മൊറാട്ട മിന്നി: സ്പെയിനിന് ആധികാരിക ജയം
യൂറോ യോഗ്യത മത്സരത്തിൽ മാൾട്ടക്കെതിരെ സ്പെയിനിനു ജയം. അൽവാരോ മൊറാട്ടയാണ് സ്പെയിനിനു വേണ്ടി ഇരട്ട ഗോൾ നേടിയത്. ദുർബലരായ എതിരാളികൾക്കെതിരെ മികച്ച ഫുട്ബോൾ കാഴ്ച വെക്കുന്നതിൽ സ്പെയിൻ വിജയിച്ചു. കോച്ച് എന്റികോക്ക് കീഴിൽ മികച്ച പ്രകടനം തുടരുന്ന സ്പെയിൻ മാൾട്ടക്കെതിരെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വച്ച കളിച്ച സ്പെയിൻ കളിയുടെ സർവ മേഖലയിലും ആധിപത്യം പുലർത്തി. ഏറെക്കാലമായി ഫോമിലല്ലാതിരുന്ന സ്റ്റാർ സ്ട്രൈക്കർ അൽവാരോ മൊറാട്ട നിരന്തരം മാൾട്ട ഗോൾ മുഖത്ത് തലവേദന സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. ക്യാപ്റ്റൻ റാമോസിന്റെ നേതൃത്ത്വത്തിലുള്ള പ്രതിരോധവും മികവ് പുലർത്തി. ശക്തരായ എതിരാളികൾക്കെതിരെ ഒന്നും ചെയ്യാനില്ലാത്തവരുടെ ഒരു കൂട്ടം എന്ന നിലയിൽ അലസമായാണ് മാൾട്ട ടീമംഗങ്ങൾ പന്ത് തട്ടിയത്.കളിയുടെ മുപ്പത്തിയൊന്നാം മിനുട്ടിൽ സ്പെയിനിനു വേണ്ടി ആദ്യ ഗോൾ നേടിയ മൊറാട്ട എഴുപത്തിമൂന്നാം മിനുട്ടിൽ ഒരു വട്ടം കൂടി മാൾട്ട വലകുലുക്കി ഇരട്ട ഗോൾ നേട്ടം ആഘോഷിച്ചു. കളിയുടെ സർവ മേഖലയിലും ആധിപത്യം പുലർത്തിയ സ്പാനിഷ് ടീം ഈ യൂറോ യോഗ്യതാ മത്സരത്തിലെ ഏറ്റവും സന്തുലിതമായ ടീമാണ്.