൽറ്റി അനുവദിച്ചത്. സ്റ്റെർലിങ് പായിച്ച ഒരു ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ഡാനി റോസിന്റെ കയ്യിൽ തട്ടുകയായിരുന്നു. വി.എ.ർ നോക്കി എടുത്ത തീരുമാനം ആയിരുന്നു. എന്നാൽ കാണികളെ ആവേശത്തിലാക്കി കുൻ അഗ്ഗുവേറോ എടുത്ത ഷോട്ട് ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസ് സേവ് ചെയ്തു.
55 ആം മിനുട്ടിൽ ആയിരുന്നു ഹാരി കെയ്ൻ പരിക്ക് മൂലം പുറത്തു പോയത്. സിറ്റി ഡിഫൻഡർ ഫാബിയൻ ഡെൽഫുമായി ഉണ്ടായ കൂട്ടയിടിയിൽ അദ്ദേഹത്തിന് പരിക്ക് എല്കുകയായിരുന്നു. ഈ സീസണിൽ ഇനി അദ്ദേഹത്തിന് കളിയ്ക്കാൻ പറ്റില്ല എന്നുള്ള വാർത്ത ഫുട്ബോൾ ലോകത്തെ തന്നെ നിരാശയിലാക്കിയിരിക്കുകയാണ്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കൊറിയൻ താരം ഹ്യോൻ സോൺ മിങ് ആതിഥേയരെ മുന്നിൽ എത്തിച്ചു. എറിക്സൺ നൽകിയ പാസ് കാലിൽ സ്വീകരിച്ചു രണ്ടു പ്രധിരോധകരെ വെട്ടിച്ചു പായിച്ച ഷോട്ട് സിറ്റി ഗോളി എഡേഴ്സണെ പരാജയപെടുത്തുകയായിരുന്നു. സോൺ തന്നെയാണ് കഴിഞ്ഞ ആഴ്ച പുതിയ സ്റ്റേഡിയത്തിൽ അവർക്കായി ആദ്യ ഗോൾ നേടിയത്. അതെ സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗിലും അവർക്കായി ഗോൾ നേടുന്ന ആദ്യ താരമായി സോൺ മാറി.