Foot Ball Top News

സബ് ആയി വന്ന് ഇരട്ട ഗോൾ; മെസ്സിയുടെ കരുത്തിൽ വീണ്ടും അർജൻ്റീന.!

September 28, 2022

author:

സബ് ആയി വന്ന് ഇരട്ട ഗോൾ; മെസ്സിയുടെ കരുത്തിൽ വീണ്ടും അർജൻ്റീന.!

വേൾഡ് കപ്പിനു മുമ്പുള്ള അവസാന സൗഹൃദമത്സരത്തിൽ ജമൈക്കയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജൻ്റീന. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ലയണൽ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ആണ് അർജൻ്റീന ത്രസിപ്പിക്കുന്ന ജയം നേടിയത്. കഴിഞ്ഞ മത്സരത്തിൽ നിന്നും വിപരീതമായി 8 മാറ്റങ്ങളുമായാണ് അർജൻ്റീന ഇറങ്ങിയത്. ലൗത്താരോ, ലോ സെൽസോ, തഗ്ലിയാഫിക്കോ എന്നീ താരങ്ങൾ ഒഴികെ ബാക്കിയുള്ളവർ ആരും കഴിഞ്ഞ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഇല്ലാതിരുന്നവരാണ്. അക്ഷരാർത്ഥത്തിൽ മുഴുവൻ സമയവും കളിക്കുവാൻ ആയില്ലെങ്കിലും മെസ്സി മാജിക് ആണ് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്.

 

13 ആം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസിൻ്റെ അസിസ്റ്റിൽ നിന്നും ജൂലിയൻ അൽവാരസാണ് അർജൻ്റീനയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ പിന്നീട് അങ്ങോട്ട് ഗോൾ കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന അർജൻ്റീനയെ ആണ് കണ്ടത്. ശേഷം രണ്ടാം പകുതിയിൽ ലൗത്താരോയ്ക്ക് പകരക്കാരൻ ആയി സാക്ഷാൽ ലിയോ മെസ്സി കളത്തിലിറങ്ങി. പുറകെ ഡി പോൾ, മോളീന തുടങ്ങിയവരും ഇറങ്ങിയതോടെ കളി മാറി. 86 ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും മെസ്സിയുടെ ഒരു തകർപ്പൻ ഗോൾ. സ്റ്റേഡിയത്തിൽ മെസ്സി മെസ്സി എന്നുള്ള ചാൻ്റുകൾ ആണ് പിന്നീട് മുഴുവൻ കണ്ടത്. അധികം വൈകിപ്പിക്കാതെ തന്നെ 89 ആം മിനിറ്റിൽ ഇരട്ടഗോളും എത്തി. പന്തുമായി ഡ്രിബിൾ ചെയ്ത് മുന്നേറിയ മെസ്സിയെ ജമൈക്കൻ താരം ബോക്സിന് തൊട്ടുവെളിയിൽ ഫൗൾ ചെയ്ത് വീഴ്ത്തി. അർജൻ്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലിയോ പ്രതിരോധ ഭിത്തിയിൽ നിന്ന താരങ്ങളുടെ കാലിനിടയിലൂടെ വലയിലെത്തിച്ചു. സ്റ്റേഡിയം ആർത്തിരമ്പി. ഇതായിരുന്നു അവർ കാണാൻ കൊതിച്ചത്. ഇതിന് വേണ്ടിയായിരുന്നു അവർ കാത്തിരുന്നത്. കുറച്ച് നാളുകൾക്ക് ശേഷമുള്ള മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ. അങ്ങനെ 1-0 ന് അവസാനിക്കും എന്ന് കരുതിയ കളി മിനിറ്റുകൾ കൊണ്ട് മാറി. എതിരില്ലാത്ത 3 ഗോളുകൾക്ക് അർജൻ്റീന ജമൈക്കയേ പരാജയപ്പെടുത്തി.

ആരാധന മൂലം മത്സരത്തിൽ തുടർച്ചയായി ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി താരങ്ങൾക്ക് നേരെ വന്നത് ചെറിയ രീതിയിൽ മത്സരത്തെ ബാധിച്ചു. മെസ്സി ആയിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും ഒക്കെ വേണ്ടിയാണ് ആരാധകർ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്.

Leave a comment