Cricket Editorial legends Top News

ഇന്ത്യൻ ക്രിക്കറ്റിലെ നവോത്ഥാന നായകൻ

July 30, 2019

author:

ഇന്ത്യൻ ക്രിക്കറ്റിലെ നവോത്ഥാന നായകൻ

2018ന്റെ അവസാന പാദം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച നാളുകളായിരുന്നു. ചരിത്രത്തിൽ ആദ്യമായി നാം ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര വിജയിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം സമസ്തമേഖലകളിലും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്നു. ഓസ്ട്രേലിയയിൽ നേടിയ പരമ്പര വിജയത്തിൽ നാമേറെ കടപ്പെട്ടിരിക്കുന്നത് ചേതേശ്വർ പൂജാരയെന്ന മൂന്നാം നമ്പർ ബാറ്റ്സ്മാനോടാണ്. മോശം ഫോം മൂലം ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട അതേ മണ്ണിൽ അവിശ്വസനീയമായ പ്രകടനത്തോടെ ടീമിനെ വിജയതീരത്തെത്തിക്കുവാൻ പൂജാരയ്ക്കു കഴിഞ്ഞു. പൂജാരയുടെ പ്രകടനം അക്ഷരാർത്ഥത്തിൽ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ബാറ്റിംഗ് വിപ്ലവത്തിന്റെ തനിയാവർത്തനമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബൌളിംഗ് നിരക്കെതിരെ നെഞ്ചു വിരിച്ചു നിന്നു പോരാടിയ ആ ഉയിർത്തെഴുന്നേൽപിന്റെ കഥ അറിയണമെങ്കിൽ നാം കാലങ്ങൾ പിന്നിലേക്കു സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ശൈശവ കാലഘട്ടത്തിലേക്ക.

ലോകക്രിക്കറ്റിൽ ഇന്ത്യ എന്ന പേരു മുഴങ്ങിക്കേൾക്കാൻ തുടങ്ങിയത് 1983 ലോകകപ്പ് മുതലായിരിക്കണം. എന്നാൽ അതിനുമുന്നേ തന്നെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു ശക്തിയായി വളരാനുള്ള അഭിരുചി ഇന്ത്യ പ്രകടമാക്കിയിരുന്നു. അതിനു ചുക്കാൻ പിടിച്ചവരിൽ പ്രമുഖനാണ് ദിലീപ് സർദേശായി.

സർദേശായിയുടെ കരിയറിനെ നമുക്കു രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1961-62 സീസണിൽ ഇംഗ്ലണ്ടിനെതിരെ കാൺപൂരിൽ ദേശീയടീമിൽ അരങ്ങേറ്റം കുറിച്ച സർദേശായി 1967 – 68 വരെ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഒരു മധ്യ നിര ബാറ്റ്സ്മാനായാണ് ടീമിൽ എത്തിയതെങ്കിലും മികച്ച ഓപ്പണർമാരുടെ അഭാവത്തിൽ ഓപ്പണിങ് പൊസിഷനിൽ ഇറങ്ങേണ്ടി വന്ന അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 1967ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും വെറും 18 റൺസ് മാത്രം നേടിയ സർദേശായിയെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്നും ഒഴിവാക്കി. പിന്നീട്‌ രണ്ടു വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ വീണ്ടും ടീമിലെത്തിയ സർദേശായിയുടെ തിരിച്ചു വരവിനു വെറും ഒരു മത്സരത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മോശം പ്രകടനം മൂലം വീണ്ടും തഴയപ്പെട്ട
സർദേശായിയുടെ കരിയർ ആഭ്യന്തര മത്സരങ്ങളിൽ അവസാനിക്കുമെന്നു എല്ലാവരും വിധിയെഴുതി.

അറുപതുകളുടെ അവസാനത്തോടെ ഇന്ത്യൻ ക്രിക്കറ്റ്‌ സമൂലമായ ചില മാറ്റങ്ങൾക്കു വിധേയമായി. വിജയ് മർച്ചന്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയതും ഗവാസ്കർ, സോൾകർ, മോഹിന്ദർ അമർനാഥ്‌, ഗുണ്ടപ്പ വിശ്വനാഥ്‌ മുതലായ താരങ്ങൾ ഇന്ത്യൻ ടീമിലെത്തിയതും ഇക്കാലത്താണ്. എന്നാൽ കൂടുതൽ യുവതാരങ്ങളെ കുത്തിനിറച്ചുള്ള ഈ പരീക്ഷണം പരാജയപെട്ടതോടെ പട്ടോഡിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു. പകരമെത്തിയ അജിത് വഡേക്കർ യുവതാരങ്ങൾക്കും പരിചയസമ്പത്തിനും ഒരേ പ്രാധാന്യമാണ് നൽകിയത്. അതോടെ 1971ലെ വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്കു സർദേശായ് തിരിച്ചെത്തി.

ഗവാസ്കർ, വിശ്വനാഥ്, മങ്കാദ് മുതലായ മികച്ച ബാറ്റ്സ്മാൻമാർക്ക് ഒരു ബാക്കപ്പായി മാത്രമായായിരുന്നു സർദേശായി പരിഗണിക്കപ്പെട്ടത്. പക്ഷേ ആദ്യമത്സരത്തിനു തൊട്ടു മുന്നേ വിശ്വനാഥിനേറ്റ പരിക്ക് സർദേശായിക്ക് ആദ്യ ഇലവനിലേക്കു വാതിൽ തുറന്നു.

