Foot Ball Top News

ചാമ്പ്യൻസ് ലീഗ് ആവേശത്തിൽ വീണ്ടും രാവുകൾ പുലരുമ്പോൾ

April 9, 2019

ചാമ്പ്യൻസ് ലീഗ് ആവേശത്തിൽ വീണ്ടും രാവുകൾ പുലരുമ്പോൾ

ചാപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇന്ന് തിരി തെളിയും. ആദ്യ മത്സരങ്ങളിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെയും ലിവർപൂൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയെയും നേരിടും. ഇന്ത്യൻ സമയം രാവിലെ 12 .30 നു ആണ് കളികൾ ആരംഭിക്കുക.

പ്രീമിയർ ലീഗ് ലീഡ് ചെയ്യുന്നു എന്ന ആത്മവിശ്വാസത്തിലാണ് സിറ്റി കളത്തിൽ ഇറങ്ങുന്നത്.ചാമ്പ്യൻസ് ലീഗ് നേടുന്നതിന് വേണ്ടിയാണ് സിറ്റിയുടെ ഖത്തർ ഉടമകൾ ഗാർഡിയോളയെ അവരുടെ മാനേജർ ആയി നിയമിച്ചത്. ഗാർഡിയോളയ്‌ക്കയ്‌ക്കോട്ടെ തൻറെ മികവ് പ്രകടിപ്പിക്കാൻ ചാമ്പ്യൻസ് ലീഗ് കിരീടം അതിനാൽ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു .എന്നാൽ പ്രീമിയർ ലീഗിലെ പ്രകടനം ചാമ്പ്യൻസ് ലീഗിൽ പുറത്തെടുക്കാൻ അവർക്ക് ഇന്നേവരെ സാധിച്ചിട്ടില്ല. ഇത് സാധ്യമാകുമോ എന്നുതന്നെയാകും ഫുട്ബോൾ ലോകം കാത്തിരുന്ന് നോക്കിക്കാണുക.

കഴിഞ്ഞ രണ്ടു കൈമാറ്റവിപണിയിലും ഒരു കളിക്കാരനെ പോലും വാങ്ങിക്കാതെയാണ് ടോട്ടൻഹാം ഭേദപ്പെട്ട പ്രകടനം കാഴച്ചവയ്ക്കുന്നതു .പുതിയ സ്റ്റേഡിയം പണിയുന്നതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് അവരെ കൈമാറ്റവിപണിയിൽ ചതിച്ചതു. യൂറോപ്യൻ ടുർണമെന്റ്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത തങ്ങളുടെ പഴയ സ്റ്റേഡിയത്തിന്ഇല്ലാ എന്നുള്ള തോന്നലാണ് ഇത്രയധികം പണം മുടക്കാൻ ടോട്ടൻഹാം മാനേജ്മെൻറ്റിനെ പ്രേരിപ്പിച്ചത്. നിർമ്മാണ ജോലി പൂർത്തിയായി അവർ ആ സ്റ്റേഡിയം കളികൾക്കായ് കഴിഞ്ഞയാഴ്ച്ച തുറന്നുകൊടുത്തിരുന്നു. യൂറോപ്യൻ വമ്പൻമ്മാരാകുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടി അവർ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി സ്റ്റേഡിയത്തിന് ഉതകുന്ന പ്രകടനം അവർക്ക് കാഴച്ചവയ്ക്കാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കിക്കാണാം.

ചാമ്പ്യൻസ് ലീഗ് കിരീടം അടിക്കാൻ ഏറ്റവും സാധ്യത ഉള്ള ഒരു ടീമായി കണക്കാക്കപ്പെടുന്ന മറ്റൊരു ഇംഗ്ലീഷ് ക്ലബ് ആണ് ലിവർപൂൾ. അവർക്കാകട്ടെ താരതമ്മ്യേന ദുർബലരായ പോർട്ടോയെയാണ് എതിരാളികൾ ആയി കിട്ടിയിരിക്കുന്നത്. ലിവർപൂൾ സെമി ഫൈനൽ ഉറപ്പിക്കും എന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ ഒന്നടങ്കം വിലയിരുത്തുന്നത്. എന്നാൽ പോർച്ചുഗിസ് ക്ലബ്ബുകളെ അങ്ങനെ തള്ളിക്കളയാനും സാധിക്കില്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 2004 ൽ മൗറീഞ്ഞോയുടെ നേതൃത്വത്തിൽ അവർ ചാമ്പ്യൻസ് ലീഗ് കപ്പ് അടിച്ചവരാണ്. ഇന്നും പ്രതിഭകൾക്ക് ഒട്ടും കുറവില്ലാത്ത ഒരു നാടുമാണ് പോർച്ചുഗൽ. അതിനാൽ ലിവർപൂൾ പോർട്ടോ മത്സരത്തിനും ആവേശത്തിന് കുറവ് വരില്ല എന്ന് നമ്മുക്ക് അനുമാനിക്കാം.

 

Leave a comment