Cricket Top News

പാക് നെഞ്ചിൽ ഫിഞ്ചിന്റെ പഞ്ച്

March 23, 2019

author:

പാക് നെഞ്ചിൽ ഫിഞ്ചിന്റെ പഞ്ച്

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന് ആധികാരിക വിജയം. ഇന്ത്യക്കെതിരായ ഏകദിന പരമ്പര വിജയിച്ച ശേഷം ടീമിന് ലഭിച്ച ആത്മവിശ്വാസം ശരിക്കും പ്രകടമാകുന്ന രീതിയിലാരുന്നു ഓസ്‌ട്രേലിയയുടെ കളി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 280 റൺസ് അടിച്ചു. ഹാരിസ് സൊഹൈലിന്റെ സെഞ്ച്വറി ആണ് പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഒരു ഓവർ ബാക്കി നിൽക്കേ 2  വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 116 റൺസ് എടുത്ത ആരോൺ ഫിഞ്ചിന്റെ പ്രകടനമാണ് അവരുടെ വിജയം എളുപ്പമാക്കിയത്.


ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിൽ ആയിരുന്നു പാകിസ്ഥാന്റെ തുടക്കം.സ്കോർ 35 ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിൽ എത്തിയ ഹാരിസ് സൊഹൈൽ ഷാൻ മസൂദിനൊപ്പം നല്ല രീതിയിൽ ബാറ്റ് ചെയ്യുമ്പോളാണ് കൗൾട്ടർനീലിന്റെ പന്തിൽ മസൂദ് ക്ലീൻ ബൗൾഡ് ആകുന്നത്. മസൂദ് 40 റൺസ് എടുത്തു. അതിനു ശേഷം സൊഹൈലിനൊപ്പം ഒത്തുചേർന്ന ഉമർ അക്മൽ പാകിസ്താനെ മികച്ച നിലയിലെത്തിച്ച ശേഷമാണ് മടങ്ങിയത്. 2 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന ഉമർ അക്മൽ റിച്ചാർഡ്സന്റെ ഒരു ഓവറിൽ മൂന്നു സിക്സറുകൾ പറത്തി നല്ല ബാറ്റിംഗ് കാഴ്ച വച്ചെങ്കിലും അർദ്ധ ശതകത്തിനു 2 റൺസ് അകലെ പുറത്താവുകയായിരുന്നു. ഒരറ്റത്തു വിക്കെറ്റുകൾ വീഴുമ്പോഴും മറു വശത്ത്‌ ഉറച്ചു നിന്ന ഹാരിസ് സൊഹൈൽ പുറത്താകാതെ നേടിയ 101 റൺസ് ആണ് പാകിസ്താനെ 250 കടത്തിയത്. 115 പന്തുകൾ നേരിട്ട സൊഹൈലിന്റെ ഇന്നിങ്സിൽ 6 ബൗണ്ടറികളും 1 സിക്സും ഉൾപ്പെടുന്നു.ഓസ്‌ട്രേലിയക്ക് വേണ്ടി കോൾട്ടർനീൽ 2 വിക്കറ്റും റിച്ചാർഡ്സൺ, ലിയോൺ, മാസ്‌വെൽ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും ചേർന്ന് മികച്ച തുടക്കം നൽകി. 11 ഓവറിൽ 63 റൺസ് എടുത്തു നിൽക്കെ ആണ് 24 റൺസ് എടുത്ത ഖവാജയെ അവർക്ക് നഷ്ടമാകുന്നത്. തുടർന്ന് ഫിഞ്ചിനൊപ്പം ചേർന്ന ഷോൺ മാർഷ് 172 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓസ്‌ട്രേലിയയുടെ വിജയം ഉറപ്പിച്ച ശേഷമാണ് 116 റൺസ് എടുത്ത ആരോൺ ഫിഞ്ച്  പുറത്തായത്. ഫിഞ്ചിന്റെ പന്ത്രണ്ടാം ഏകദിന സെഞ്ച്വറി ആണിത്. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന ഫിഞ്ച് ലോക കപ്പിന് മുന്നേ ഫോമിലേക്ക് തിരിച്ചെത്തിയത് ഓസ്‌ട്രേലിയൻ ടീമിന് ആശ്വാസം പകരുന്ന കാര്യമാണ്. ഫിഞ്ച് പുറത്തായ ശേഷം മാർഷിനൊപ്പം ചേർന്ന ഹാൻഡ്‌സ്‌കോംബ് ഓസ്‌ട്രേലിയയെ അനായാസം വിജയത്തിലെത്തിച്ചു. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഓസ്‌ട്രേലിയയുടെ മേൽ സമ്മർദ്ദം ചെലുത്താൻ പാകിസ്താനായില്ല. 91 റൺസ് എടുത്ത ഷോൺ മാർഷും 30 റൺസ് എടുത്ത ഹാൻഡ്‌സ്‌കോമ്പും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയുടെ തുടർച്ചയായ നാലാം ഏകദിന വിജയമാണിത്.

Leave a comment