സ്വന്തം മൈതാനത്ത് റയലിനെ കീഴടക്കി പ്രതികാരം തീർത്ത് ലീപ്സിഗ്.!
ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ആർ.ബി ലീപ്സിഗ്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അവർ വിജയക്കൊടി പാറിച്ചത്. ഇതോടെ സാന്തിയാഗോ ബെർണാബ്യുവിൽ വെച്ചേറ്റ തോൽവിക്ക് സ്വന്തം മൈതാനമായ റെഡ്ബുൾ അരീനയിൽ വെച്ച് കണക്ക് ചോദിക്കാൻ ലീപ്സിഗിനായി. മത്സരത്തിൻ്റെ 13 ആം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ഡിഫൻഡർ ഗ്വാർഡിയോൾ ആണ് ലീപ്സിഗിനെ മുന്നിലെത്തിച്ചത്. 5 മിനിറ്റിന് ശേഷം എങ്കുങ്കുവിലൂടെ ലീപ്സിഗ് ലീഡ് ഇരട്ടിപ്പിച്ചു. റയലിന് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാനം 44 ആം മിനിറ്റിൽ വിനിഷ്യസിലൂടെ റയൽ ഒരു ഗോൾ മടക്കി. അസൻസിയോയുടെ അസിസ്റ്റിൽ നിന്നുമാണ് വിനി ഗോൾ നേടിയത്. അങ്ങനെ ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഗോൾ നേടുവാൻ റയൽ ആവുന്നത്ര പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്ന് മാത്രമല്ല 81 ആം മിനിറ്റിൽ ടിമൊ വെർണറിലൂടെ ആതിഥേയർ തങ്ങളുടെ ഗോൾനേട്ടം 3 ലേക്ക് ഉയർത്തി. ഇതോടെ റയൽ കളി കൈവിട്ടെന്ന് ഏറെക്കുറെ ഉറപ്പായി. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാനം ലഭിച്ച പെനൽറ്റി ഗോൾ ആക്കി റോഡ്രിഗോ റയലിൻ്റെ രണ്ടാം ഗോൾ നേടി.. പുറകെ മത്സരവും അവസാനിച്ചു. ഇതോടെ ആദ്യപാദത്തിൽ ഏറ്റ തോൽവിക്ക് ഒരു മധുരപ്രതികാരം വീട്ടാൻ ലീപ്സിഗിനായി. 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി റയൽ തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. റയൽ നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. അത്രയും മത്സരങ്ങളിൽ നിന്നും 9 പോയിൻ്റ് നേടിയ ലീപ്സിഗ് രണ്ടാം സ്ഥാനത്തുണ്ട്.
ബെൻസീമ, വൽവെർദേ, മോഡ്രിച്ച് തുടങ്ങിയ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ആഞ്ചെലോട്ടി ടീമിനെ ഇറക്കിയത്.






































