90 കളിൽ ഇന്ത്യയെ ഏറ്റവും വേദനിപ്പിച്ച ഒരു ഇന്നിംഗ്സ് !!
1997 ഒക്ടോബർ 2
ഗദ്ദാഫി സ്റ്റേഡിയം ,ലാഹോർ
സച്ചിൻ ടെണ്ടുൽക്കറുടെ അരങ്ങേറ്റം കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികൾ കൊണ്ട് ചാർത്തപ്പെട്ട 1989 ലെ പാക് പര്യടനത്തിനു ശേഷം നീണ്ട 8 വർഷത്തിന് ശേഷമാണ് 1997 ൽ ഒരു ഇന്ത്യൻ ടീം പാക് പര്യടനം നടത്തിയത് .3 മത്സരങ്ങളുടെ ഏകദിന പരമ്പര അതു കൊണ്ട് തന്നെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി .ഒരു ക്രിക്കറ്റ് മത്സരം എന്നതിലുപരി എന്നത്തെയും പോലെ യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു ആ ദിവസങ്ങളും .ഹൈദരാബാദിൽ നടന്ന ആദ്യമാച്ചിൽ ആതിഥേയർ നിഷ്പ്രയാസം ജയിച്ചു കയറിയപ്പോൾ ,കറാച്ചിയിൽ നടന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ജയിച്ചു കയറിയതോടെ പരമ്പര 1-1ലെത്തി .അതോടെ 3 വിജയികളെ നിർണയിക്കുന്ന 3 മം മാച്ച് ആവേശക്കൊടുമുടിയിലെത്തി .എല്ലാ കണ്ണുകളും ആ ഗാന്ധി ജയന്തി ദിനത്തിൽ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു .
ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡ് ചെയ്യാനിറങ്ങി .ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ മുഴുവനും .എന്നാൽ നായകന്റെ അമിതഭാരം അലട്ടിയ സച്ചിൻ 11 പന്ത് മാത്രം നേരിട്ട് അക്വിബ് ജാവേദിന് കീഴടങ്ങുമ്പോൾ 7 റൺ മാത്രമായിരുന്നു നേടിയത് .കഴിഞ്ഞ മാച്ചിൽ 89 റൺസുമായി ഫോമിലുണ്ടായിരുന്ന ഗാംഗുലിയുടെ തുടക്കം ഗംഭീരമായെങ്കിലും 26 റൺസുമായി സഖ്ലൈനു മുന്നിൽ തല താഴ്ത്തി .റോബിൻ സിംഗ് (17) ,കാംബ്ലി (6), അസ്ഹറുദ്ദീൻ (6) എന്നിവരെ അസ്ഹർ മഹമൂദ് പുറത്താക്കിയതോടെ ഇന്ത്യ 77 ന് 4 എന്ന ദയനീയ സ്ഥിതിയിലെത്തി .വിക്കറ്റ് കീപ്പർ സാബാ കരീമിനെയും വാലറ്റക്കാരൻ രാജേഷ് ചൗഹാനെയും കൂട്ടു പിടിച്ച് 76 റൺസെടുത്ത സ്ഥിരം രക്ഷകൻ അജയ് ജഡേജ രക്ഷാപ്രവർത്തനം നടത്തി ഇന്ത്യയെ 216 ലെത്തിച്ചു.
മറുപടിയിൽ ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കിയതിന്റെ ആവേശം ഓപ്പണർ ഷാഹിദ് അഫ്രിഡിയുടെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു .ഇന്ത്യൻ ബൗളർമാരെ അഫ്രിഡി സ്ഥിരം ശൈലിയിൽ തലങ്ങും വിലങ്ങും പ്രഹരിക്കാൻ തുടങ്ങി .
എന്നാൽ തികച്ചും അപ്രതീക്ഷിതമായി മറുവശത്ത് നിന്ന ,തന്റെ പ്രത്യേക ബാറ്റിങ് സ്റ്റാൻസ് കാരണം ‘Axe Man ” എന്നറിയപ്പെട്ട ഇജാസ് അഹമ്മദ് ,അഫ്രിഡിക്ക് ഒട്ടും പിറകിലല്ലെന്ന് തെളിയിക്കുന്ന തരത്തിൽ തന്റെ മഴു വീശിയെറിഞ്ഞതോടെ ഇന്ത്യൻ ബൗളർമാർ പേടിച്ചരണ്ട് ഓടിയൊളിക്കുന്ന കാഴ്ചയാണ് കണ്ടത് .പാതി മലയാളി എബി കുരുവിളയെയും ദേബാശിഷ് മൊഹന്തിയെയും നിലം തൊടാതെ വേലിക്കെട്ടിലേക്ക് തുടർച്ചയായി പായിച്ച ഇരുവരും പടുകൂറ്റൻ സിക്സറുകളും പായിച്ചതോടെ സ്കോർ 5.3 ഓവറിൽ 50 ഉം 8 ഓവറിൽ 80 ലുമെത്തി . പേസർമാരെ തുണക്കാത്ത പിച്ചിലേക്ക് നായകൻ സച്ചിൻ നാട്ടുകാരനായ സ്പിന്നർ നീലേഷ് കുൽക്കർണിയെ ഇറക്കി.ഉടൻ ഫലവും കിട്ടി .23 പന്തിൽ 5 ഫോറും 3 സിക്സറുകളും പറത്തിയ അഫ്രിഡി ഉയർത്തിയടിച്ച പന്ത് സച്ചിൻ ഓടിയെടുത്ത തകർപ്പൻ ക്യാച്ചിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് .ഇന്ത്യ മത്സരത്തിൽ ആശ്വസിച്ച ഒരേ ഒരു നിമിഷം .എന്നാൽ വിക്കറ്റ് വീണത് തെല്ലും ബാധിക്കാതെ ഇജാസ് കത്തിക്കയറാൻ തുടങ്ങി .
