ഇന്ത്യൻ ബൗളിങിന്റെ പതാകവാഹക ; എന്നും ചിരിക്കുന്ന “ഗോസ്സി”
ചെറുപ്പകാലത്ത് ഫുട്ബോളിനെ പ്രണയിച്ച് നടന്ന ഒരു പെൺകുട്ടി യാദൃശ്ചികമായാണ് 1992 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷനിൽ കാണാനിടയായത് .അതോടു കൂടി ആ കളിയെ നെഞ്ചിറ്റോൻ തുടങ്ങി ,ക്രിക്കറ്റ് കളി ആരംഭിച്ചു .1997 ൽ തന്റെ സ്വന്തം നാടായ കൽക്കത്തയിൽ ,ഈഡൻ ഗാർഡനിൽ വനിതാ ലോകകപ്പ് ഫൈനൽ നടന്നപ്പോൾ കാണികളോടൊപ്പം അവളും ഉണ്ടായിരുന്നു .ആസ്ട്രേലിയയും ന്യൂസിലണ്ടും തമ്മിൽ നടന്ന മത്സരത്തിലെ ബാൾ ഗേൾ ആയിരുന്നു അവൾ .വുമൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ബെലിൻഡ ക്ലാർക്ക്, ഡെബ്ലി ഹോക്ക്ലി,കാതറിൻ ഫിറ്റ്സ് പാട്രിക്ക് എന്നിവർ നേരിൽ കണ്ടതും കുടി ആയപ്പോൾ അവൾ ഉറപ്പിച്ചു തന്റെയും വഴി ഇതു തന്നെ .
മകൾ ക്രിക്കറ്റുമായി നടക്കുന്നതിൽ തീരെ താല്പര്യമില്ലാതിരുന്ന മാതാപിതാക്കൾ മറ്റെല്ലാവരെയും പോലെ അവളെ പഠിത്തത്തിൽ ശ്രദ്ധിക്കാനാണ് നിർബന്ധിച്ചത്.എന്നാൽ വളരുന്തോറും ക്രിക്കറ്റ് ജ്വരവും വർധിച്ചതോടെ അച്ഛൻ അവളെ മനസില്ലാ മനസ്സോടെ ക്രിക്കറ്റ് പരിശീലനത്തിനയച്ചു .എന്നാൽ കൽക്കത്ത സിറ്റിയിൽ നിന്നും 80 കി.മീ അകലെയുള്ള സ്വന്തം നാട്ടിൽ കാര്യമായ സൗകര്യമില്ലാത്തതിനാൽ അവൾക്ക് ദുര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു .പഠനവും കളിയും ഒന്നിച്ചു കൊണ്ടു പോകാൻ അവൾ വളരെയേറ ബുദ്ധിമുട്ടി .പക്ഷെ കളിയോടുള്ള അഭിനിവേശം അവൾ തുടർന്നു കൊണ്ടേയിരുന്നു .
15 മം വയസിൽ പുലർച്ചെ 4.30 ന് എഴുന്നേറ്റ് ലോക്കൽ ട്രെയിനുകളിൽ പ്രാക്ടീസ് സെക്ഷനുകൾക്ക് പോകാറുള്ള അവൾക്ക് പലപ്പോഴും ട്രെയിനുകൾ കൈവിട്ടിരുന്നു .എന്നാൽ പിൻമാറാതെ തന്റെ ലക്ഷ്യത്തിലേക്ക് അവൾ യാത്ര തുടർന്നു കൊണ്ടേയിരുന്നു .കഠിന പ്രയത്നത്തിനുള്ള പ്രതിഫലം വൈകാതെ അവൾക്ക് കിട്ടി .ബംഗാൾ ടീമിൽ ഇടം പിടിച്ചത് പിന്നാലെ 2002 ൽ 19 മം വയസിൽ ഇന്ത്യൻ ടീമിലെത്തി .ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ ആദ്യ ടെസ്റ്റ് കളിച്ച അവൾ അതേ വർഷം തന്നെ ഏകദിനത്തിലും അരങ്ങേറി .
