Cricket Cricket-International Editorial Renji Trophy Top News

യശസ്വി ജൈസ്വാൾ – മുംബൈ നഗരം വാഗ്ദാനം നൽകുന്ന അടുത്ത വിനോദ് കാംബ്ലി

April 30, 2020

author:

യശസ്വി ജൈസ്വാൾ – മുംബൈ നഗരം വാഗ്ദാനം നൽകുന്ന അടുത്ത വിനോദ് കാംബ്ലി

ക്രിക്കറ്റിന്റെ ഇന്റർനാഷണൽ ഗ്ലാമറിന്റെ നിലാവിൽ മുങ്ങി നിവർന്ന വിരാട് കോലിയെയും രോഹിത് ശർമയെയും രവീന്ദ്ര ജഡേജയെയും ഏറ്റവും പുതിയ സെൻസേഷൻ പ്രിഥ്വി ഷായേയും പോലുള്ളവരെ പാടി പുകഴ്ത്തുമ്പോൾ സൗകര്യപൂർവം വിസ്മരിച്ച ചില പേരുകളുണ്ട്, ഇന്ത്യൻ യൂത്ത് ടീമുകൾക്ക് പറയാൻ….. അമോൽ മജുംദാർ മുതൽ കമലേഷ് നാഗർകോട്ടി വരെ ഒരു പാട് പേർ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പ്രതീക്ഷകളിലൂടെ പന്തെറിഞ്ഞ് എവിടെയുമെത്താതെ നിന്നവരാണ്. കുറഞ്ഞ പക്ഷം തീഷ്ണമായ ജീവിതാനുഭവങ്ങളിലെങ്കിലും ഈ ഉത്തർപ്രദേശ്കാരൻ മറ്റാരെക്കാളും കാതങ്ങൾ മുന്നിലാണ്.

യു.പിയിലെ സുറിയാവൻ എന്ന സ്ഥലത്തെ ചെറിയ ഹാർഡ്വെയർ കച്ചവടക്കാരനായ ഭൂപേന്ദ്ര ജൈസ്വാളിന് മകൻ യശസ്വിയുടെ ക്രിക്കറ്റ് പ്രാന്ത് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. തന്റെ ദാരിദ്യം മകനെ എങ്ങുമെത്തിക്കില്ലെന്ന് ബോധ്യമുള്ളതിനാലാവാം അവനെ അദ്ദേഹം മുംബൈയിൽ മുസ്ലിം ക്രിക്കറ്റ് ക്ലബിലെ മാനേജറായ ബന്ധുവിനെ ഏൽപ്പിച്ചത്. തന്റെ ജീവിതം തന്നെ കഷ്ടപ്പാടിലായ അമ്മാവൻ ആ പന്ത്രണ്ട് വയസുകാരനെ പുനരധിവസിപ്പിച്ചത് മുംബെയിലെ ഒരു ഡയറി ഫാമിലായിരുന്നു. ഫാമിലെ സഹവാസികളോട് ഒത്തു പോവാൻ കഴിയാതിരുന്ന അവൻ പoനവും പ്രാക്ടീസും കഴിഞ്ഞ് ഒരു ദിവസം വന്നപ്പോൾ കണ്ടത് സഹമുറിയൻമാർ പുറത്തേക്ക് വലിച്ചെറിഞ്ഞ സ്വന്തം ബാഗേജ് ആയിരുന്നു…. യശസ്വിയുടെ യഥാർത്ഥ ജീവിതം തുടങ്ങുന്നത് അവിടെയാണ്.

പഠനത്തിനിടെ സമയമുണ്ടാക്കി പ്രാക്ടീസ് ചെയ്യും, ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെൻറുകളിൽ പങ്കെടുക്കും, ടെൻറുകളിൽ താമസിക്കും, വൈകീട്ട് റോഡരികിൽ പാനിപുരി വിൽക്കും… തന്റെ സഹപാഠികൾ കടയിൽ വരുമ്പോൾ അവൻ ഒരു പാട് വേദന അനുഭവിച്ചിരിക്കാം….

മൂന്ന് വർഷത്തെ ടെൻറ് വാസത്തിന് വിരാമമായത് പ്രശസ്ത കോച്ച് ജ്വാല സിങ് യശസ്വിയെ കണ്ടതോടെയാണ്. അവന്റെ ജീവിതം മാറി മറിഞ്ഞത് ആ കണ്ടു മുട്ടലായിരുന്നു. പിന്നീട് അവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മുംബൈ സർക്യൂട്ടിൽ “ദ് നെക്സ്റ്റ് ബിഗ് തിങ്” എന്നവൻ വിശേഷിപ്പിക്കപ്പെട്ടു. സെഞ്ചുറികളും വിക്കറ്റുകളും വാരിക്കൂട്ടിയ അവനു വേണ്ടി 18 ആം വയസ്സിൽ 2.40 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് വിലപേശിയത്.

UNDER 19 ലോകകപ്പ് സെമിയിൽ പാകിസ്ഥാനെ തകർത്തത് അവന്റെ ബാറ്റിന്റെ പിൻബലത്തിലാണ്. റിതീന്ദർ സോധിയുടെയും ഉൻമുക്ത് ചന്ദിന്റെയും തരുവർ കോലിയുടെയും കഥകൾ ആവർത്തിക്കാതിരിക്കട്ടെ.. യശസ്വി വരുന്നത് തീഷ്ണമായ ജീവിതാനുഭവങ്ങളിൽ ചവിട്ടിയാണ്. ആ കരിയർ ഒരിക്കലും ഇന്റർനാഷണൽ ലെവലിലെ പൊരി വെയിലിൽ വാടില്ലെന്നുറപ്പാണ്.

Suresh Varieth

Leave a comment