ഏറെക്കാലത്തിനു ശേഷം ഇന്ത്യൻ മധ്യനിരയിൽ തിരിച്ചെത്തിയ സർദേശായിയെ കാത്തിരുന്നത് ദുർഘടമായ പാതയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ 13/2 എന്ന നിലയിൽ ക്രീസിലെത്തിയ സർദേശായിക്കു പക്ഷേ ടീം 75നു അഞ്ചു വിക്കറ്റ് എന്ന് നിലയിലേക്ക് കൂപ്പുകുത്തുന്നതും കാണേണ്ടിവന്നു. അവിടെനിന്നും വാലറ്റത്തെ കൂട്ടുപിടിച്ചു സർദേശായി രക്ഷാപ്രവർത്തനം തുടങ്ങി. 387 റൺസിന്‌ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 212 റൺസും സര്ദേശായിയുടെ ബാറ്റിൽ നിന്നുമാണ് പിറന്നത്. പേരുകേട്ട വിൻഡീസ് നിരയെ ഫോളോ ഓൺ ചെയ്യിക്കാൻ അതു മതിയാകുമായിരുന്നു. വിദേശമണ്ണിൽ ഒരിന്ത്യക്കാരന്റെ ആദ്യ ഇരട്ട സെഞ്ചുറികൂടിയാണ് അന്നു കുറിക്കപ്പെട്ടത്. രണ്ടാം ഇന്നിങ്സിലെ ക്ഷമാപൂർവമായ ബാറ്റിങ്ങിൽ വിൻഡീസ് സമനില നേടിയെങ്കിലും അതൊരു തുടക്കമായിരുന്നു. ലോകക്രിക്കറ്റിലെ അതികായരെ വിരട്ടിയ ടീം ഇന്ത്യ ഒരു അത്ഭുതമായി മാറി.

പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഇന്ത്യ കാത്തിരുന്ന വിജയനിമിഷം പിറന്നത്. പോർട്ട്‌ ഓഫ് സ്‌പെയിനിൽ നടന്ന ടെസ്റ്റ്‌ ഏഴു വിക്കറ്റിന് ഇന്ത്യ വിജയിച്ചപ്പോൾ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയോടെ വിജയശില്പിയായതും സർദേശായി തന്നെ. ഗയാനയിൽ നടന്ന മൂന്നാം ടെസ്റ്റിൽ കാര്യമായ സംഭവനകളൊന്നും നൽകാൻ സർദേശായിക്ക് സാധിച്ചില്ല.

പരമ്പരയിലെ നാലാം മത്സരത്തിൽ വിൻഡീസിന്റെ 501 റൺസ് എന്ന് കൂറ്റൻ ഒന്നാമിന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇന്ത്യ 70നു ആറു വിക്കെറ്റ് എന്ന നിലയിൽ പരാജയം തുറിച്ചുനോക്കുമ്പോൾ ഏഴാം വിക്കറ്റിൽ സർദേശായിയും സോൾകാറും ചേർന്നു പടുത്തുയർത്തിയ 186 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ മഹത്തായൊരു അധ്യായമാണ്. അവസാന വിക്കറ്റിൽ ബിഷൻസിംഗ് ബേദിയെ കൂട്ടുപിടിച്ചു 62 റൺസ് കൂട്ടിച്ചേർത്തു ഫോളോ ഓൺ ഒഴിവാക്കിയശേഷം 150 റണ്ണുമായി പവലിയനിലേക്ക് തിരികെ നടക്കുമ്പോൾ ആരാധകരുടെ കരഘോഷങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു. പരമ്പരയുടെ തന്നെ വിധി തീരുമാനിച്ചൊരു ഇന്നിങ്സ് എന്നാണ് വിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് ആ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്.

ടെസ്റ്റ്‌ പരമ്പര ഇന്ത്യ 1-0 നു സ്വന്തമാക്കിയപ്പോൾ വിജയിച്ചത് സർദേശായിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. പരമ്പരയിൽ 80 റൺസ് ശരാശരിയിൽ അദ്ദേഹം നേടിയ 642 റണ്ണുകളായിരുന്നു ആ വിജയത്തിന്റെ അടിത്തറ. സുനിൽ ഗവാസ്കർ എന്ന പ്രതിഭാസത്തിനു പിന്നിൽ രണ്ടാമനായി വിസ്‌മൃതിയിലേക്കു എറിയപ്പെട്ടുവെങ്കിലും വിൻഡീസ് മണ്ണിൽ ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ്‌ പരമ്പര നേടാൻ സർദേശായി വഹിച്ച പങ്ക് എന്നും ഓർമ്മിക്കപ്പെടും. കാലങ്ങൾ കഴിഞ്ഞാലും സർദേശായിയുടെ പേര് ക്രിക്കറ്റ്‌ പണ്ഡിതന്മാരാൽ വാഴ്ത്തപ്പെടും, “ഇന്ത്യൻ ക്രിക്കറ്റിന്റെ നവോത്ഥാന നായകൻ”.

Leave a comment