അത്ലറ്റിക്കോയ്ക്ക് വീണ്ടും തോൽവി; ജയിക്കാനാകാതെ 5ആം മത്സരം.!
ലാലിഗയിൽ മുൻ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തോൽവി. താരതമ്യേന ദുർബലരായ മയ്യോർക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് സിമിയോണിയെയും സംഘത്തിനേയും തറപറ്റിച്ചത്. ഇതോടെ വിജയിക്കാൻ കഴിയാതെ 5ആം മത്സരമാണ് അത്ലറ്റിക്കോയ്ക്ക് മുന്നിലൂടെ കടന്നുപോയത്. മയ്യോർക്കയുടെ മൈതാനമായ ഇബറോസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 ആം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് നേടി. ലെഫ്റ്റ് വിങ്ബാക്ക് താരം ജോം കോസ്റ്റയുടെ ക്രോസിൽ നിന്നും ഒരു ടാപ് ഇന്നിലൂടെ വെഡറ്റ് മുറികിയാണ് മയ്യോർക്കയ്ക്ക് വേണ്ടി വലകുലുക്കിയത്. ഇതോടെ മുന്നിലെത്തിയ ആതിഥേയർ പിന്നീട് ഒരിക്കൽ പോലും അത്ലറ്റിക്കോയെ ഒപ്പമെത്താൻ അനുവദിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു.
നിരവധി അവസരങ്ങൾ സന്ദർശകർ തുറന്നെടുത്തെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ല. അതോടെ 1-0 എന്ന സ്കോറിന് മയ്യോർക്ക വിജയിക്കുകയായിരുന്നു. ഈയൊരു തോൽവിയും കൂടിയാകുമ്പോൾ ഇത് തുടർച്ചയായ 5ആം മത്സരമാണ് വിജയമില്ലാതെ അത്ലറ്റിക്കോയുടെ മുന്നിലൂടെ കടന്നുപോകുന്നത്. ഇതിൽ 3 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ 2 എണ്ണം സമനിലയായി. എന്തായാലും ഈ രീതിയിൽ ആണ് പോക്കെങ്കിൽ അടുത്ത യു.സി.എൽ കളിക്കാൻ അത്ലറ്റിക്കോ ഉണ്ടാകുമോ എന്നത് സംശയമാണ്. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റുമായി 6ആം സ്ഥാനത്താണ് അത്ലറ്റിക്കോ. അത്രയും മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി 10ആം സ്ഥാനത്താണ് മയ്യോർക്ക.






