കുൽക്കർണി – ചൗഹാൻ സ്പിൻ ദ്വയത്തെ നെറ്റ്സ് ബൗളർമാരെ പോലെ നോക്കിക്കണ്ട് തുടരെ സിക്സറുകൾക്ക് ശിക്ഷിച്ചതോടെ ഇന്ത്യൻ കാണികൾ നിരാശയോടെ തല കുനിക്കാൻ തുടങ്ങി. 20 ഓവറിൽ സ്കോർ 140 കടന്നു . .5 മം ബൗളറായി എത്തിയ ഗംഗുലിയെ 94 ൽ നിൽക്കെ സ്ട്രെയ്റ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സർ പായിച്ച് ഇജാസ് സെഞ്ചുറി പൂർത്തീകരിക്കുമ്പോൾ നേരിട്ടത് വെറും 68 പന്തുകൾ മാത്രമായിരുന്നു .ഇജാസിന്റെ വെടിക്കെട്ട് ഇന്നിങ്സിൽ 7 ഫോറുകളും 6 സിക്സറുകളുമാണുണ്ടായിരുന്നു .പാക് സ്കോർ ആ സമയത്ത് 22 ഓവറിൽ 175 ആയിരുന്നു .
24 മത്തെ ഓവറിൽ ആദ്യമായി പന്തെറിഞ്ഞ റോബിൻ സിംഗിന്റെ ഫുൾ ടോസ് പന്ത് സ്ക്വയർ ലെഗിലൂടെ പറത്തിയ ഇജാസ് റോബിന്റെ അടുത്ത ഓവറിൽ ഫോറിനും സിക്സറിനും പറത്തി രൗദ്രഭാവം പൂണ്ടു. ഒടുവിൽ തന്റെ 3 മത് ഓവറുമായി എത്തിയ ഗാംഗുലിയുടെ രണ്ടാം പന്ത് ലോംഗ് ഓണിലൂടെ സിക്സർ പറത്തി വിജയം അനായാസമാക്കിയപ്പോൾ ഇജാസിന്റെ ഇന്നിങ്സിലെ 9 മത് സിക്സർ ആയിരുന്നു .വെറും 26.2 ഓവറിൽ 219 റൺസുമായി പാക് ബാറ്റിങ് നിര ഇന്ത്യൻ ബൗളിങ് നിരയെ പരിഹസിച്ചപ്പോൾ ഇജാസ് വെറും 84 പന്തിൽ നേടിയത് പുറത്താകാതെ 139 .പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ഇന്ത്യൻ നായകൻ സച്ചിൻ താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായാണ് ആ പ്രകടനത്തെ വിശേഷിപ്പിച്ചത് .
പാകിസ്ഥാന് വേണ്ടി 1987 ,92 ,96 ,99 വർഷങ്ങളിലായി 4 ലോകകപ്പുകൾ കളിച്ച
ഇജാസ് അഹമ്മദ് 60 ടെസ്റ്റുകളിലും 250 ഏകദിനങ്ങളിലും പാഡണിഞ്ഞ് ആകെ 22 ഇന്റർനാഷണൽ സെഞ്ചുറികൾ നേടിയിട്ടുണ്ട് .നേടിയ 12 ടെസ്റ്റ് സെഞ്ചുറികളിൽ 6 ഉം പ്രബലരായ ആസ്ട്രേലിയക്കെതിരെയായിരുന്നു എന്ന സവിശേഷത കൂടിയുണ്ട് മുൻ പാക് നായകൻ സലിം മാലിക്കിന്റെ അളിയന് .
ഇന്ത്യൻ യുവത്വങ്ങൾ ഏറ്റവുമധികം വേദനിച്ച ,മറക്കാനാഗ്രഹിക്കുന്ന 90 കളിലെ മത്സരമേതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് 136 പന്തുകൾ ശേഷിക്കെ പാകിസ്ഥാൻ നേടിയ ആ 9 വിക്കറ്റ് ജയം .അഭിമാന പോരാട്ടത്തിൽ ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം സംഭവിച്ചപ്പോൾ ഇജാസ് മറ്റൊരു മിയാൻദാദിനെ അനുസ്മരിപ്പിച്ചു .
Dhanesh Damodaran