Foot Ball Top News

EPL :ലണ്ടൻ ഡെർബി ആവേശകരമായ സമനിലയിൽ

January 22, 2020

author:

EPL :ലണ്ടൻ ഡെർബി ആവേശകരമായ സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ വൈരികളായ ആര്സെനാലും ചെൽസിയും നടന്ന മത്സരം അത്യന്തം ആവേശകരമായ സമനിലയിൽ അവസാനിച്ചു.  ആദ്യപകുതിയിൽ ഡേവിഡ് ലൂയിസ്‌ ചുവപ്പ് കാർഡ് കണ്ടതോടെ ഏറിയ സമയവും 10പേരായി ചുരുങ്ങിയ ആർസെനൽ ചെൽസിക്കെതിരെ രണ്ടു വട്ടം പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു സമനില നേടുകയായിരുന്നു. സ്‌കോർ  2-2. ചെൽസിയുടെ ഗോളുകൾ ജോർഗിനോ, അസ്പലിക്ക്വെറ്റ എന്നിവർ നേടിയപ്പോൾ, മാർട്ടിനെല്ലി, ബെല്ലറിൻ എന്നിവർ ആര്സെനലിന്റെ ഗോളുകൾ നേടി.

ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്‌ജിൽ സ്റ്റാർ സ്ട്രൈക്കെർ അബാമേയാങ്ങിന്റെ അഭാവത്തിൽ ഇറങ്ങിയ ഗണ്ണേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 27ആം മിനുട്ടിൽ മുസ്താഫിയുടെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്തു ആർസെനാൽ ഗോളി ലെനോയെയും കീഴ്പെടുത്തി ഗോളിലേക്ക് കുതിച്ച ടാമി എബ്രഹാമിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയും, ഡേവിഡ് ലൂയിസിനു ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തതോടെ ആർസെനാൽ 10പേരായി ചുരുങ്ങി. സ്പോട് കിക്ക് വലയിലാക്കി ജോർഗിനോ ചെൽസിയെ മുന്നിലെത്തിച്ചു. ചെൽസി ആധിപത്യം തുടർന്നതോടെ ഇതോടെ മത്സരം ഏകപക്ഷീയമായി മാറുമോ എന്ന പ്രതീതി ഉയർന്നു. എന്നാൽ ആർസെനൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ടാമതൊരു ഗോൾ വഴങ്ങാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ ആർസെനാൽ മത്സരത്തിലേക്ക് ശക്‌തമായി തിരിച്ചുവന്നു. 64ആം മിനുട്ടിൽ ആർസെനാൽ ബോക്സിൽ നിന്നും ലഭിച്ച ബോളുമായി മുന്നോട്ട് കുതിച്ച മാർട്ടിനെല്ലി മികച്ചൊരു സോളോ ഗോളിലൂടെ ആർസെനലിനെ ഒപ്പമെത്തിച്ചു. ഇരു ടീമുകളും അതിനു ശേഷം വിജയത്തിനായി ആഞ്ഞു ശ്രമിച്ചു. 84ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നും ഗോൾ നേടി അസ്പലിക്ക്വേറ്റ ചെൽസിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 3മിനുട്ടിനുള്ളിൽ ബെല്ലെറിനിലൂടെ തിരിച്ചടിച്ച ഗണ്ണേഴ്‌സ്‌ ലണ്ടൻ ഡെർബി തുല്യതയിലെത്തിച്ചു.

Leave a comment