തിരനോട്ടം – അവിസ്മരണീയ തിരിച്ചു വരവ് നടത്തിയ ഡെൻമാർക്ക്
കഴിഞ്ഞ ദിവസം നടന്ന ഏറ്റവും മികച്ച യൂറോ യോഗ്യത മത്സരം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു. അത് സ്വിറ്റ്സർലൻഡ് ഡെൻമാർക്ക് മത്സരമായിരിക്കും. 83 ആം മിനിറ്റ് വരെ മൂന്ന് ഗോളുകൾക്കു പിന്നിട്ട് നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചു കളി സമനിലയാക്കി സ്വിറ്റ്സർലൻഡ് കാണികളുടെ ഹൃദയം തകർത്തിട്ടാണ് ക്രിസ്ത്യൻ എറിക്സൺ നയിച്ച ഡെൻമാർക്ക് ടീം കളം വിട്ടത്.
ഷക്കിറി ഇല്ലാതെ ഇറങ്ങിയ സ്വിറ്റ്സർലൻഡ് പക്ഷെ 19 ആം മിനുട്ടിൽ തന്നെ ലക്ഷ്യം കണ്ടു. ബോക്സിനുള്ളിലെ തമ്മിലടി മുതലെടുത്തു ഫ്രോലർ ആണ് സ്കോർ ചെയ്തത്. 66 ആം മിനുട്ടിൽ ഗ്രാനിറ്റ് ഷാക്ക അവരുടെ ലീഡ് നില ഉയർത്തി. 35 അടി അകലെ നിന്ന് അദ്ദേഹം പായിച്ച ഷോട്ട് എല്ലാവരെയും കാഴ്ചക്കാരാക്കി വലക്കുള്ളിൽ ആയി. ആഴ്സണലിന്റെ താരമായ ഷാക്ക ലോങ്ങ് റേഞ്ച് ഷോട്ടുകൾ പായിച്ചു താരമായ ഒരു കളിക്കാരനാണ്. അടുത്തിടെ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലും അയാൾ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് പായിച്ചു ഗോൾ നേടിയിരുന്നു. 76 ആം മിനുട്ടിൽ എംബോളയുടെ ഗോൾ കൂടി പിറന്നപ്പോൾ സ്വിറ്റ്സർലൻഡ് ജയം ഉറപ്പിച്ചു.
എന്നാൽ പിന്നീട് കണ്ടത് ഡെന്മാർക്കിൽ ഉയർത്തെഴുനേപ്പായിരുന്നു. സ്വിറ്റ്സർലൻഡ് 82 ആം മിനുട്ടിൽ ഷാക്കയെ പിൻവലിച്ചത് അവരുടെ മധ്യനിരയിലെ മേധാവിത്വം നഷ്ടപ്പെടുത്തി. ഇത് ടോട്ടൻഹാം കളിക്കാരനായ എറിക്സൺ വൃത്തിക്ക് ചൂഷണം ചെയ്യുകയും ചെയ്തു. എറിക്സൺന്റെ ഒരു ഫ്രീ കിക്ക് മത്ഥിയാസ് യുർഗിൻസൺ ഹെയ്ഡറിലൂടെ [83 മിനിറ്റ്] ഗോൾ ആക്കി മാറ്റി. 87 മിനുട്ടിൽ രണ്ടാം ഗോളും പിറന്നു. ഇത്തവണയും എറിക്സൺ ആണ് ആക്രമണം തുടങ്ങിയത്. അദ്ദേഹത്തിന്റെ ഒരു ത്രൂ ബോൾ സ്വിസ്സ് പ്രതിരോധത്തെ നടുവേ മുറിച്ചു മത്ഥിയൂസ് യോർഗിൻസാണ് ലഭിച്ചപ്പോൾ അദ്ദേഹം സ്വാർത്ഥത കാണിക്കാതെ പകരക്കാരനായി ഇറങ്ങിയ ക്രിസ്ത്യൻ ഗിറ്സ്കേറിനു പാസ് നൽകി. ഒന്ന് ചെറുതായി തൊട്ടു കൊടുക്കണ്ട ജോലിയെ ബാക്കി ഉണ്ടായിരുന്നുള്ളു [3-2]. ഇഞ്ചുറി ടൈമിൽ സ്വിസ് കളിക്കാരെയും കാണികളെയും ഞെട്ടിച്ചു മൂന്നാം ഗോളും ഡെൻമാർക്ക് നേടി. ബോക്സിനു അകത്തു വന്ന പന്ത് ക്ലിയർ ചെയ്യാൻ സ്വിസ് താരങ്ങൾ താമസിച്ചപ്പോൾ, കിട്ടിയ അവസരം മുതലാക്കി ഹെൻറിക്ക് ഡൽസ്ഗാർഡ് അവർക്കു സമനില ഒരുക്കി കൊടുത്തു.
ഒരു ടീമിനെയും തള്ളിക്കളയാനോ നിസാരമായി കാണാനോ സാധിക്കില്ല എന്ന് തെളിയിച്ച മത്സരമായിരുന്നു അത്. പിന്നെ താൻ റിയൽ മാഡ്രിഡ് പോലുള്ള ക്ലബ്ബുകളിൽ കളിക്കാൻ യോഗ്യനാണെന്നു എറിക്സൺ തെളിയിക്കുകയും ചെയ്തു. അദ്ദേഹത്തെ മാഡ്രിഡ് നോട്ടം ഇടാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഈ സീസണിലും ടോട്ടൻഹാം കപ്പ് ഒന്നും അടിച്ചില്ലെങ്കിൽ എറിക്സൺ മാഡ്രിഡിലേക്കു പോകാനുള്ള സാധ്യത ഏറെയാണ്.