ഇംഗ്ലണ്ട് – ജര്‍മനി മത്സരം സമനിലയില്‍ !!!
തിങ്കളാഴ്ച രാത്രി വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനി 3-3 നു സമനിലയില്‍ പിരിഞ്ഞു.ഇതോടെ ആറു മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇരു ടീമുകളും നോക്കൌട്ട് സ്റ്റേജിലെക്ക് കടന്നിട്ടില്ല.അവസാന സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആയിരിക്കും തരംതാഴ്ത്തപ്പെടുന്നത്.അടുത്ത മത്സരം ഇറാനെതിരെ വേള്‍ഡ് കപ്പ് ഗ്രൂപ്പ് സ്റ്റേജ് ആയതിനാല്‍ ജര്‍മനി പോലൊരു ശക്തമായ ടീമിനെതിരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന് പൊരുതി നേടിയ സമനില ഇംഗ്ലണ്ട് കാമ്പിനു നേരിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.52 ആം മിനുട്ടില്‍ ജമാൽ മുസിയാലയെ ഹാരി മഗ്വയർ ഫൗൾ ചെയ്തതിന് ശേഷം ലഭിച്ച പെനാല്‍റ്റി വലയിലാക്കി കൊണ്ട് ഗുണ്ഡോഗന് ആണ് ജര്‍മനിക്ക് ലീഡ് നേടി കൊടുത്തത്.15 മിനിറ്റിനുശേഷം ഹാവേർട്സ് ഒരു പെർഫെക്റ്റ് ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.71,75 മിനുട്ടുകളില്‍ ലുക്ക് ഷാ,മൗണ്ട് എന്നിവര്‍ നേടിയ ഗോളുകള്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ജൂഡ് ബെലിംഗ്ഹാമിനെ ഫൗള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി വലയിലാക്കി കെയിന്‍ ഇംഗ്ലണ്ടിനു ലീഡ് നേടി കൊടുത്തതോടെ ജര്‍മനി പ്രതിരോധത്തില്‍ ആയി.അവസാന മിനുട്ടുകളില്‍ ജര്‍മന്‍ പ്രതിരോധത്തെ വിടാതെ പരീക്ഷിക്കാന്‍ ഇംഗ്ലണ്ട് മുന്‍ നിരക്ക് കഴിഞ്ഞു.എല്ലാം തീര്‍ന്നു എന്ന് തോന്നിച്ച സമയത്ത് ആണ് രണ്ടാം ഗോളുമായി ഹവേര്‍ട്ട്സ് ജര്‍മനിയുടെ രക്ഷക്ക് എത്തുന്നത്.രണ്ടു ഗോള്‍ ലീഡ് കളഞ്ഞു കുളിച്ച ജര്‍മനിയുടെ പ്രകടനത്തില്‍ താന്‍ ഏറെ നിരാശന്‍ ആണ് എന്ന് കളി കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹാന്‍സി ഫ്ലിക്ക് പറഞ്ഞു.






































