ഓട്ടത്തിൽ ബോൾട്ടിനെ മറികടന്ന ശ്രീനിവാസ ഗൗഡ ഇനി രാജ്യത്തിനായി ഓടും
ലോകത്തിലെത്തന്നെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ശ്രീനിവാസ ഗൗഡ. കഴിഞ്ഞ ദിവസം മാംഗ്ലൂരിൽ നടന്ന കാളയോട്ടത്തിലായിരുന്നു ശ്രീനിവാസ ബോൾട്ടിന്റെ ലോകറെക്കോർഡ് മറികടന്നത്. ഗൗഡ 100 മീറ്റർ ഓടാനെടുത്തത് വെറും 9.55 സെക്കൻഡുകൾ മാത്രമാണ്. 9.58 സെക്കൻഡാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ്.
കർണാടകയിലെ മഡ്ബിദ്രി ഗ്രാമത്തിലെ ശ്രീനിവാസ ചളി നിറഞ്ഞ പാടത്തു കൂടിയാണ് ഇത്ര വേഗത്തിൽ ഓടിയത്. കാളക്കൊപ്പം 142.5 മീറ്റർ ഓടാൻ ശ്രീനിവാസ എടുത്തത് 13.62 സെക്കൻഡുകൾ മാത്രമായിരുന്നു. എന്തായാലും ലോക ശ്രദ്ധ നേടിയ ശ്രീനിവാസയെ ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുക്കുകയാണ്. കായിക മന്ത്രിയായ കിറൻ റിജിജു ശ്രീനിവസയെ ബന്ധപ്പെടുകയും അദ്ദേഹത്തെ സായി കേന്ദ്രത്തിൽ എത്തിച്ച് ട്രയൽസ് നടത്താൻ തീരുമാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കൂടുതൽ പ്രൊഫഷണൽ ട്രെയിനിങുകളും ശ്രീനിവാസയ്ക്ക് നൽകും. ഇന്ത്യക്കായി ശ്രീനിവാസ ട്രാക്കിലിറങ്ങുന്നതിനായി രാജ്യം കാത്തിരിക്കുകയാണ്.