പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനോട് സമനില വഴങ്ങി ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനോട് ഞെട്ടിക്കുന്ന സമനില വഴങ്ങി ലിവർപൂൾ. ഇന്ന് ക്രേവൻ കോട്ടേജിൽ ലിവർപൂളും ഫുൾഹാമും ഏറ്റുമുട്ടുമ്പോൾ പ്രമോഷൻ നേടി വന്ന ഫുൾഹാമിനെ ചെമ്പട അനായാസം മറികടക്കുമെന്നായിരുന്നു ഏവരുടേയും പ്രവചനം.
എന്നാൽ ലിവർപൂളിന്റെ സൂപ്പർ താരനിരയെ തന്നെ വിറപ്പിക്കുന്ന പ്രകടനവുമായാണ് കുഞ്ഞൻ ടീം ആദ്യ മത്സരം സ്വന്തം കാണികൾക്കു മുന്നിൽ പൂർത്തിയാക്കിയത്. 32-ാം മിനിറ്റിൽ ആയിരുന്നു ലിവർപൂളിനെ ഞെട്ടിച്ച് കൊണ്ട് ഫുൾഹാമിന്റെ ആദ്യ ഗോൾ വന്നത്.
വലതു വിങ്ങിൽ നിന്ന് ടെറ്റെ നൽകിയ ക്രോസ് ഹെഡ് ചെയ്ത് മിട്രോവിച് അനായാസം വലയിൽ എത്തിച്ചു. മിട്രോവിചിനൊപ്പം പന്തിനായി ചാടിയ അലക്സാണ്ടർ അർനോൾഡിന് ഗോൾ നോക്കി നിൽക്കാനെ ആയുള്ളൂ. തുടർന്നുള്ള ക്ലോപ്പിന്റെ ടീമിന്റെ ആക്രമണം ഒന്നും സഫലമാവാതെ പോയപ്പോൾ ആദ്യ പകുതി 1-0 ന് അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സമനില ഗോളിനായി പൊരുതിയ ചെമ്പടയ്ക്ക് ആശ്വാസമായത് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസിന്റെ ഗോളായിരുന്നു.
64-ാം മിനുട്ടിൽ ഒരു ഫ്ലിക്കിലൂടെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളും ലിവർപൂളിന്റെ സമനില ഗോളും നേടി ന്യൂനസ് തന്റെ വരവറിയിച്ചു. ലിവർപൂൾ വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷം പെനാൽറ്റിയിലൂടെ മിട്രോവിച് വീണ്ടും ഫുൾഹാമിനെ മുന്നിലെത്തിച്ചു. എന്നാൽ 80-ാം മിനിറ്റിൽ മികച്ചൊരു നീക്കത്തോടെ മുഹമ്മദ് സാല ലിവർപൂളിനായി സമനില ഗോളും കണ്ടെത്തി. ഇഞ്ച്വറി ടൈമിൽ ഹെൻഡേഴ്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ലിവർപൂളിന് വിജയത്തോടെ ആദ്യ മത്സരം പൂർത്തിയാക്കാമായിരുന്നു.






































