അന്താരാഷ്ട്ര സൗഹൃദ മത്സരം : ജീസസിന്റെ ചിറകിലേറി ബ്രസീൽ
പകരക്കാരനായിറങ്ങിയ ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോൾ മികവിൽ ചെക് റിപ്പബ്ലിക്കിനെതിരെ ബ്രസീലിനു ജയം. പ്രാഗിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം.
പോയ വാരം ഇംഗ്ലണ്ടിനോട് 5-0നു തകർന്ന ചെക്ക് ടീമിനെ അല്ല ഇന്നലെ സിനാബോ സ്റ്റേഡിയത്തിൽ കണ്ടത്. പ്രതിരോധത്തിലും ആക്രമണത്തിലും അവർ ആദ്യ പകുതിയിൽ ബ്രസീലിനേക്കാൾ മുന്നിട്ടു നിന്നു. എന്നാൽ മറുവശത്തു ബ്രസീലാകട്ടെ അലസമായാണ് ആദ്യ പകുതിയെ നേരിട്ടത്. അലക്ഷ്യമായി നൽകിയ പാസുകൾ പലപ്പോഴും ചെക് താരങ്ങൾ റാഞ്ചി ബ്രസീൽ ബോക്സിലേക് നിറയൊഴിച്ചു. പൊസഷനിൽ മുൻതൂക്കമുണ്ടായിരുന്ന മഞ്ഞപ്പടക്കെതിരെ വേഗമാർന്ന കൗണ്ടർ അറ്റാക്ക് എന്ന തന്ത്രമായിരുന്നു കോച്ച് സിൽഹാവിയുടെ ടീം പയറ്റിയത്. 36-ആം മിനുറ്റിൽ മികച്ചൊരു ടീം വർക്കിനൊടുവിൽ കിട്ടിയ പാസ്സ് ഗോളി അലിസ്സനെ നിസ്സയഹനാക്കി പവൽക്ക വെടിയുണ്ട കണക്കെ വലയിലാക്കി (1-0). അതോടെ ബ്രസീൽ സമ്മർദ്ദത്തിലായി.

അപ്രതീക്ഷിത തോൽവി മുന്നിൽ കണ്ട ബ്രസീൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. 49-ആം മിനുട്ടിൽ ചെക് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഫിർമീനോ ബ്രസീലിനെ ഒപ്പമെത്തിച്ചു (1-1).പിന്നീടങ്ങോട് ബ്രസീൽ അധിപത്യമായിരുന്നു മാച്ചിലുടനീളം. 63-ആം മിനുറ്റിൽ പകരക്കാരനായിറങ്ങിയ അരങ്ങേറ്റ താരം നേരസ് തന്റെ വേഗം കൊണ്ട് ചെക് പ്രതിരോധത്തെ വലച്ചു. 78-ആം മിനുട്ടിൽ ലഭിച്ച താരത്തിന് സുവർണാവസരം ചെക് ഗോളി പാവ്ലിങ്കോ തട്ടിയകറ്റി. എന്നാൽ 83-ആം മിനുട്ടിൽ നേരസ് ആ പിഴവിന് പരിഹാരം ചെയ്തു. ഗോളിയെ നിസ്സഹായനാക്കി നേരസ് ബോൾ പാസ്സ് ചെയ്തപ്പോൾ അനായാസം വലയിലാക്കി ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചു (1-2). തുടർന്നു 90-ആം മിനിറ്റിലും മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ റീബൗണ്ട് ഷോട്ടിലൂടെ ജീസസ് തന്റെ ഡബിൾ പൂർത്തിയാക്കി ബ്രസീലിന്റെ വിജയമുറപ്പിച്ചു (1-3).