മുംബൈയും ഷാക്ക് മുന്നില്‍ വാതില്‍ അടച്ചു ; ദൈവത്തെ വിളിച്ച് താരം
ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് പുറത്ത്. പൃഥ്വി ഷായെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിൽ പൃഥ്വി ഷാ 10 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയിരുന്നില്ല. അതിനു പിന്നാലെയാണ് പൃഥ്വി ഷാ മുംബൈ ടീമിൽനിന്നും പുറത്താകുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു പൃഥ്വി ഷായുടേത്. ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ വൈകാരികമായ പ്രതികരണമാണ് പൃഥ്വി ഷാ ഇൻസ്റ്റഗ്രാമിൽ നടത്തിയത്. ‘‘ദൈവമേ പറയു, ഇനിയും ഞാൻ എന്തൊക്കെ കാണേണ്ടിവരും. 65 ഇന്നിങ്സുകളിൽ 55.7 ശരാശരിയും 126 സ്ട്രൈക്ക് റേറ്റുമായി എനിക്ക് 3399 റണ്‍സുണ്ട്. അതും മതിയാകില്ല എന്നത് അല്പം ക്രൂരം ആണ്.’’– പൃഥ്വി ഷാ വ്യക്തമാക്കി. ‘‘ഞാൻ ഇപ്പോഴും എന്നില്‍ വിശ്വസിക്കുന്നു. ആളുകൾ എന്നെ വിശ്വസിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞാൻ ഉറപ്പായും തിരികെ വരും.’’– പൃഥ്വി ഷാ പ്രതികരിച്ചു. ശരിയായ പരിശീലനവുമായി മുന്നോട്ടുപോയാൽ പൃഥ്വി ഷായ്ക്ക് മികവിലേക്കു തിരികെയെത്താൻ സാധിക്കുമെന്ന് മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണു താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയത്.