Foot Ball legends Top News

ചെൽസിയുടെ നമ്പർ 25 – ജിയാൻഫ്രാൻകോ സോളാ

April 13, 2020

ചെൽസിയുടെ നമ്പർ 25 – ജിയാൻഫ്രാൻകോ സോളാ

ചില കളിക്കാർ അങ്ങനാണ്, എതിർ ടീമിലെ 11 പേര് ശ്രമിച്ചാലും അവരെ ഗോൾ അടിക്കുന്നതിൽ നിന്ന് തടയാനാവില്ല. മറഡോണ, ജോർജ് ബെസ്റ്റ്, മെസ്സി, റൊണാൾഡീഞ്ഞോ എന്നിവരെ ആ ഗണത്തിൽ പെടുത്താം. ചിലരാകട്ടെ ഇടം കാലെന്നോ വലം കാലെന്നോ വിത്യാസമില്ലാതെ തീപാറുന്ന ഷോട്ടുകൾ ഗോൾ മുഖത്തേക്ക് പായിക്കും. ചിലരുടെ കാലിൽ പന്ത് ബോക്സിനടുത്തു കിട്ടിയാൽ ആരാധകർ ഒരു ഗോൾ ഉറപ്പിക്കും. അസാമാന്യ ഡ്രിബ്ലിങ് പാടവം കൊണ്ട് ചിലപ്പോൾ എതിർ ടീമിന്റെ ആരാധകരെ വരെ മയക്കി കളഞ്ഞേക്കാം. എന്നാൽ മേൽ പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്ള താരങ്ങളെ കണ്ടത്താൻ പാടുപെടും. എങ്കിൽ ചെൽസിക്ക് അങ്ങനെ ഒരു സൂപ്പർ താരമുണ്ടായിരുന്നു. അവരുടെ ആദ്യ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാം – ജിയാൻഫ്രാൻകോ സോളാ.

ഒളിയേന എന്ന ചെറുപട്ടണത്തിലാണ് സോളാ ജനിച്ചത്. കൊറാസി ഒളിയേന എന്ന ഒരു ചെറു ടീമിന്റെ യൂത്ത് അക്കാഡമിയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ കാൽ എടുത്തു വെച്ചു. എന്നാൽ സോളയുടെ കരിയർ മാറുന്നത് 1989 ൽ നാപോളിയിൽ ചേരുന്നതോടെയാണ്. കൂടെ കളിക്കുന്നതാണെങ്കിൽ സാക്ഷാൽ മറഡോണയും. നാപോളിയിലെ പ്രകടനം ദേശീയ ടീമിലേക്കും വഴി വെച്ചു. ഇറ്റലി രണ്ടാം സ്ഥാനത്തായ 1994 ലോക കപ്പിൽ, സോളയും ഉണ്ടായിരുന്നു അസൂറി പടയിൽ. പക്ഷെ ഈ കാലയളവിൽ ഒന്നും തന്നെയും ലോക ശ്രദ്ധ നേടാൻ അദ്ദേഹത്തിന് ആയില്ല.

സോളയുടെ കരിയർ മാറുന്നത് 1996 നവംബറിൽ ചെൽസിയിൽ എത്തുന്നതോടെ ആണ്. റൂഡ് ഗില്ലിറ്റ് കൊണ്ടുവന്ന ഒട്ടനവധി കളിക്കാരിൽ ഒരാളായിരുന്നു സോളാ. ആദ്യ സീസണിൽ തന്നെ തന്റെ ഡ്രിബ്ലിങ് സ്കിൽ കൊണ്ട് സോളാ ചെൽസി താര നിരയിലെ ഒരു സ്ഥിരം സാന്നിധ്യമായി മാറി. 1997 ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ നാല് കളിക്കാരെ ഒറ്റക്ക് വെട്ടിച്ചു അദ്ദേഹം നേടിയ ഗോൾ അലക്സ് ഫെർഗുസണിന്റെ വരെ കണ്ണ് തള്ളിച്ചു. അതെ സീസണിൽ ഫ്.എ.കപ്പ് സെമി ഫൈനലിൽ ലിവര്പൂളിനെതിരെ പ്രകടിപ്പിച്ച ബാക്ക് ഹീൽ ഗോൾ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളുകളി ഒന്നായി കണക്കാക്കപ്പെടുന്നു. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ആ കളിയിൽ നാല് തിരിച്ചടിച്ചു ചെൽസി വിജയിച്ചതും ചരിത്രം. സോളയുടെ നേത്രത്വത്തിൽ ചെൽസി ആ വര്ഷം ഫ്.എ.കപ്പും ഉയർത്തി. 1997 ലെ മികച്ച താരമായും സോളാ തിരഞ്ഞെടുക്കപ്പെട്ടു. ഒരു മുഴുവൻ സീസൺ കളിക്കാതെ ഏറ്റവും മികച്ച കളിക്കാരൻ എന്ന പട്ടം നേടിയ പ്രീമിയർ ലീഗിലെ ഏക പ്രതിഭയാണ് സോളാ.

