ലാതത്തിന് സെഞ്ചുറി, വില്യംസണും തിളങ്ങി; ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ്.!
ന്യൂസീലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 307 എന്ന ഭേദപ്പെട്ട വിജലക്ഷ്യം മുന്നോട്ട് വെച്ചിട്ടും വിജയിക്കാൻ കഴിയാതിരുന്നത് മത്സരത്തിൽ നിരാശയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ ധവാൻ (72), ഗിൽ (50), അയ്യർ (80) എന്നിവർ നേടിയ അർദ്ധസെഞ്ചുറികളുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി. 36 റൺസ് നേടിയ സഞ്ജുവും, വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 37 റൺസ് നേടിയ സുന്ദറും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. കിവീസിനായി ഫെർഗൂസണും, സൗതീയും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത് മിൽനെ ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് 88 റൺസ് നേടിയപ്പോഴേക്കും 3 വിക്കറ്റ് നഷ്ടമായതാണ്. എന്നാൽ 4ആം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്തുചേർന്ന വില്യംസൺ-ലാതം സഖ്യം ഇന്ത്യൻ ബോളർമാരെ നിലം പരിശാക്കുകയായിരുന്നു. ഇരുവരും 221 റൺസ് ആണ് കൂട്ടിച്ചേർത്തത്.
ലാതം 104 പന്തിൽ നിന്നും 19 ഫോറുകളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 145 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ വില്യംസൺ 98 പന്തിൽ 7 ഫോറും 1 സിക്സും സഹിതം 94 റൺസുമായി കിവീസ് ഇന്നിംഗ്സിന് അടിത്തറ പാകി. ഒടുവിൽ 17 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമ്രാൻ മാലിക്ക് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് നേടിയത് താക്കൂർ ആണ്. 10 ഓവറിൽ 42 റൺസ് മാത്രം വഴങ്ങിയ സുന്ദറിന് ഒഴികെ മറ്റാർക്കും റൺ ഒഴുക്ക് പിടിച്ചുനിർത്തുവാൻ സാധിച്ചില്ല. ഈയൊരു വിജയത്തോടെ പരമ്പരയിൽ മുന്നിലെത്തുവാൻ ന്യൂസീലൻഡിന് കഴിഞ്ഞു.






































