Foot Ball Top News

പ്രീ മാച്ച് അനാലിസിസ്: ആര്‍സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

March 9, 2019

author:

പ്രീ മാച്ച് അനാലിസിസ്: ആര്‍സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഞായറാഴ്ച സ്വന്തം തട്ടകമായ എമിറേറ്റസില്‍ ചിരവൈരികളായ മാഞ്ചസ്റ്ററിനെ വരവേൽക്കുമ്പോൾ ആഴ്സണൽ കടുത്ത സമ്മർദ്ദത്തിലാണ്. പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഗണ്ണേഴ്സിനു നാലാം സ്ഥാനത്ത് എത്താനും അത് വഴി അടുത്ത വര്‍ഷത്തെ യുവേഫാ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ നിലനിർത്താനും ഈ മത്സരം ജയിച്ചേ തീരൂ. ലീഗിലെ 4, 5, 6 സ്ഥാനക്കാർ തമ്മിൽ ഒരു പോയിൻറ് വ്യത്യാസം മാത്രമേ ഉള്ളൂ എന്നത് കൊണ്ട് ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ് .

എവേ മാച്ച് ആണെങ്കിലും ജയത്തിലേക്ക് കണ്ണുവെച്ചാണ് യുണൈറ്റഡ് വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ PSGതിരെയുള്ള അവിസ്മരണീയ വിജയം(3-1) അവരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു . ഡിസംബറിൽ ചാർജ്ജെടുത്ത ഒലെ സോള്‍സ്ജാകറിനു കീഴിൽ മാഞ്ചസ്റ്റർ കുതിപ്പ് തുടരുകയാണ്. ലുക്കാകു,പോഗ്ബ,റാഷ്ഫോഡ് അടങ്ങിയ മുൻനിര ഫോമിലേക്ക് ഉയർന്നതും ഗോൾകീപ്പർ ഡീ ഗയുടെ മിന്നും പ്രകടനങ്ങളും ഒത്തിണക്കത്തോടെ ഉള്ള ടീമായി പുതിയ കോച്ചിന്‍റെ കീഴിൽ അണിനിരക്കാൻ കഴിഞ്ഞതും യുണൈറ്റഡിനെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകങ്ങളാണ്.

എന്നാൽ മറുവശത്ത് ഗണ്ണേര്‍സിനു പ്രശ്നങ്ങൾ ഏറെയാണ്. ഏറെ പഴികേട്ട പ്രതിരോധനിരയിലെ വിള്ളല്‍ ഇതുവരേക്കും പരിഹരിക്കാൻ പുതുതായി ചുമതലയേറ്റ കോച്ച് എമറിക്കു ഇതുവരെ കഴിഞ്ഞില്ല എന്നതാണ് പ്രധാനം. മിക്ക മത്സരങ്ങളിലും ഗോൾ വഴങ്ങുന്ന ടീമിനെ, കഴിഞ്ഞ കളിയിൽ റെഡ് കാർഡ് കണ്ട ഡിഫൻസീവ് മിഡ്ഫീൽഡർ ആയ ലൂക്കാസ് ടൊറേറ പുറത്തിരിക്കുന്നത് കൂടുതൽ ദുർബലമാക്കും.പ്രതിരോധത്തിൽ ആകെയുള്ള ആശ്വാസം ഗോൾകീപ്പർ ആയ ലെനോ ഫോമിലേക്ക് ഉയര്‍ന്നു എന്നുള്ളത് മാത്രമാണ്. ടീമിൻറെ മെയിന്‍ സ്ട്രൈക്കറായ അബമെയാങ്ങിന്‍റെ മോശം ഫോമാണ് ടീമിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. ഈ സീസണിൽ ലീഗില്‍ 16 ഗോൾ നേടിയ താരം 2019 മുതൽ അത്ര മികച്ച ഫോമിൽ അല്ല. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തിനെതിരെ നിർണായക പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്തു.എങ്കിലും ലാക്കസെറ്റ് , മിക്കിത്രയന്‍,ഇവോബി എന്നിവരടങ്ങിയ മുൻനിര ശക്തമാണ്.

അവസാനമായി ഏറ്റുമുട്ടിയപ്പോൾ 3-1ന് യുണൈറ്റഡ് എമിറേറ്റ്സിൽ വിജയിക്കയാണു ഉണ്ടായത്. എന്നാൽ പ്രീമിയർലീഗിൽ ഈ സീസണിൽ മികച്ച ഹോം റെക്കോർഡ് ഉള്ള ആർസണൽ യുണൈറ്റഡിനെതിരെയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ഏതായാലും മത്സരം തീപാറുമെന്ന് ഉറപ്പ്.

Our Prediction: ആര്‍സണല്‍ 3-2 യുണൈറ്റഡ്

Leave a comment

Your email address will not be published. Required fields are marked *