1999 ൽ സോളയുടെ തോളിൽ ചാരി ചെൽസി ആദ്യമായി ചാമ്പ്യൻസ് ലീഗിലും പ്രവേശിച്ചു. അന്ന് ക്വാർട്ടർ ഫൈനലിൽ അദ്ദേഹം ഫ്രീ കിക്കിലൂടെ ബാഴ്സക്ക് എതിരായി നേടിയ ഗോൾ ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു.

എന്നാൽ 1999 മുതൽ സോളക്ക് ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞു വന്നു. ഗുല്ലിറ്റ് മാറി ജിയാൻലൂക്ക വിയലി മാനേജർ ആയി വന്നതോടെ ആയിരുന്നു അത്. പുതിയ മാനേജരുടെ റൊട്ടേഷൻ പോളിസി താരത്തിന്റെ അവസരങ്ങൾ കുറച്ചു. എന്നാൽ സോളയുടെ കരുത്തിൽ ചെൽസി ആ സീസണിൽ വീണ്ടും ഫ്.എ.കപ്പ് വിജയികൾ ആയിമാറി. ഹെസ്സെൽ ബ്ലാങ്ക്, ഗുഡ്‌ജോൺസൺ എന്നിവരുടെ വരവ് താരത്തിന് വീണ്ടും അവസരങ്ങൾ കുറച്ചു.

2000 -01 സീസണിൽ ക്ലോഡിയോ റണേരി മാനേജർ ആയി വന്നതും താരത്തിന്റെ അവസരങ്ങൾ കുറച്ചു. റൺേരിക്ക് യുവ താരങ്ങളോടായിരുന്നു കൂടുതൽ പ്രിയം. ഹെസ്സെൽ ബ്ലാങ്ക്, ഗുഡ്‌ജോൺസൺ എന്നിവരുടെ വരവ് താരം കൂടുതലും ബെഞ്ചിൽ ഇരിക്കാൻ കാരണമായി. എന്നിട്ടും തന്റെ അവസാന സീസൺ ആയ 2002 -03 അവിസ്മരണീയമാക്കാൻ സോളക്ക് സാധിച്ചു. മിഡ്‌ഫീൽഡിൽ ലാമ്പാഡിന്റെ വരവ് സോളക്ക് അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചു. 16 ഗോളുകൾ ആണ് സോളാ ആ സീസണിൽ നേടിയത്.

ചെൽസിക്കായി 312 മത്സരങ്ങൾ കളിച്ച സോളാ 80 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു. ജോർജ് ബെസ്റ്റ് കഴിഞ്ഞാൽ പ്രീമിയർ ലീഗ് കണ്ട ‘കളിക്കളത്തിലെ കലാകാരൻ’എന്നാണ് സൺ ന്യൂസ്‌പേപ്പർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 2005 ൽ ചെൽസിയുടെ എക്കാലത്തെയും മികച്ച കളിക്കാരനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചെൽസി ഒരു യൂറോപ്യൻ ശക്തിയായി വന്നതിന്റെ പിന്നിൽ ഒരുപാട് പേരുടെ വിയര്പ്പുണ്ട്. എന്നാൽ ആ ഉയർത്തെഴുന്നേല്പിന്റെ പ്രതീകം സോളാ ആയിരുന്നു. ദ്രോഗ്ബക്കും, ലംപാടിനും, മക്കലീലിക്കും വഴി തെളിച്ചവൻ, ചെൽസിയുടെ ആദ്യ സൂപ്പർ സ്റ്റാർ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സോളാ ഉപയോഗിച്ച നമ്പർ 25, ചെൽസി പിന്നീട് മറ്റൊരു കളിക്കാരനും കൊടുത്തിട്ടുമില്ല.

 

Leave a comment