അടി.. തിരിച്ചടി…; 2 ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സിറ്റി.
പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. അടിയും തിരിച്ചടിയും കണ്ട മത്സരമായിരുന്നു ന്യൂകാസിലിൻ്റെ ഹോംഗ്രൗണ്ട് ആയ സെൻ്റ് ജയിംസ് പാർക്കിൽ അരങ്ങേറിയത്. മത്സരത്തിൻ്റെ തുടക്കം തന്നെ അഞ്ചാം മിനുട്ടിൽ ഗുണ്ടോഗനിലൂടെ ലീഡ് എടുത്തത് സിറ്റി ആയിരുന്നു.. എന്നാൽ ആദ്യ പകുതിയിൽ തന്നെ 28,39 മിനുട്ടുകളിൽ ആൽമിറൻ, വിൽസൺ എന്നിവരിലൂടെ ന്യൂകാസിൽ തിരിച്ചടിക്കുകയായിരുന്നു. ശേഷം 2-1 എന്ന നിലയിൽ ആതിഥേയർ ആദ്യപകുതി പൂർത്തിയാക്കി. അത്യന്തം വാശിയേറിയ പോരാട്ടമായിരുന്നു കാണുവാൻ കഴിഞ്ഞത്. സിറ്റിയുടെ മൂർച്ചയുള്ള ആക്രമണങ്ങൾക്ക് കൗണ്ടർ അറ്റാക്കിലൂടെ മറുപടി കൊടുക്കുകയായിരുന്നു ന്യൂകാസിലിൻ്റെ തന്ത്രം. സിറ്റിയുടെ ഹൈ ഡിഫെൻസീവ് ലൈൻ സിറ്റിക്ക് തന്നെ പലപ്പോഴും തലവേദന ആകുന്ന കാഴ്ചയാണ് കണ്ടത്. കൂട്ടത്തിൽ ഏറ്റവും തലവേദന സൃഷ്ടിച്ചത് സെൻ്റ് മക്സിമിൻ ആയിരുന്നു. മാക്സിമിൻ്റെ വേഗതയേറിയ ആക്രമണവും ഡ്രബ്ലിങ് സ്കിൽസും സിറ്റി ഡിഫൻസിന് പലപ്പോഴും വെള്ളം കുടിപ്പിച്ചു.
രണ്ടാം പകുതിയിൽ തോൽക്കാൻ മനസില്ലാത്ത പോരാളികളെപ്പോലെയാണ് പെപ്പും സംഘവും കളത്തിലിറങ്ങിയത്. എന്നാൽ 54ആം മിനുട്ടിൽ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് കീറൺ ട്രിപ്പിയെറിൻ്റെ ഫ്രീകിക്ക് എഡേഴ്സണെ മറികടന്ന് വലയിലേക്ക് ചാഞ്ഞിറങ്ങി. സ്കോർ 3-1. സ്റ്റേഡിയം ആർത്തിരമ്പി. ന്യൂകാസിൽ ആരാധകർ ഒരു നിമിഷമെങ്കിലും വിജയമുറപ്പിച്ചിട്ടുണ്ടാവണം. എന്നാൽ അവരുടെ പ്രതീക്ഷകൾ കാറ്റിൽ പറക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ഏർലിംഗ് ഹാലണ്ടിലൂടെ സിറ്റി തിരിച്ചടിച്ചു. കോർണറിൽ നിന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഇതിനിടയിൽ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് ഹാലൻഡ് ഷോട്ട് ഉത്തിർത്തെങ്കിലും ഗോളിയെ മറികടന്ന ബോൾ പോസ്റ്റിൽ തട്ടി മടങ്ങി. എന്ത് വിധേനയും വിജയം നേടാൻ കിണഞ്ഞു പരിശ്രമിച്ച സിറ്റി ഒടുവിൽ 64ആം മിനുട്ടിൽ സമനില ഗോൾ നേടി. ഡിബ്രുയിൻ്റെ തകർപ്പൻ ത്രൂബോളിന് ഓടി കയറിയ സിൽവ ഗോളിയെ കബളിപ്പിച്ച് കൊണ്ട് വലകുലുക്കി. സിറ്റി ആരാധകർ ഒന്നടങ്കം ആവേശഭരിതർ ആയ നിമിഷം. ഈ വീക്കിലെ ഏറ്റവും മികച്ച മത്സരം.
3 കളികളിൽ നിന്നും 7 പോയിൻ്റ് നേടിയ സിറ്റി ടേബിളിൽ രണ്ടാമതാണ്. ഇതേ കളികളിൽ നിന്നും 5 പോയിൻ്റ് ഉള്ള ന്യൂകാസിൽ 6 ആമതും ഉണ്ട്.






































