ബാഴ്സലോണയിൽ പാളയത്തിൽ പട
ഏര്‍ണസ്റ്റോ വാല്‍വെര്‍ഡയെ പരിശീലക സ്ഥാനത്തു നിന്നും നിക്കം ചെയ്തതോടെ ആരംഭിച്ച പ്രശ്‌നങ്ങള്‍ക്ക് ബാഴ്‌സയില്‍ പരിഹരിക്കപ്പെടാതെ തുടരുന്നു. ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിനെതിരെ സൂപ്പര്‍ താരം ലെയണല്‍ മെസ്സി തന്നെ രംഗത്തു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബോര്‍ഡംഗം എറിക് അബിദാലിനെതിരെ മെസ്സി ശക്തമായ പ്രതികരണം നടത്തിയത്.
വാല്‍വെര്‍ദേയുടെ കീഴില്‍ ചില കളിക്കാര്‍ വേണ്ടത്ര പരിശ്രമിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അബിദാലിന്റ പ്രസ്താവന. ഇതാണ് വാല്‍വെര്‍ദേയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന മെസ്സിയെ പ്രകോപിപ്പിച്ചത്. അബിദാലിന്റെ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ ചെയ്തായിരുന്നു മെസ്സിയുടെ മറുപടി.
“സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ല. സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം. കളിക്കളത്തില്‍ നടക്കുന്ന എല്ലാത്തിനും കളിക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. കളി മികച്ചതല്ലെങ്കില്‍ ആദ്യം തിരിച്ചറിയുന്നത് കളിക്കാര്‍ക്ക് തന്നെയാണ്. സ്‌പോര്‍ട്സ് വകുപ്പ് തലവന്‍ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.
കളിക്കാരെക്കുറിച്ച് പറയുമ്പോള്‍ പേരെടുത്ത് പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് എല്ലാവരേയും ബാധിക്കും. തെറ്റായ പല പ്രചരണങ്ങള്‍ക്കും അതിടയാക്കും’ എന്നും മെസി വ്യക്തമാക്കി.






