തന്റെ പേസ് ബൗളിങ് മികവും ,അത്യാവശ്യം ബാറ്റിങ്ങും കൊണ്ട് ടീമിൽ സ്ഥിരസാന്നിധ്യമായ ജൂലൻ ഗോസ്വാമി എന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇന്നോളം കണ്ട മികച്ച ബൗളർ വനിതാ സച്ചിൻ ആയ മിതാലി രാജിനൊപ്പം ചേർന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ഉയരങ്ങ്ളിലേക്ക് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
2006-07 സീസണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് സീരീസ് ജയം എന്ന ചരിത്ര നേട്ടം കൈവരിച്ചപ്പോൾ നിർണായക സംഭാവന ജൂലന്റെ തായിരുന്നു. ആദ്യ ടെസ്റ്റിൽ നൈറ്റ് വാച്ച് മാനായി ഇറങ്ങി അർധ സെഞ്ചുറി നേടിയ ജൂലൻ രണ്ടാം ടെസ്റ്റിൽ കാഴ്ച വെച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു സ്പെൽ .ആകെ 10 വിക്കറ്റുകൾ വീഴ്ത്തിയ ജൂലൻ ആദ്യ ഇന്നിങ്സിൽ 33 റൺസിന് 5 വിക്കറ്റും രണ്ടാമിന്നിങ്സിൽ 45 ന് 5 ഉം വീഴ്ത്തി .രണ്ടാമിന്നിങ്സിൽ എറിഞ്ഞ 36 ഓവറുകളിൽ 21 ഉം മെയ്ഡനുകളായിരുന്നു .
2007 ൽ ICC യുടെ അവാർഡ് പട്ടികയിൽ ഇന്ത്യയുടെ ഒരു പുരുഷ താരവും ഉൾപ്പെടാതിരുന്നപ്പോൾ ആ വർഷത്തെ ICC വുമൻ ക്രിക്കറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഗോസാമി ആയിരുന്നു
2008 ൽ മിതാലി രാജിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഗോസ്വാമി ഏകദിനത്തിൽ 100 വിക്കറ്റ് തികച്ച ലോകത്തെ 4 മത് താരമായി .25 ഏകദിനങ്ങളിൽ രാജ്യത്തെ നയിച്ച ജൂലനെ രാജ്യം 2010 ൽ അർജുന അവാർഡും 2012 ൽ പത്മ ബഹുമതിയും നൽകി ആദരിച്ചു .
10 ടെസ്റ്റിൽ 40 വിക്കറ്റുകളും 182 ഏകദിനത്തിൽ 221 വിക്കറ്റുകളും നേടിയ ജൂലൻ 2017 ൽ കാതറിൻ ഫിറ്റ്സ് പാടിക്കിന്റെ 180 ഏകദിന വിക്കറ്റുകൾ എന്ന ലോക റെക്കോർഡ് തകർത്തു .2018 ൽ ഏകദിന ക്രിക്കറ്റിൽ ആദ്യമായി 200 വിക്കറ്റുകൾ എന്ന ലോക റെക്കോർഡിന് അർഹയായ ജൂലന്റെ പേരിലാണ് ഇന്നും ഏറ്റവുമധികം വിക്കറ്റുകളുടെ ലോക റെക്കോർഡ് .
2017 ലെ ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കാടുക്കാൻ ഏറെക്കാലം രാജ്യത്തിന് വേണ്ടി വിയർപ്പൊഴുക്കിയ ജുലൻ ഗോസ്വാമിയും മിതാലി രാജും ആഗ്രഹിച്ചിരുന്നുവെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലിൽ ഏതാണ്ട് വിജയമുറപ്പിച്ച ശേഷം ഇംഗ്ലണ്ടിനോട് 9 റൺസിന് തോറ്റത് ആ പോരാളികൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റവും വേദനിച്ച നിമിഷങ്ങളായിരുന്നു .
2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റുകൾ തികച്ച ജൂലൻ വിരമിച്ചതിനു ശേഷം ഇന്ത്യൻ ടീമിന്റെ ബൗളിങ് കോച്ച് കുടി ആയിരുന്നു .
വനിതാ ക്രിക്കറ്റ് ഇന്നും അവഗണനയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമതും ക്യാച്ചുകളുടെയും കളിച്ച മത്സരങ്ങളുടേയും എണ്ണത്തിൽ രണ്ടാമതും ആയ എന്നും ചിരിച്ച മുഖവുമായി കാണുന്നത് കൊണ്ട് കൂട്ടുകാർ ” ഗോസ്സി ” എന്ന് വിളിക്കുന്ന ജൂലനെ 2018 ൽ രാജ്യം മറ്റു ബഹുമതികൾക്ക് പുറമെ ഒരു പോസ്റ്റൽ സ്റ്റാംപിലൂടെ ആദരിച്ചതും അവർക്കുള്ള അംഗീകാരം തന്നെയാണ് .വളരെ അപൂർവമായ നേട്ടം ,പ്രത്യേകിച്ച് കായിക മേഖലയിലെ അത്യപൂർവ നേട്ടം .