ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ ജയത്തിലേക്ക്
ബംഗ്ലാദേശ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ജയത്തിലേക്ക്. പാകിസ്ഥാൻ നേടിയ ഒന്നാം ഇന്നിങ്ങ്സ് ലീഡിന് ശേഷം രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസമായ ഇന്ന് കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 126-6 എന്ന നിലയിലാണ്. ഇന്നിങ്ങ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് ഇനി 86 റൺസ് കൂടി വേണം. റെക്കോര്‍ഡ് നേട്ടത്തോടെ ഹാട്രിക് നേടിയ നസീം ഷായാണ് രണ്ടാം ഇന്നിങ്ങ്സിൽ ബംഗ്ലാദേശിനെ തകർത്തത്. 37 റണ്‍സ് എടുത്ത് ക്യാപ്റ്റന്‍ മോമിനുള്‍ ഹഖും റണ്‍സ് ഒന്നും എടുക്കാതെ ലിറ്റന്‍ ദാസുമാണ് ക്രീസില്‍ ഉള്ളത്.
ഒന്നാം ഇന്നിങ്ങ്സിൽ പാകിസ്ഥാൻ 445 റൺസ് ആണ് നേടിയത്.ഇതോടെ 212 റൺസ് ആണ് പാകിസ്ഥാൻ ലീഡ് ആയി നേടിയത്. രണ്ടാം ഇന്നിങ്ങ്സ് തുടക്കത്തിൽ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് നടത്തിയത്. 124/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നസീം ഷായുടെ ഹാട്രിക്കോടെ 126-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാന് വേണ്ടി നസീം ഷാ 4 വിക്കറ്റും യാസിര്‍ ഷാ 2 വിക്കറ്റും നേടി. നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ പാകിസ്ഥാന് ഇന്നിങ്ങ്സ് ജയം സ്വന്തമാക്കാം.






































