മിലാന് സമനില ; യുവന്റസിനു വിജയം
സെറി എ ലീഗ് പോരാട്ടത്തിൽ യുവന്റസ് വിജയത്തോടെ മുന്നേറിയപ്പോൾ എ.സി മിലന് സമനില കൊണ്ട് തൃപ്തി പെടേണ്ടി വന്നു. അവേ മത്സരത്തിൽ യുവന്റസ് ദുർബലരായ കാഗ്ലിയറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഉഡിനീസിനെ തോൽപ്പിക്കാൻ മിലാനു സാധിച്ചില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു കാളി സമനിലയിലാക്കി. ഇതോടെ യുവന്റസ് 18 പോയിന്റ് ലീഡോടെ ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. എ.സി മിലാനാകട്ടെ 52 പോയിന്റുമായി നാലാം സ്ഥാനത്താണ്.
റൊണാൾഡോയും ഡിബാലയും ഇല്ലാതെയാണ് യുവന്റസിനു ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ശക്തമായ യുവനിരയെ മാനേജർ അല്ലെഗ്രി വളർത്തിക്കൊണ്ടു വരുന്നതിന്റെ പരിണിത ഫലമാണ് ഇത്. അതിൽ എടുത്തു പറയേണ്ട രണ്ടു യുവ താരങ്ങളാണ് മോയ്സെ കീനും ഫെഡറികോ ബെർണാടിച്ചിയും. കീൻ ആവട്ടെ ഇറ്റലിക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം തുടരുന്നതാണ് കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ ഗോൾ അടിച്ചതും ഈ 19 വയസുള്ള പയ്യനാണ്. ബെർണാടിച്ചി ആകട്ടെ അത്ലറ്റികോ മാഡ്രിഡിന് എതിരെ നടത്തിയ തീപ്പൊരി പ്രകടനത്തോട് കൂടെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കുന്നു. യുവന്റസിന്റെയും ഇറ്റലിയുടെയും ഭാവി സുരക്ഷിതമാണ് എന്ന് ഈ യുവനിരയുടെ പ്രകടനം മൂലം പ്രവചിക്കാനാകും.
തങ്ങളുടെ സ്റ്റാർ സ്ട്രൈക്കർ പിയാട്ടെക് ഗോൾ അടി തുടരുന്നത് മാത്രമാണ് മിലാന്റെ ഏക ആശ്വാസം. ഈ സീസണിൽ 10 കളികളിൽ നിന്ന് അദ്ദേഹം 7 ഗോളുകൾ അടിച്ചു കാണികളുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. എന്നാലും പഴയ പ്രതാപത്തിലേക്കു എത്താൻ ഇനിയും ഒരുപാട് ദൂരം അവർക്കു യാത്ര ചെയേണ്ടി വരും.ശനിയാഴ്ച മിലാൻ യുവന്റസിനെ നേരിടുമ്പോൾ വിജയിച്ചില്ലെങ്കിൽ ആദ്യ നാലിലെ സ്ഥാനവും അവർക്കു പോകാൻ ഇടയുണ്ട്. 5 ആം സ്ഥാനത്തുള്ള ലാസിയോ അവരുടെ തൊട്ടു പുറകെ ഉണ്ട്.