ലോക കപ്പിൽ സെഞ്ചുറി നേടിയ ഇന്ത്യയുടെ ആദ്യ ഇടങ്കയ്യൻ
ലോകത്തിൽ ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റ് താരം ആരെന്നു ചോദിച്ചാൽ അതിനൊരു ഉത്തരം മാത്രമേ ലഭിക്കു .”VK ” എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന വിരാട് കോലി .തന്റെ പരിമിതമായ വിഭവങ്ങളെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം പാകപ്പെടുത്തിയെടുത്ത് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന താരം .കോലി ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ തന്നെ ആരാധകർ VK ,VK എന്ന് അലറി വിളിക്കുന്നു .
വർഷങ്ങൾക്കു മുൻപ് ഇതു പോലെ മറ്റൊരു VK ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലുണ്ടായിരുന്നു .വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ ആരാധകർ നെഞ്ചിലേറ്റിയ താരം .എന്നാൽ രൂപത്തിലും ,ബാറ്റിങ് ശൈലിയും യാതൊരു സാമ്യവുമില്ലാത്ത ഇവരിൽ ഒരാൾ വലങ്കയ്യനാണെങ്കിൽ മറ്റേ ആൾ ഇടങ്കയ്യനായിരുന്നു .ഒരാൾ തന്റെ പ്രതിഭ ഊതിക്കാച്ചിയെടുത്തപ്പോൾ വിനോദ് ഗണപത് കാംബ്ലി ജന്മനാ ഉണ്ടായിരുന്ന ഒന്നാന്തരം പ്രതിഭ തന്റെ കൊള്ളരുതായ്മകൾ കൊണ്ട് ചരിത്രത്തിൽ മുടിയൻമാരായ പുത്രൻമാരുടെ ലിസ്റ്റിലെത്തി .
ഒരു കാലത്ത് സാക്ഷാൽ സച്ചിനെ പോലും തന്റെ നിഴലിലാക്കിയ കാലമുണ്ടായിരുന്നു കാംബ്ലിക്ക് .തുടർച്ചയായ 2 ടെസ്റ്റ് ഇരട്ട സെഞ്ചുറികളുമായി നിറഞ്ഞാടിയപ്പോൾ ലോകം പുതിയ ഒരു പ്രതിഭാസമായി അയാളെ കണ്ടു .എന്നാൽ 1996 ലോകകപ്പിലെ ദുരന്തം നിറഞ്ഞ സെമി ഫൈനലിൽ ഒടുവിൽ ഇന്ത്യക്കാരുടെ മുഴുവൻ കണ്ണീരിന്റെയും പ്രതീകമായി കാംബ്ലി മടങ്ങിയത് ഗ്രൗണ്ടിൽ നിന്നു മാത്രമായിരുന്നില്ല .ഏതാണ്ട് തന്റെ കരിയറിൽ നിന്നു തന്നെയായിരുന്നു ആ മടക്കയാത്രയുടെ തുടക്കം .
1996 ലോകകപ്പിലെ അതേ ടൂർണമെൻറിലെ നിർണായക മത്സരത്തിൽ കാംബ്ളി നേടിയ ഒരു സെഞ്ചുറി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല .
1996 മാർച്ച് 6 ന് തങ്ങളുടെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാൻപൂർ ഗ്രീൻ പാർക്കിൽ സിംബാബ് വെയെ നേരിട്ടു .അസ്ഹറിന്റെ സംഘത്തിന്ന് കെനിയക്കും വിൻഡീസിനുമെതിരെയായ ജയവും ആസ്ട്രേലിയയോടും ലങ്കയോടുമുള്ള തോൽവികളുമായിരുന്നു അക്കൗണ്ടിൽ .ആ മാച്ചിൽ തോറ്റാൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനിൽ പോയി ആ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമായ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കേണ്ട അവസ്ഥയിലായിരുന്നു .
