ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേശകനായി യൂസഫ് പഠാൻ എത്തുന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ജൂനിയർ, സീനിയർ ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കാൻ ഉപദേശകനായി ക്ഷണിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ). ക്ഷണം സ്വീകരിച്ച താരം ഉടൻ ചുമതലയേൽക്കുമെന്നാണ് സ്ഥിരീകരണം.
ക്രിക്കറ്റ് അക്കാദമി ഓഫ് പഠാൻസ് (CAP) വഴി പഠാൻ സഹോദരന്മാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റ് താരങ്ങളെ സഹായിച്ചു വരികയാണ്. തമിഴ്‌നാട്ടിലെ സേലത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്തതുൾപ്പെടെ ഇന്ത്യയിലുടനീളം അവർക്ക് 31 കേന്ദ്രങ്ങളാണ് പരിശീലക കേന്ദ്രങ്ങളായുള്ളത്.
വഡോദര ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഴിവിന്റെ ഉറവിടമായാമ് കണക്കാക്കുന്നത് പഠാൻ സഹോദരന്മാർക്ക് പുറമെ പാണ്ഡ്യ സഹോദരന്മാരും (ഹാർദിക്, ക്രുനാൽ), ഇന്ത്യൻ താരങ്ങളായ യാസ്തിക ഭാട്ടിയ, രാധ യാദവ് എന്നിവരും ബറോഡയ്ക്കായി കളിക്കുന്നുണ്ട്. വിസ്ഫോടനകരമായ ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട യൂസഫ് പഠാൻ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
2021 ഫെബ്രുവരിയിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 57 ഏകദിനങ്ങളിലും 22 ടി20യിലും ഇന്ത്യയെ പ്രതിനിധീകരിക്കാനും യൂസഫ് പഠാന് സാധിച്ചിട്ടുണ്ട്. ദീർഘകാലം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിർണായക ഭാഗമായിരുന്നു താരം.






































