Foot Ball Top News

ഗോൺസാലോ ഹിഗ്വയ്ൻ അർജന്റൈൻ കരിയറിന് വിരാമം കുറിച്ചു

March 29, 2019

ഗോൺസാലോ ഹിഗ്വയ്ൻ അർജന്റൈൻ കരിയറിന് വിരാമം കുറിച്ചു

             അർജൻറീനയുടെ മുന്നേറ്റനിര താരം ഗോൺസാലോ ഹിഗ്വയ്ൻ ദേശീയ ടീമിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. പിപിറ്റ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം അർജന്റീനയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരി ഒരാളായാണ് വിലയിരുത്തപ്പെടുന്നത് . നിലവിൽ യുവന്റസിൽ നിന്നും ലോണിൽ ചെൽസിയിൽ കളിക്കുന്ന താരം തന്റെ മുപ്പത്തിയൊന്നാം വയസിലാണ് അർജൻറീനയുടെ ജേഴ്സി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. അർജൻറീനക്കു വേണ്ടി എഴുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും മുപ്പത്തിയൊന്നു ഗോളുകൾ നേടിയിട്ടുള്ള ഹിഗ്വയ്ൻ പതിമൂന്നു അസിസ്റ്റും അർജന്റീനൻ ജേർസിയ്യിൽ നേടിയിട്ടുണ്ട്. യുവതാരങ്ങൾക്കു അവസരം ലഭിക്കുന്നതിനു വേണ്ടിയാണു താൻ ദേശീയ ടീമിനോടു വിട പറയുന്നതെന്നു ഹിഗ്വയ്ൻ വ്യക്തമാക്കി. അർജന്റീനയിൽ നിന്നും ഉയർന്നു വന്ന മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണെങ്കിലും ആരാധകരുടെ മനസിൽ ഒരു വില്ലൻ കഥാപാത്രമാണ് ഹിഗ്വയ്ൻ. 2014 ലോകകപ്പിലും 2015ലെ കോപ അമേരിക്ക ടൂർണമെന്റിലും ഫൈനൽ വരെയെത്തിയ അർജന്റീനക്ക് ഹിഗ്വയ്ന്റെ വലിയ പിഴവുകൾ കൂടിയാണ് കിരീടം നഷ്ടപ്പെടുത്തിയത്. 2016നു ശേഷം ദേശീയ ടീമിനു വേണ്ടി ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം കഴിഞ്ഞ ലോകകപ്പിലും മോശം പ്രകടനമാണു കാഴ്ച വെച്ചത്.2009ൽ ഡീഗോ മറഡോണക്കു കീഴിൽ പെറുവിനെതിരെ അർജന്റീനയിൽ അരങ്ങേറ്റം കുറിച്ച ഹിഗ്വയ്ൻ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ടീമിന്റെ ലോകകപ്പ് സാധ്യതകൾ ഉറപ്പിച്ചിരുന്നു. 2010ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ ഹാട്രിക്ക് നേടിയിട്ടുള്ള ഹിഗ്വയ്ൻ ബാറ്റിസ്റ്റ്യൂട്ടക്കു ശേഷം ലോകകപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. മറഡോണക്കു പിന്നിൽ അർജൻറീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ ആറാം സ്ഥാനത്താണ് ഹിഗ്വയ്ൻ. ചെൽസിയിൽ മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ വിരമിക്കൽ തീർത്തും അപ്രതീക്ഷിതമാണ്.

Leave a comment