ടോസ് നേടിയ സിംബാബ് വെ നായകൻ ആൻഡി ഫ്ളവർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു .ടൂർണമെന്റിൽ അപാര ഫോമിലുള്ള സച്ചിനെ തടുക്കുക എന്നതായിരുന്നു അവരുടെ ആദ്യ കടമ്പ .അവർ അതിൽ വിജയിക്കുകയും ചെയ്തു .ആ മത്സരത്തിൽ 10 ഓവറിൽ 3 മെയ്ഡൻ അടക്കം 29 റൺ മാത്രം വഴങ്ങിയ ഹീത്ത് സ്ട്രീക്ക് സച്ചിനെ 2 റൺസെടുത്ത് നിൽക്കുമ്പോൾ ക്ളീൻ ബൗൾ ചെയ്ത് ആ മത്സരത്തിലെ പ്രീമിയർ വിക്കറ്റ് നേടിയപ്പോൾ ഇന്ത്യൻ സ്കോർ കാർഡിൽ വെറും 5 റൺസ് മാത്രമായിരുന്നു .18 പന്തിൽ 2 റൺസെടുത്ത മഞ്ജരേക്കറും 10 പന്തിൽ 2 റൺസെടുത്ത അസ്ഹറും ഡ്രസിംഗ് റൂമിലെത്തുമ്പോൾ സ്കോർ 32 /3 .1983 ലെ ഇരുവരും തമ്മിലെ മത്സരം പലരുടെയും മനസിലെത്തി .
ഓപ്പണർ നവജ്യോത് സിദ്ദുവിനൊപ്പം ഇടങ്കയ്യൻ കാംബ്ലി വന്നതോടെ രക്ഷാപ്രവർത്തനം തുടങ്ങി .ഇരുവരും 4 മം വിക്കറ്റിൽ 142 റൺ കൂട്ടിച്ചേർത്തു .ഗ്രൗണ്ടിന് 4 ഭാഗത്തും സ്ട്രോക്കുകൾ പായിച്ച കാംബ്ലി വളരെ ആധികാരികമായാണ് കളിച്ചത് .സിദ്ദു 80 റൺസെടുത്ത് പുറത്തായെങ്കിലും കാംബ്ലിയുടെ പോരാട്ടം നിലച്ചില്ല . 110 പന്തിൽ 11 ഫോറുകൾ അടക്കം 106 റൺസെടുത്ത് കാംബ്ലി അഞ്ചാമനായി പുറത്താകുമ്പോൾ സ്കോർ 219 ലെത്തിയിരുന്നു .വെറും 27 പന്തിൽ 3 ഫോറുകളും 2 സിക്സറുകളും അടക്കം 44 റൺസടിച്ച അജയ് ജഡേജയുടെ തീപ്പൊരി വെടിക്കെട്ട് സ്കോർ കുത്തനെ ഉയർത്തി .ഇന്ത്യ 50 ഓവറിൽ 247 റൺസെടുത്തു .40 റൺസിന് കളി ജയിച്ച ഇന്ത്യ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ ക്വാർട്ടർ ഫൈനൽ കളിക്കാൻ അർഹരുമായി .ഇന്ത്യയെ താങ്ങി നിർത്തിയത് കാംബ്ലി ആയിരുെന്നങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിന് പുറമെ 7 ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റും എടുത്ത ജഡേജയായിരുന്നു കളിയിലെ കേമൻ .
എന്നാൽ ടൂർണമെന്റിലെ സെഞ്ചുറി പ്രകടനത്തേക്കാൾ കംബ്ലിയെ ക്രിക്കറ്റ് പ്രേമികൾ ഓർത്തത് സെമിയിലെ കണ്ണുനീരിന്റെ പേരിലായിരുന്നു .24 മം വയസിൽ തന്റെ അവസാന സെഞ്ചുറി ലോകകപ്പിൽ കുറിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒരു പാട് പ്രകടനങ്ങൾ കാംബ്ലിയിൽ നിന്നും പ്രതീക്ഷിച്ചെങ്കിലും ഒരു ദുരന്തകഥ പോലെ ആ കരിയർ അവസാനിച്ചു .കാംബ്ലി ആ സെഞ്ചുറി നേടുമ്പോൾ സച്ചിന് 6 സെഞ്ചുറികൾ മാത്രമാണ് ഉണ്ടായിരുന്നത് .പിന്നീടും 17 വർഷം കളിച്ച് കരിയിൽ സച്ചിൻ നേടിയത് ആകെ 49 ഏകദിനസെഞ്ചുറികൾ എന്ന് ചിന്തിക്കുമ്പോൾ മനസ്സിലാകും കാംബ്ലിയുടെ നഷ്ടങ്ങൾ .
അസാമാന്യമായ സ്വന്തം പ്രതിഭയോട് കാംബ്ലി പൂർണമായും നീതി പുലർത്തിയിരുന്നെങ്കിൽ വിരാട് കോലി എന്ന ഇതിഹാസം ” VK 2 ” എന്ന പേരിൽ മാത്രം അറിയപ്പെടാനായിരുന്നു സാധ്യത കൂടുതൽ
✒✒✒✒
ധനേഷ് ദാമോധരൻ