രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലേക്കുള്ള ബംഗാൾ ടീമിൽ വൃദ്ധിമാൻ സാഹയും മുഹമ്മദ് ഷമിയും
2021-22 രഞ്ജി ട്രോഫി സീസണിലെ ക്വാർട്ടർ ഫൈനലിലേക്കുള്ള ടീമിൽ വൃദ്ധിമാൻ സാഹയെയും പേസർ മുഹമ്മദ് ഷമിയെയും ഉൾപ്പെടുത്തി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി). എന്നാൽ ഷമി രഞ്ജി ട്രോഫിയിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യം ടീം ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും അംഗീകാരത്തിന് വിധേയമായിരിക്കും.
എന്നിരുന്നാലും 37 കാരനായ സാഹയുടെ തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയമാവുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ താരത്തിന് ലീഗ് ഘട്ടത്തിൽ കളിക്കാനായിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സാഹയെ ഒഴിവാക്കിയതിന് ശേഷമുള്ള സാഹയുടെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന സാഹ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കാണ്വഹിച്ചു വരുന്നത്. വെറും എട്ട് മത്സരങ്ങളിൽ നിന്ന് 40.14 ശരാശരിയിലും 123.25 സ്ട്രൈക്ക് റേറ്റിലും 281 റൺസാണ് സാഹ അടിച്ചെടുത്തിരിക്കുന്നത്. മൂന്ന് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.






































