ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവിശാസ്ത്രി തുടരാൻ സാധ്യത
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരാകുമെന്ന് ഇന്ന് അറിയാം. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് പരിശീലകനെ കണ്ടെത്താനായുള്ള അഭിമുഖം ഇന്ന് നടത്തുക. നായകന് വിരാട് കോലിയുടെ പിന്തുണയുള്ള ശാസ്ത്രി തുടരാനാണ് സാധ്യത എന്നും ചില സൂചനകൾ ലഭിക്കുന്നുണ്ട്. നിലവിലെ മഖ്യ പരിശീലകന് രവി ശാസ്ത്രി, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, വിന്‍ഡീസ് മുന്‍ താരവും അഫ്ഗാന് മുന്‍ കോച്ചുമായ ഫില്‍ സിമ്മണ്‍സ്, ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന് സിംഗ് എന്നിവരാണ് പരിശീലകരുടെ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് അഭിമുഖം നടത്തുക. 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തില്‍ ആയതിനാല്‍ വീഡിയോയിലൂടെയായിരിക്കും ശാസ്ത്രി അഭിമുഖത്തില്‍ ഏർപ്പെടുക. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കും.






































