എമ്പപ്പെയ്ക്ക് ഹാട്രിക്; ലില്ലിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി.
ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലി ഒഎസ്സിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി. കഴിഞ്ഞ കളിയിലെ വിവാദ നായകൻ കിലിയൻ എമ്പപ്പെ ഹാട്രിക് നേടിയപ്പോൾ നെയ്മർ ജൂനിയർ ഇരട്ട ഗോളുകളും ലയണൽ മെസ്സി ഹകിമി എന്നിവർ ഓരോ ഗോളും നേടി. ക്രിസ്റ്റഫെ ഗാൾട്ടിയെറിന് കീഴിൽ മികച്ച മുന്നേറ്റമാണ് പിഎസ്ജി നടത്തുന്നത്. കഴിഞ്ഞ സീസണിലെ പോലെ ഗോൾ അടിക്കാൻ ബുദ്ധിമുട്ടുന്ന ടീം അല്ല ഇപ്പൊൾ പാരിസ്. മറിച്ച് ഗോൾ വർഷം നടത്തുന്ന ടീം ആണ്. കഴിഞ്ഞ 3 ലീഗ് മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് അവർ അടിച്ച് കൂട്ടിയത്.
1,68,87 മിനുട്ടുകളിൽ ആണ് സൂപ്പർ താരം എമ്പപ്പേ ഗോളുകൾ നേടിയത്. കഴിഞ്ഞ കളിയിലെ വിവാദ നായകൻ ആയിരുന്നു എമ്പപ്പേ. എന്നാൽ ഇന്നത്തെ ഹാട്രിക് ഗോളൊടെ അവയെല്ലാം മറച്ചു പിടിക്കുവാൻ താരത്തിനായി. 27ആം മിനുട്ടിൽ ആണ് ലിയോ മെസ്സിയുടെ ഗോൾ പിറന്നത്. ആരാധകർക്ക് ആവേശം സമ്മാനിച്ച നിമിഷം. 39 ആം മിനുട്ടിൽ ഗോൾ നേടിയ ഹകിമി ഗോൾ എണ്ണം 3 ആക്കി. ശേഷം 43ആം മിനുട്ടിൽ നെയ്മറിലൂടെ 4ആം ഗോളും നേടി ആദ്യ പകുതി 4-0 എന്ന സ്കോറിന് അവസാനിപ്പിക്കാൻ പിഎസ്ജിയ്ക്കായി. പിന്നീട് രണ്ടാം പകുതിയിൽ ആണ് ലില്ലി തങ്ങളുടെ ആശ്വാസ ഗോൾ നേടിയത്. ബമ്പ ആയിരുന്നു ഗോൾ സ്കോറർ. 52ആം മിനുട്ടിൽ നെയ്മർ തൻ്റെ ഇരട്ട ഗോൾ നേട്ടം തികച്ചു. മത്സരത്തിൽ നേടിയ 6 ഗോളുകളും MNM ത്രയത്തിൻ്റെ വകയായിരുന്നു. ഈ പോക്ക് പോകുകയാണെങ്കിൽ പിഎസ്ജിയോട് മുട്ടുവാൻ പല വമ്പന്മാരും ഒന്ന് വിയർക്കുമെന്ന് ഉറപ്പ്.
3 കളികളിൽ നിന്ന് 9 പോയിൻ്റുമായി പിഎസ്ജി തന്നെയാണ് ടേബിളിൽ തലപ്പത്ത്.






































