കണക്ക് തീർക്കാൻ യുണൈറ്റഡ്; വിജയം ആവർത്തിക്കാൻ ആസ്റ്റൺവില്ല.!
കരബാവോ കപ്പിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺവില്ല പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഏറ്റവുമൊടുവിൽ നടന്ന പ്രീമിയർ ലീഗിലെ മത്സരത്തിൽ ഇരുടീമുകളും തമ്മിൽ തന്നെയാണ് പരസ്പരം ഏറ്റുമുട്ടിയത്. അന്ന് വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആസ്റ്റൺ വില്ല യുണൈറ്റഡിനെ തകർത്തു വിടുകയായിരുന്നു. അതിനൊരു പകരം വീട്ടലിന് ഉറച്ചാവും ടെൻഹാഗും സംഘവും ഇന്ന് ഇറങ്ങുക. ഇന്നത്തെ മത്സരം സ്വന്തം മൈതാനത്ത് കൂടിയാകുമ്പോൾ ആരാധക പിന്തുണകൂടി യുണൈറ്റഡിന് സഹായകമാകും. പ്രധാന താരങ്ങൾക്ക് ഒരുപക്ഷേ ടെൻഹാഗ് ഇന്നത്തെ മത്സരത്തിൽ വിശ്രമം നൽകിയേക്കും. എന്നിരുന്നാലും മുൻ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































